കേസുകള്‍ വിഭജിച്ചു നല്‍കുന്നതില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനു മാത്രം: അറ്റോര്‍ണി ജനറല്‍

Saturday 28 April 2018 3:20 am IST

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ കേസുകള്‍ വിഭജിച്ചു നല്‍കുന്നതില്‍ പരമാധികാരം ചീഫ്ജസ്റ്റിസിനു മാത്രമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. നിലവിലുള്ള ഈ നടപടിക്രമത്തെ ചോദ്യം ചെയ്ത് മുന്‍ നിയമമന്ത്രി ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച പൊതു താത്പര്യഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസുകള്‍ വിന്യസിക്കുന്നതില്‍ കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ടാല്‍ വ്യവസ്ഥിതി കുത്തഴിഞ്ഞനിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേസുകള്‍ വിഭജിച്ചു നല്‍കുമ്പോള്‍ ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി തീരുമാനമെടുന്നതിനെ പരാതിയില്‍ എതിര്‍ത്ത ശാന്തിഭൂഷണ്‍ ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിരുന്നു. പരാതിയില്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്കൊപ്പം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയും പേരെടുത്ത് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 

ഇതേ പ്രശ്‌നം ഉന്നയിച്ചാണ് കഴിഞ്ഞ ജനുവരിയില്‍ ജെ. ചെലമേശ്വര്‍ ഉള്‍പ്പെടെ നാല് സീനിയര്‍ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌ക്കരിച്ച് പത്രസമ്മേളനം നടത്തിയത്. താരതമ്യേന പ്രാധാന്യം കുറഞ്ഞ കേസുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നായിരുന്നു മുഖ്യപരാതികളിലൊന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.