വിദേശ സഞ്ചാരികളുടെ സുരക്ഷ; കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു

Saturday 28 April 2018 3:30 am IST

കോട്ടയം: അതിഥികളായി എത്തുന്ന വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍  സംസ്ഥാന സര്‍ക്കാരിന് വീഴ്ച. 2014-ല്‍ ആണ് കേന്ദ്ര ടൂറിസം മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദ്ദശങ്ങളിലുണ്ട്. 

സഞ്ചാരികളുടെ സുരക്ഷയ്ക്കായി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ ഇത്തരമൊരു സംവിധാനം സംസ്ഥാനത്ത് ഉള്ളതായി വിവരമില്ല. സഞ്ചാരികളുടെ യാത്രാപരിപാടികളും സുരക്ഷയും ഏകോപിപ്പിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനാണ് ഈ സംവിധാനം. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും സഞ്ചാരികളുടെ വിവരങ്ങള്‍ ലഭിക്കുന്നത് അവര്‍ സമര്‍പ്പിക്കുന്ന സീ ഫോമുകളിലൂടെയാണ്. സഞ്ചാരികള്‍ക്ക് താമസം ഒരുക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരാണ് സീ ഫോമുകള്‍ പോലീസിനും ടൂറിസം വകുപ്പിനും കൈമാറുന്നത്. സീ ഫോമുകള്‍ സമര്‍പ്പിക്കാതെ വന്നാല്‍ ആരൊക്കെ വന്നു പോയെന്ന് ഒരു വിവരവും കിട്ടില്ല. 

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ സഞ്ചാരികള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പായി ടിപ്‌സ് ഫോര്‍ ട്രാവലേഴ്‌സ് എന്ന പേരില്‍ അവര്‍ക്ക് മുന്നറിയിപ്പുകള്‍ കൊടുക്കണമെന്നും പറയുന്നു. ഇതില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അക്കാര്യം അറിയിക്കുക. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സഞ്ചാരികള്‍ സുരക്ഷിതമായി എവിടെയാണെന്ന് കണ്ടെത്തുക, സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങളെയും ഏജന്‍സികളെയും നിരീക്ഷിക്കുക, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉറപ്പ് വരുത്തുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് എത്തുന്ന എല്ലാ സഞ്ചാരികളോടും തികഞ്ഞ ആദരവ് പുലര്‍ത്തണമെന്നും അവര്‍ സന്തോഷത്തോടെ തിരിച്ച് പോകുന്നത് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. 

എന്നാല്‍ ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന കേരളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ചര്‍ച്ചകള്‍ നടന്നതല്ലാതെ പ്രായോഗിക തലത്തില്‍ എത്തിയിട്ടില്ല. സഞ്ചാരികളുടെ യാത്രാവിവരങ്ങള്‍ പോലും പോലീസിനോ ടൂറിസം വകുപ്പിനോ അറിയാന്‍ മാര്‍ഗ്ഗമില്ല. സീ ഫോം മാത്രമാണ് ഏക ആശ്രയം. 

ടൂറിസത്തിലെ മോശം പ്രവണതകള്‍ തടയുന്നതിനായി രൂപീകരിച്ച കേരള ടൂറിസം റഗുലേറ്ററി അതോറിട്ടി ശൈശവാവസ്ഥയിലാണ്. സഞ്ചാരികള്‍ക്ക് സഹായത്തിന് വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പറും പ്രവര്‍ത്തനരഹിതമാണ്. അനധികൃത ടൂറിസം ഗൈഡുകളെ നിയന്ത്രിക്കാനും ടൂറിസം കേന്ദ്രങ്ങളിലെ മയക്കുമരുന്ന് വിപണനം തടയാനും സാധിക്കാത്തത് റഗുലേറ്ററി അതോറിട്ടിയുടെ പരിതാപകരമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.