സമാധാനത്തിന്റെ ചരിത്രം രചിച്ച് കൊറിയന്‍ ഹസ്തദാനം

Saturday 28 April 2018 3:05 am IST

സോള്‍: ചരിത്രമെഴുതിയ ഹസ്തദാനത്തോടെ ദശകങ്ങള്‍ നീണ്ടുനിന്ന വൈരത്തിന്റെ കനലുകള്‍ക്ക് മേല്‍ സൗഹൃദത്തിന്റെ പുതുവസന്തം. ലോകത്തെ ആശങ്കയിലാക്കിയ വെല്ലുവിളികള്‍ക്കുശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം  ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള  കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ ആണവ നിരായുധീകരണത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും യുദ്ധം ഒഴിവാക്കാനായി സമാധാനകരാറില്‍ ഒപ്പിടുമെന്ന ചരിത്രപ്രഖ്യാപനത്തിനും വഴിതെളിച്ചു. 1953ലെ യുദ്ധത്തിനുശേഷം ദക്ഷിണകൊറിയയില്‍ കാലുകുത്തിയ ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന് ഹാര്‍ദ്ദവമായ സ്വീകരണമാണ് നല്‍കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ഭാഗ്യകരമായ ചരിത്രം ഇനി ആവര്‍ത്തിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം  ജോങ് ഉന്‍ പറഞ്ഞു. സമാധാനത്തിനായി ഇരുരാജ്യങ്ങളും ഉടമ്പടി ഒപ്പിടും. ഇരുരാജ്യങ്ങളും തമ്മില്‍ റെയില്‍, റോഡ് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും അതിര്‍ത്തിയിലെ ആയുധ, സേനാ വിന്യാസങ്ങള്‍ കുറയ്ക്കാനും ധാരണയായി. ഏഷ്യന്‍ ഗെയിംസിലടക്കം കായികമേഖലകളില്‍ സംയുക്തപങ്കാളിത്തം ഉറപ്പാക്കും. യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്യപ്പെട്ട കുടുംബങ്ങളുടെ സംഗമം നടത്തും. ചൈന, അമേരിക്ക എന്നീ മൂന്നാംകക്ഷികളെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തും തുടങ്ങിയ സുപ്രധാരണ ധാരണകള്‍ കൂടിക്കാഴ്ചയിലുണ്ടായി.

 രാവിലെ കൊറിയന്‍ പ്രാദേശിക സമയമായ 9.30 നാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍  അതിര്‍ത്തി പങ്കിടുന്ന അതീവസുരക്ഷാമേഖലയായ പാന്‍മുന്‍ജോങിലെത്തിയത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്നും കാറിലാണ് കിം ജോങ് ഉന്‍ എത്തിയത്. കിം ജോങിനെ സ്വീകരിക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ കാത്തുനിന്നിരുന്നു. ഇരുരാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉത്തരകൊറിയന്‍ ഭാഗത്തുനിന്നും നടന്നെത്തിയ കിമ്മിനെ മൂണ്‍ ഹസ്തദാനം നല്‍കി വരവേറ്റു. ഫോട്ടോക്ക് നിന്നശേഷം മൂണിനെ കൈപിടിച്ച് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് കിം കൊണ്ടുപോയ ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്.

പാരമ്പര്യവേഷവിധാനത്തില്‍ പരാമ്പരാഗത സംഗീതത്തിന്റെ അകമ്പടിയോടെയാണ് ദക്ഷിണകൊറിയ കിമ്മിനെ കൂടിക്കാഴ്ച നടന്ന പീസ് ഹൗസിലേക്ക് ആനയിച്ചത്. പീസ് ഹൗസിലെ സന്ദര്‍ശനപുസ്തകത്തില്‍ കിം ഇങ്ങനെ രേഖപ്പെടുത്തി. 'പുതിയ ചരിത്രം തുടങ്ങുന്നു, സമാധാനത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നു.' തുടര്‍ന്ന് രണ്ടു മണിക്കൂര്‍ ചര്‍ച്ച. ഇതിനുശേഷം ഉച്ച ഭക്ഷണത്തിനായി കിം ഉത്തരകൊറിയയിലേക്ക് പോയി. മടങ്ങി വന്നശേഷം ഇരുനേതാക്കളും ചേര്‍ന്ന് ഇരുരാജ്യങ്ങളില്‍നിന്നും ശേഖരിച്ച മണ്ണും ജലവുമുപയോഗിച്ച് പൈന്‍ മരം നട്ടു. രാത്രി കിം ജോങ് ഉന്നിനായി ദക്ഷിണകൊറിയ അത്താഴവിരുന്നുമൊരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.