ഷുക്കൂര്‍ വധക്കേസ്; സിബിഐ റിപ്പോര്‍ട്ട് കൈമാറേണ്ട: കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Saturday 28 April 2018 3:27 am IST

ന്യൂദല്‍ഹി: പരസ്യവിചാരണ നടത്തി സിപിഎമ്മുകാര്‍ കൊന്ന  കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍ കേസില്‍ പി.ജയരാജനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സിബിഐ സുപ്രീംകോടതിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന കേരള സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് തള്ളി. റിപ്പോര്‍ട്ട് വിശമായി പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാരിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി. 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി രാജേഷ് എംഎല്‍എ എന്നിവരുള്‍പ്പെടെ പ്രതികളായ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ അന്വേഷണം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ആരംഭിച്ചിരുന്നു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്. 

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേസിലെ പ്രതിയായ സിപിഎം നേതാവിന് വേണ്ടിയാണെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സിലിന്റെ ഇടപെടലുകള്‍. ജയരാജന്റെ അഭിഭാഷകന്‍ പോലും ആവശ്യപ്പെടാത്ത വിഷയം ആണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം അംഗീകരിച്ചില്ല. സിബിഐയുടെ റിപ്പോര്‍ട്ട് കോടതി പരിശോധിച്ച ശേഷം സര്‍ക്കാരിന് കൈമാറേണ്ടതുണ്ടെന്ന് തോന്നിയാല്‍ മാത്രമേ നല്‍കൂ എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. 

2012 ഫെബ്രുവരി ഇരുപതിനാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ ക്രൂരമായ പാര്‍ട്ടി വിചാരണകള്‍ക്ക് ശേഷം കൊല്ലപ്പെട്ടത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസ് സിബിഐക്ക് വിടണമെന്ന റിപ്പോര്‍ട്ട് നല്‍കിയത് പോലീസ് മേധാവി ടി.പി സെന്‍കുമാറാണ്. സംസ്ഥാന പോലീസ് കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് പി. ജയരാജന്റെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.