നാടിനും നന്മയ്ക്കും കാവല്‍

Saturday 28 April 2018 4:03 am IST

ചാരം വീണ് മൂടിയ കനലുകള്‍ ഊതിത്തെളിച്ചായിരുന്നു ജന്മഭൂമിയുടെ വരവ്. 

സത്യത്തിന്റെ സൂര്യോദയം. വൈകുന്നേരങ്ങളിലെ വര്‍ത്തമാനങ്ങളില്‍ തുടങ്ങി പുലരിയോടൊപ്പം  കാലത്തിന്റെ ചലനങ്ങളുമായി ഒരു കുതിപ്പ്. 

കച്ചവടവും സ്വാര്‍ത്ഥതയും അരങ്ങുവാഴുന്ന സമകാലിക മാധ്യമയുഗത്തില്‍ സനാതനത്വത്തിന്റെ നിത്യനിരാമയ ശംഖൊലി..... 

അറിവിന്റ പുലരൊളി വിതറിയ ധര്‍മ്മമുരളി..... 

പൂക്കള്‍ വിരിച്ചിട്ട പാതയായിരുന്നില്ല അത്.....

ഭാരതീയ വിചാരധാരയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവ് പി പരമേശ്വര്‍ജി ദീപം തെളിച്ചതോടെ 1975 ഏപ്രില്‍ 28 ന് കോഴിക്കോടുനിന്ന് സായാഹ്ന പത്രമായിട്ടായിരുന്നു തുടക്കം. 

വായനയില്‍ കൗതുകവും വാര്‍ത്തയില്‍ സവിഷേഷതയും കൈവരിച്ചെങ്കിലും അത് ഒരുമാസത്തോളമേ നീണ്ടുനിന്നുള്ളു. അടിയന്തരാവസ്ഥയുടെ കരാള ഹസ്തം ജന്മഭുമിയുടെ കഴുത്തി ഞെരിച്ചു. 

ആഫീസും ഉപകരണങ്ങളും തകര്‍ത്തു. 

കഴുത്തിനൊത്ത് കുരുക്ക് തയ്യാറാക്കുന്ന അടിയന്തരാവസ്ഥയുടെ കരാളവാഴ്ചയില്‍ ശിരസ്സ് ഉയര്‍ത്തി നടന്നുനീങ്ങിയ പി.വി.കെ നെടുങ്ങാടി എന്ന തന്റേടത്തിലുണ്ട് ജന്മഭൂമിയുടെ സത്യവും ശക്തിയും. 

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പത്രാധിപര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് പോരാടിയതിന്റെ പേരില്‍ കയ്യാമം വെക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ജന്മഭൂമിയുടേതാണ്. 

സായാഹ്നപത്രമായിരുന്നിട്ടുകൂടി എതിരഭിപ്രായങ്ങളെ ഭയന്ന ഫാസിസ്റ്റ് ഭരണകൂടം ജന്മഭൂമിയെ ഉരുക്കുമുഷ്ടി കൊണ്ട് അമര്‍ത്താന്‍ നോക്കി....

 പത്രാധിപരും ലേഖകനും എംഡിയുമൊക്കെ കല്‍ത്തുറുങ്കിനകത്തായി. 

പ്രസാധകനും എംഡിയുമായിരുന്ന യു. ദത്താത്തേത്രേയ റാവു പീഡനത്തിന്റെയും സഹനത്തിന്റെയും മായ്കകാനാകാത്ത ചോരപ്പാടായി..... 

സഹജീവികള്‍ പലരും അധികാരത്തിന്റെ ഗര്‍വിനുമുന്നില്‍ പഞ്ചപുച്ഛമടക്കി, വിനീതവിധേയരായപ്പോള്‍ ജന്മഭൂമി ധര്‍മ്മത്തിന്റെ കാവലാളും പോരാളിയുമായി. 

വാര്‍ത്തയുടെ പ്രഭാതഭേരിയുമായി ജന്മഭൂമി പിറക്കുന്നത് ആവിഷ്‌കാരത്തിന് മേല്‍ വീണ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു. 

ആര്‍ക്കാണുള്ളത് ഇതിനേക്കാള്‍ സ്ഫോടനാത്മകമായ ഒരു പൂര്‍വകാലം.

ഇച്ഛാശക്തി കൊണ്ട് ജനങ്ങള്‍ രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞപ്പോള്‍ തടവറ ഭേദിച്ച് ജന്മഭൂമി പുതിയ പുലരിത്തുടിപ്പുമായി ഉദയം കൊണ്ടു. 1977 നവംബര്‍ 14 ന് എറണാകുളത്തുനിന്നും പ്രഭാതപത്രമായി  പുനര്‍ജന്മം

പുലരിനക്ഷത്രം വിണ്ണിന്റെ കല്പലകമേലെഴുതിയ വെളിച്ചത്തിന്റെ ആദ്യക്ഷരം കൈക്കുടന്നയിലാക്കി ഒരു പത്രം..... 

കരള്‍ പിളര്‍ന്ന കാലങ്ങളില്‍നിന്ന് സത്യത്തിന്റെ അരണി കടഞ്ഞ് അറിവിന്റെയും തിരിച്ചറിവിന്റെയും അഗ്‌നി മലയാളിക്ക് പകര്‍ന്നേകിയ ഒരു പത്രം..... 

