പരിയാരം ലോകോത്തര ചികില്‍സാ-ഗവേഷണ കേന്ദ്രമാക്കുമെന്ന്: മന്ത്രി

Friday 27 April 2018 9:47 pm IST

 

പരിയാരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ചു. കേരളത്തിലെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തന സ്വയം ഭരണാധികാരമുള്ള സൊസൈറ്റിക്കു കീഴിലാവും പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.

സൊസൈറ്റി രൂപീകൃതമാവുന്നതു വരെ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ചെയര്‍മാനായുള്ള മൂന്നംഗ സമിതിയാവും ഭരണം നടത്തുക. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി.രവീന്ദ്രന്‍, ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാര്‍ എന്നിവരാണ് ഭരണസമിതി (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍) യിലെ മറ്റ് അംഗങ്ങള്‍. മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കോളേജിന്റെ രേഖകള്‍ മന്ത്രി ജില്ലാകലക്ടര്‍ക്ക് കൈമാറി. 

കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ ഗവേഷണരംഗത്ത് പിറകിലാണെന്ന് മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കും. ആരോഗ്യമേഖലയില്‍ ആഗോള തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ കേന്ദ്രമായി കോളേജിനെ സര്‍ക്കാര്‍ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

മുന്‍ മന്ത്രി എം.വി.രാഘവന്റെ ഭാവനയും ചടുലതയുമാണ് പരിയാരം മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കിയതെന്നു പറഞ്ഞ ആരോഗ്യമന്ത്രി, അദ്ദേഹത്തോടുള്ള കടപ്പാട് ചടങ്ങില്‍ രേഖപ്പെടുത്തി. ചുരുങ്ങിയ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പരിയാരം മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

ലളിതകലാ അക്കാദമി കോളേജിന് നിര്‍മിച്ചു നല്‍കിയ ആര്‍ട്ട് ഗ്യാലറിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കരുണാകരന്‍ എം.പി മുഖ്യാതിഥിയായി. സി.കൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.അജയകുമാര്‍, പരിയാരം മെഡിക്കല്‍ കോളേജ് നിലവിലെ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.പി ബാലകൃഷ്ണന്‍, എ.രാജേഷ്, പി.പ്രഭാവതി, ജനപ്രതിനിധികളായ കെ.മോഹനന്‍, പി.കെ.സുധാകരന്‍, പുതിയ ഭരണസമിതി അംഗങ്ങളായ ഡോ. സി.രവീന്ദ്രന്‍, ഡോ.വി.ജി.പ്രദീപ്, മെഡിക്കല്‍ കോളേജിന്റെ നിലവിലെ എം.ഡി കെ.രവി, പ്രിന്‍സിപ്പല്‍ ഡോ.കെ.സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.