കരുവഞ്ചാല്‍ വെള്ളാട് പള്ളിക്കവല റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി

Friday 27 April 2018 9:49 pm IST

 

ആലക്കോട്: കരുവഞ്ചാല്‍ വെള്ളാട് പള്ളിക്കവല റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി. കരുവഞ്ചാല്‍ ടൗണ്‍ മുതല്‍ വെള്ളാട് പള്ളിക്കവലവരെയുള്ള റോഡില്‍ കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കുകയാണ്. വേനല്‍മഴ പെയ്തതോടെ റോഡില്‍ ഗര്‍ത്തങ്ങളും ഇവയില്‍ വെള്ളംകെട്ടിനിന്ന് ചളിക്കുളവുമായി മാറിയിരിക്കുകയാണ്. 

ഇതുമൂലം ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. റോഡിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുക്കലിനെചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കോടികളുടെ ഫണ്ടനുവദിച്ചിട്ടും റോഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാതെവന്നിരിക്കുന്നത്. വെള്ളാട് ചേടിക്കുണ്ട് ടൗണ്‍ മുതല്‍ പള്ളിക്കവലവരെയുള്ള ഭാഗത്തെ വീതികൂട്ടിയുള്ള ടൗറിംഗ് 2017ല്‍ പൂര്‍ത്തിയായിരുന്നു.

പള്ളിക്കവലമുതല്‍ കരുവഞ്ചാല്‍വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗത്തെ പ്രവര്‍ത്തിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം ഭൂവുടമകള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് റോഡ് വികസനം പാതിവഴിയില്‍ നിലച്ചത്. 

വെള്ളാട് മാവുഞ്ചാല്‍, ആശാന്‍ കവല, കനകക്കുന്ന്, കുടിയാന്‍മല പ്രദേശങ്ങളെ കരുവഞ്ചാല്‍, ആലക്കോട്, തളിപ്പറമ്പ് മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ഇത്. റോഡിന് സ്ഥലംവിട്ടുനില്‍കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലും മറ്റ് ജനപ്രതിനിധികളുടെ നേതൃത്വത്തിലും നിരവധി തവണ അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കരാറുകാരന്‍ പണിനിര്‍ത്തി സ്ഥലംവിട്ടിരിക്കുകയാണ്.

തര്‍ക്കങ്ങള്‍ പരിഹരിച്ച് റോഡിന്റെ വികസനം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.