മനുഷ്യമനസ്സും വൈകൃത സമൂഹവും

Saturday 28 April 2018 3:41 am IST

സമൂഹത്തിലുടനീളം പ്രതിഫലിച്ചു കാണുന്ന അസ്വാസ്ഥ്യങ്ങളുടെ കാരണമെന്താണ്? എന്താണ് പരിഹാരം. ഒന്നാഴത്തില്‍ ചിന്തിച്ചാല്‍ അറിയും വികൃതമായ വ്യക്തി മനസ്സുകളില്‍ നിന്നുരുത്തിരിഞ്ഞ വികൃതമായ സമൂഹ മനസ്സാണിതിന്റെ പിന്നിലെന്ന്. 

മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രതിഭാസമാണ് മനസ്സ്. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഒരു മനസ്സുണ്ട്. എന്നാല്‍ മനുഷ്യമനസ്സ് വികസിതമാണ്. അതിന്ന് വിവേചന ശക്തിയുണ്ട്. അന്വഷണത്വരയുണ്ട്. അതുകൊണ്ട് തന്നെ മറ്റു ജീവജാലങ്ങളില്‍ നിന്നും മനുഷ്യന്‍ വ്യത്യസ്തനായി നിലകൊള്ളുന്നു. 

 ഈ വികസിത മനസ്സിന്റെ വിവേചനബുദ്ധി നേര്‍വഴിയില്‍ ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. ഈ അറിവില്ലായ്മയുടെ ഫലമാണ് ഇന്ന് നാം സമൂഹത്തില്‍ കാണുന്ന ബലാത്സംഗങ്ങളും സ്ത്രീ പീഡനവും മറ്റു ക്രൂരതകളും. 

സംസ്‌കൃതമനസ്സോടെയായിരിക്കണം ഓരോ കുഞ്ഞും പിറക്കേണ്ടത്. ഒരു കുഞ്ഞിന്റെ ശരീരത്തില്‍ മാത്രമെ മാതാപിതാക്കള്‍ക്ക് അവകാശമുള്ളു. പിതാവിന്റെ ബീജവും മാതാവിന്റെ അണ്ഡവും കൂടി ചേരുമ്പോള്‍ കുഞ്ഞിന്റെ സ്ഥൂല ശരീരം രൂപം കൊള്ളുന്നു. 

എന്നാല്‍ കുഞ്ഞിന്റെ മനസ്സും പ്രാണനും കുഞ്ഞു കൂടെ കൊണ്ടുവരുന്നതാണ്. അത് മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്നതല്ല. കഴിഞ്ഞ ജന്മങ്ങളില്‍ സഞ്ചയിച്ച സംസ്‌ക്കാരങ്ങളില്‍ നിന്നാണ് പ്രാണനും മനസ്സും ഉടലെടുക്കുന്നത്. അതു കൊണ്ടു തന്നെയാണ് ഒരേ മാതാപിതാക്കളില്‍ നിന്നും ജനിക്കുന്ന കുട്ടികള്‍ വളരെ വ്യത്യസ്ഥ സ്വഭാവത്തോടു കൂടി കാണപ്പെടുന്നത്. ഇരട്ടക്കുട്ടികളില്‍ പോലും ഈ സ്വഭാവ വ്യത്യാസം പ്രകടമാണ്. 

ആ മനസ്സ് വേണ്ട വിധത്തില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് മാതാപിതാക്കളുടെ അതിപ്രധാനമായ ദൗത്യം. സമൂഹത്തിന്റെ സുരക്ഷിതത്വം കുഞ്ഞിനു ജന്മം നല്‍കുന്ന മാതാപിതാക്കളിലാണ്. ഇതേക്കുറിച്ച് എല്ലാ മാതാപിതാക്കളും ബോധവാന്മാരായിരിക്കണം. 

ലൗകിക ജീവിതത്തില്‍ ആഡംബര ജീവിതത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരു സമൂഹത്തില്‍ സന്താനോല്പ്പാദനം അത്ര വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമല്ല. 

ഇന്നത്തെ നിലയില്‍ ഏതൊരു സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നതിങ്ങിനെയാണ്, പഠിച്ച് അല്ലെങ്കില്‍ എങ്ങിനെയെങ്കിലും ഒരു ജോലി നേടി പണമുണ്ടാക്കണം. അതിനൊത്ത ഒരു ജീവിത പങ്കാളിവേണം. വീടുവേണം, കാറുവേണം, ജീവിതം ആസ്വദിക്കണം. ഇതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം ഒരു കുട്ടിയായാല്‍ എല്ലാ തികഞ്ഞു. 

