ക്ഷേത്രഭണ്ഡാര കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

Friday 27 April 2018 9:39 pm IST

 

പയ്യന്നൂര്‍: ക്ഷേത്രഭണ്ഡാരങ്ങള്‍ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂരില്‍ പിടിയിലായി. കോറോം കാനായിയിലെ തെക്കില്‍ ബാബു (45) എന്ന സുരേഷ് ബാബുവാണ് പിടിയിലായത്. പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും ഭണ്ഡാരങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ 21, 22 തിയ്യതികളില്‍ പയ്യന്നൂരിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളില്‍ ഭണ്ഡാര കവര്‍ച്ച നടന്നിരുന്നു. ദേശീയപാതക്കരികെ സ്ഥിതിചെയ്യുന്ന വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലും എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. 

വെള്ളൂര്‍ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളും എടാട്ട് ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളും കവര്‍ന്നിരുന്നു. ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് പണമെടുത്ത ശേഷം പൂര്‍വ്വസ്ഥിതിയില്‍ സംശയംതോന്നാത്തരീതിയില്‍ വെക്കുകയായിരുന്നു ചെയ്തിരുന്നത്. എടാട്ട് ക്ഷേത്രത്തിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. എടാട്ട് മറ്റൊരു ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയില്‍ പിടിയിലായി രണ്ട്‌വര്‍ഷം തടവ്ശിക്ഷ അനുഭവിച്ച സുരേഷ് ബാബു കഴിഞ്ഞ 3നാണ് ശിക്ഷകഴിഞ്ഞ് സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയത്.

ഏപ്രില്‍ 6ന് കൈതപ്രം തൃക്കുറ്റിയേരി കൈലാസനാഥ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. പയ്യന്നൂര്‍ എസ്‌ഐ എം.എം.ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.