ഈ അരയാല്‍ വൃക്ഷത്തൈ വെട്ടിമാറ്റാം (15-3)

Saturday 28 April 2018 3:46 am IST

പ്രപഞ്ചമാകുന്ന അരയാല്‍ വൃക്ഷത്തിന്റെ നാരായവേര്, ഭഗവാന്റെ പ്രകൃതിശക്തിയില്‍ ആഴ്ന്നിറങ്ങിചെന്നിരിക്കുകയാണ്. അതിനാല്‍ ആ വേര് കിളച്ച് മറിച്ച് നശിപ്പിക്കുവാന്‍ ആര്‍ക്കും കഴിയില്ല. അതാണ് സുവിരുദ്ധ മൂലം. എന്നാല്‍ ഈ വൃക്ഷത്തൈ വെട്ടിമാറ്റിയതിനുശേഷം ആത്മീയലോകത്തിലേക്ക് യാത്ര ആരംഭിക്കാന്‍ കഴിയും. അത് വെട്ടിമാറ്റാനുള്ള ശസ്ത്രം കോടാലി-എന്താണ്? പറയുന്നു. ''അസംഗശസ്‌ത്രേണ.''

'സംഗം' എന്നാല്‍ കൂടിച്ചേരുക. 'അസംഗം' എന്നാല്‍ കൂടിച്ചേരാതിരിക്കുക എന്നര്‍ത്ഥം. പുത്രന്മാര്‍, ഗൃഹം, കൃഷിസ്ഥലം, ബന്ധുക്കള്‍, ധനം മുതലായവ ഭൗതികസുഖകാരണങ്ങളോടു കൂടി, എന്റേത് എന്ന ഭാവത്തോടുകൂടിച്ചേരാതിരിക്കുക-ഇതാണ് അസംഗം എന്ന ശാസ്ത്രം-കോടാലി. മരം വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ കോടാലിയുടെ വായ്ത്തലയ്ക്ക് മൂര്‍ച്ച കുറഞ്ഞു കുറഞ്ഞു വരാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മരം വെട്ടാന്‍ കഴിയാതെ വരും. പ്രത്യേകിച്ചും ഈ അസംഗമാകുന്ന-വിരക്തിയാകുന്ന-ശസ്ത്രത്തിന് മുന്‍പ് പരിപൂര്‍ണമായും ഉപേക്ഷിച്ച ലൗകിക സുഖങ്ങളിലേക്ക്, വീണ്ടും സ്‌നേഹം വളര്‍ന്ന് മനസ്സും ഇന്ദ്രിയങ്ങളും തിരിച്ചുപോയേക്കാം. കോടാലിയുടെ മൂര്‍ച്ച കുറഞ്ഞേക്കാം. അങ്ങനെ സംഭവിക്കരുത് എന്നാണ് ''ദൃഢേന''-എന്ന പദംകൊണ്ട് ഭഗവാന്‍ വ്യക്തമാക്കുന്നത്. വൈരാഗ്യമാകുന്ന കോടാലിയെ ചാണയ്ക്ക് വച്ച് ഇടയ്ക്കിടെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കണം. ഏതാണാ ചാണ?

പരമാത്മാവായ ഭഗവാനിലേക്കു തന്നെ എനിക്ക് എത്തിച്ചേരണം എന്ന ദൃഢനിശ്ചയം തന്നെയാണ് ആദ്യത്തെ പ്രവര്‍ത്തനം. ഭഗവത്തത്ത്വവിജ്ഞാനി കളായ ഭക്തന്മാരുമായി ചര്‍ച്ച ചെയ്യുക രണ്ടാമത്തെ പ്രവര്‍ത്തനം. ഭഗവന്നാമ കഥാശ്രവണ കീര്‍ത്തനാദികളായ ഭക്തിയോഗം ശീലിച്ച് ഭഗവാനെ തന്നെ ശരണം പ്രാപിച്ച് സര്‍വ്വസമര്‍പ്പണം ചെയ്യുക അവസാനത്തെ പ്രവര്‍ത്തനം. ഇങ്ങനെ മൂര്‍ച്ച കൂട്ടിയ വൈരാഗ്യമാകുന്ന കോടാലികൊണ്ട് ഈ സംസാരവൃക്ഷത്തെ മുറിക്കണം.