ധീരമായിരുന്നു പിന്നിട്ട കനല്‍പ്പാതകളില്‍ ജന്മഭൂമിയുടെ ചുവടുകള്‍. 

അരക്ഷിതാവസ്ഥയുടെയും പരിമിതികളുടെയും കമ്പോളവല്‍ക്കരണത്തിന്റെ കൊടിയ ഭീഷണികളെയും ഇച്ഛാശക്തി കൊണ്ടും സമര്‍പ്പണബോധം കൊണ്ടും മറികടന്ന ഒരു കൂട്ടം ദേശസ്നേഹികളുടെ നിസ്വാര്‍ത്ഥതയായിരുന്നു അതിനുപിന്നിലെ കരുത്ത്. 

അമരത്ത് കാലത്തിന്റെ ശില്പികള്‍ കാവല്‍ നിന്നു. ദേശീയപ്രക്ഷോഭങ്ങളില്‍ തീനാമ്പായി മാറിയ പ്രൊഫസര്‍ എം.പി. മന്മഥന്‍, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ തലപ്പൊക്കം കൊണ്ട് ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ യശസ്സായി മാറിയ വി.എം. കൊറാത്ത്, ദേശീയതയുടെ പ്രചാരകനും ജീവിതാനുഭവങ്ങള്‍ കടഞ്ഞ് ഓര്‍മ്മയുടെ തിരുമധുരം പകര്‍ന്ന സംഘപഥസംചാലകന്‍ പി. നാരായണന്‍, ഊഴങ്ങളില്ലാത്ത മഹാഭാരതത്തിന്റെ അകക്കാമ്പ് അറിഞ്ഞ വ്യാസചേതന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, നവീനമാധ്യമരംഗഭാഷയ്ക്ക് അരങ്ങ് ഒരുക്കിയ ഹരി എസ്. കര്‍ത്താ, മലയാളത്തിലെ, രാജ്യത്തെതന്നെ ആദ്യത്തെ വനിതാ പത്രാധിപ ലീലാമേനോന്‍ ..... 

ജന്മഭൂമി കാലുറപ്പിച്ച് ചവിട്ടി മുന്നേറാന്‍ വഴിതെളിച്ചവര്‍ പലരുണ്ട്. കെ രാമന്‍പിള്ള, കെ ജി മാരാര്‍, പി പി മുകുന്ദന്‍, വി കെ.ചന്ദ്രശേഖരന്‍, കെ സേതുമാധവന്‍,  കെ പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍... ജന്മഭൂമിയെ പ്രസ്ഥാനമാക്കന്‍ പരിശ്രമിച്ചവര്‍ ഏറെ....

അധികാരകേന്ദ്രങ്ങള്‍ താങ്ങായിരുന്നില്ല, പണമൊഴുക്കി പിടിച്ചുനിര്‍ത്താന്‍ സമ്പന്നരുടെ തണലുണ്ടായില്ല, വെല്ലുവിളികളെ അവസരങ്ങളാക്കി, പ്രതിസന്ധികളെ പ്രേരണയാക്കി ഒരു പത്രവും കുറേ പത്രപ്രവര്‍ത്തകരും. സംസ്‌കൃതിയെ പ്രണയിച്ച വായനക്കാരായിരുന്നു പ്രചോദനം. 

അധികാരകേന്ദ്രങ്ങള്‍ ദുഷിച്ചപ്പോല്‍

പ്രകൃതി വേട്ടയാടപ്പെട്ടപ്പോള്‍

അമ്മപെങ്ങന്മാര്‍ അപമാനിക്കപ്പെട്ടപ്പോള്‍

മണ്ണും മനസ്സും കീഴടക്കാന്‍വെമ്പി കയ്യേറ്റക്കുരിശുകള്‍ പൊനന്തിയപ്പോള്‍

അഭിമാനകേന്ദ്രങ്ങള്‍ അശുദ്ധമാക്കപ്പെട്ടപ്പോള്‍

ആചാരവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍

നാടിന്റെ സ്വാഭിമാനത്തിന് നേരെ മതഭീകരര്‍ വെടി ഉതിര്‍ത്തപ്പോള്‍

ഓണവും വിഷുവും തൃക്കാര്‍ത്തികയും ബുദ്ധിജീവികള്‍ വര്‍ഗീയവല്‍ക്കരിച്ചപ്പോള്‍

ലോകം അധികാരഭ്രാന്തില്‍ ആടി ഉലഞ്ഞപ്പോള്‍

കൊടിയ ദുരന്തങ്ങളില്‍ മനുഷ്യന്‍ ആശ്രയമറ്റ് രക്ഷയ്ക്കായി നിലവിളിച്ചപ്പോള്‍

തണലൊരുക്കി, കരുത്തേകി, പോരാട്ടവീര്യം പകര്‍ന്ന് നാടിനും നന്മയ്ക്കും കാവലായി എന്നും എപ്പോഴും ധര്‍മ്മത്തിന്റെ വിജയക്കൊടിയുമായി ജന്മഭൂമി...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.