ഇവിടെ ഒരു കുഞ്ഞ് വീടും കാറും പോലെ ഉപഭോഗ വസ്തുവിന്റെ നിലയിലേക്ക് തള്ളപ്പെടുകയാണ്. ഒരു സത്‌സന്താനം ഉണ്ടാകേണ്ടത് കാമചേഷ്ടയുടെ ഉത്പ്പന്നമായിട്ടായിരിക്കരുത്. മറിച്ച് സ്‌നേഹത്തിന്റെയും തപസ്സിന്റെയും ധര്‍മചിന്തയുടെയും ഉത്പ്പന്നമായിരിക്കണം. 

ഇവിടെയാണ് ധര്‍മശാസ്ത്രത്തില്‍ വിധിക്കപ്പെട്ട ഷോഡശ സംസ്‌ക്കാരത്തിന്റെ പ്രസക്തി. അതില്‍ പ്രത്യേകിച്ചും അദ്യത്തെ മൂന്നെണ്ണം ഗര്‍ഭധാരണ സമയത്ത് അനുഷ്ടിക്കേണ്ടവയാണ്. ഒന്നാമത്തേത് ഗര്‍ഭാധാന സംസ്‌ക്കാരം (ഗര്‍ഭ സ്ഥാപന സംസ്‌ക്കാരം). രണ്ടാമത്തെ പുംസവനം, മൂന്നാമത്തേത് സീമന്തോന്നയനം. 

ഈ സംസ്‌ക്കാരങ്ങളുടെയെല്ലാം അര്‍ത്ഥം ഒന്നുതന്നെ. ഗര്‍ഭിണിയുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും മനസ്സിനെ സന്തുലിതനിലയിലേക്ക് ഉറപ്പിക്കാനും സഹായിക്കുന്നവയാണ് ഇവയെല്ലാം. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഗര്‍ഭകാലത്ത് ഗര്‍ഭിണിയില്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഒരു പാട് ദോഷഫലങ്ങള്‍ ഉണ്ടാക്കും. ആ ദോഷം പിറന്നു വീഴുന്ന കുഞ്ഞിനും ഭാവിയില്‍ സമൂഹത്തിനും ആപത്തായി ഭവിക്കുന്നു. 

അതുകൊണ്ട് തന്നെ ഈ വക കാര്യങ്ങളെക്കുറിച്ച് ഒരു സാമാന്യജ്ഞാനം മതാപിതാക്കള്‍ക്ക് ഉണ്ടാകണം. തീര്‍ച്ചയായും ഒരു ഉത്കൃഷ്ട സമുദായത്തെയും ഉത്കൃഷ്ട രാഷ്ട്രത്തെയും കെട്ടിപ്പെടുക്കാന്‍ ഇവ സഹായിക്കും. 

കുട്ടികളെ വളര്‍ത്തുമ്പോഴും മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണം. അവരുടെ സ്ഥൂലശരീരത്തില്‍ മാത്രം ശ്രദ്ധപതിപ്പിച്ചാല്‍ പോര. അവരുടെ മനസ്സിനെയും വേണ്ട വിധത്തില്‍ നയിക്കണം. മാതാപിതാക്കളുടെ മനസ്സിന്റെ നിറം അവരുടെ മനസ്സില്‍ പകര്‍ന്നു കൊടുക്കുയല്ല നേരെ മറിച്ച് മൂല്യാധിഷ്ഠിതമായ ഒരു മനസ്സിന്റെ ഉടമയാക്കി അവരെ മാറ്റിയെടുക്കണം. വിവേക ബുദ്ധി വളര്‍ത്തണം. 

ഇന്ന് കാണുന്ന ബലാത്സംഗങ്ങളും ക്രൂരമായ മര്‍ദ്ദനങ്ങളും കൊലയും എന്നുവേണ്ട എന്തക്രമം നടത്തുന്ന ഓരോ വ്യക്തിയും ചെറുപ്പത്തില്‍ വിവേകമില്ലാതെ തോന്നിയ പോലെ നടന്ന് മുരടിച്ച് പോയ വികലമായ മനസ്സിന്റെ ഉടമയാണ്. അവര്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ ദുര്‍വിധി ഇന്ന് ഉണ്ടാകില്ലായിരുന്നു. തീര്‍ച്ചയായും ഒരു പരിധിവരെ നമ്മള്‍ക്ക് തടയാനാകുമായിരുന്നു. 

ഇനിയെങ്കിലും മനസ്സിലാക്കുക ഈ സമൂഹ ക്രൂരതകളില്‍ നിന്നും രക്ഷ തേടണമെങ്കില്‍ ഒരു വഴി മാത്രമെയുള്ളു. ദിശാബോധത്തോടു കൂടിയ ഒരു ജനതയെ വാര്‍ത്തെടുക്കുക. കുഞ്ഞുങ്ങളുടെ മനസ്സ് നേര്‍വഴിക്ക് നയിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.