പിന്നെ എന്ത് ചെയ്യണം? (15-4)

തത്പദം പരിമാര്‍ഗ്ഗിതവ്യം- പിന്നീട് നമുക്ക് എത്തിച്ചേരേണ്ട ആ പദം- സ്ഥലം-അന്വേഷിച്ച് കണ്ടുപിടിക്കണം എന്താണാ പദത്തിന്റെ ലക്ഷണം?

യസ്മിന്‍ഗതാഃ ഭൂയഃ ന നിവര്‍ത്തന്തി (15-4)

ആ പദത്തില്‍ എത്തിച്ചേര്‍ന്നവര്‍ ആരും പിന്നെ വീണ്ടും ഈ ഭൗതിക പ്രപഞ്ചമാകുന്ന അരയാല്‍ വൃക്ഷത്തിലേക്ക് ഇറങ്ങിവന്നിട്ടില്ല. ആ പദത്തിന്റെ-സ്ഥാനത്തിന്റെ-പേര് എന്താണെന്ന് ശ്രീശങ്കരാചാര്യര്‍ പറയുന്നത് നാം ശ്രദ്ധിച്ച് മനസ്സിലാക്കണം.

''പദം= വൈഷ്ണവം''

വിഷ്ണുവിന്റെ സ്ഥാനമാണ് ആ പദം-നമുക്ക് എത്തിച്ചേരേണ്ട സ്ഥലം.

എങ്ങനെയാണ് അന്വേഷിക്കേണ്ടത് ? (15-4)

തം ആദ്യം പുരുഷം പ്രപദ്യേ-പരമപദം

അന്വേഷിക്കാന്‍ തുടങ്ങുന്ന മുമുക്ഷുവായ വ്യക്തിയുടെ മനസ്സിന്റെ വ്യാപാരം എന്താണ്? സര്‍വ്വപ്രപഞ്ചത്തിന്റെയും-ദിവ്യലോകങ്ങളുടെയും ഭൗതികലോകങ്ങളുടെയും ആദി-ആരംഭം, ഏതൊരു പുരുഷനില്‍നിന്നാണോ ആ പുരുഷന്‍ മാത്രമേ എനിക്ക് ശരണമുള്ളൂ. വേറെ ആരുമില്ല എന്ന ഉറച്ച ചിന്ത തന്നെ. ആ പുരുഷനില്‍ നിന്നുതന്നെയാണ് ത്രിഗുണപൂര്‍ണമായ ഈ സംസാരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ആ പുരുഷനെ തന്നെയാണ് ഞാന്‍ ശരണം പ്രാപിക്കുന്നത്. ഭഗവാന്‍ മുന്‍പുതന്നെ ഏഴാം അധ്യായത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

ദൈവീ ഹ്യേഷാഗുണമയീ

മമ മായാ ദുരത്യയാ

മാമേവ യേ പ്രപദ്യന്തേ

മായാമേതാംതരന്തിതേ (14 ശ്ലോകം)

(=ദേവനും ഈശ്വരനും വിഷ്ണുവുമായ എന്റെ അധീനതയിലാണ് ത്രിഗുണരൂപിണിയായ മായ പ്രവര്‍ത്തിക്കുന്നത്. എന്നെ ശരണം പ്രാപിക്കുന്നവര്‍ക്കു മാത്രമേ ഈ മായയെ അതിക്രമിക്കാന്‍ കഴിയുകയുള്ളൂ.)

ഭഗവാന്‍ തന്നെ ഗീതോപദേശത്തിന്റെ ഒടുവില്‍- ''മാമേകം ശരണം വ്രജ''-എന്നെ മാത്രം ശരണം പ്രാപിക്കൂ-എന്ന് പറയുന്നതും.

''തം ഹ ദേവ #ൃമാത്മബുദ്ധി പ്രകാശം

മുമുക്ഷുര്‍ വൈശരണമഹം പ്രപദ്യേ''

(=ആത്മാവിനെയും ബുദ്ധിയെയും പ്രകാശിപ്പിക്കുന്ന പ്രവര്‍ത്തിപ്പിക്കുന്ന ആ ദേവനെ ഞാന്‍ ശറണം പ്രാപിക്കുന്നു) എന്ന് ഉപനിഷത്തിലെ പ്രാര്‍ത്ഥനയും ഒന്നുതന്നെയെന്ന് മനസ്സിലാക്കാം.

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.