ജന്മഭൂമി- ദേശത്തിന്റെ ശബ്ദം, ദൗത്യം

Saturday 28 April 2018 4:10 am IST
അടിയന്തരാവസ്ഥയില്‍ അടച്ചു പൂട്ടപ്പെട്ട ഏകപത്രം ജന്മഭൂമിയാണ്. തടവില്‍ കിടന്ന പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി മാത്രം. അദ്ദേഹത്തിന്റെ ത്യാഗവും സമര്‍പ്പണ ജീവിതവുമാണ് ബെംഗളൂരു വരെ ജന്മഭൂമിയെ വളര്‍ത്തിയത്.

പത്രങ്ങള്‍ക്ക് പഞ്ഞമില്ലാത്ത സംസ്ഥാനമാണ് കേരളം. മതത്തിനും ജാതിക്കും പാര്‍ട്ടികള്‍ക്കും പത്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ വെള്ളം ചേര്‍ക്കാത്ത വാര്‍ത്തകളും വകതിരിവില്ലാത്ത വിവരണങ്ങളുംകൊണ്ട് അവയെല്ലാം സമ്പന്നമാണ്. സത്യസന്ധവും ദേശീയ കാഴ്ചപ്പാടുള്ളതുമായ പത്രങ്ങളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. ആ ഒഴിവു നികത്താനാണ് 43 വര്‍ഷം മുമ്പ് ജന്മഭൂമി പിറവിയെടുത്തത്.

ചോരക്കുഞ്ഞായിരുന്നപ്പോള്‍ തന്നെ ജന്മഭൂമിയെ തച്ചടുക്കാന്‍ അധികാരവര്‍ഗം തയ്യാറായി. രണ്ടുവര്‍ഷത്തിലധികം കാത്തിരുന്നായിരുന്നു പുനരവതാരം. 1977 നവംബര്‍ 14ന് എറണാകുളത്തുനിന്ന് പ്രഭാതപത്രമായി പ്രവര്‍ത്തനം തുടങ്ങിയ ജന്മഭൂമി അതിന്റെ ഏഴാം എഡിഷന്‍ ഇന്ന് ബംഗളുരുവില്‍ ആരംഭിക്കുകയാണ്. കഷ്ടപ്പാടുകളേയും പ്രതിസന്ധികളേയും ആത്മാര്‍ത്ഥത കൊണ്ട് തരണം ചെയ്ത ജന്മഭൂമിക്ക് ബംഗളൂരു എഡിഷന്‍ ആവേശം നല്‍കുകയാണ്. 1975 ഏപ്രില്‍ 28നാണ് കോഴിക്കോട് സായാഹ്നപത്രമായി ജന്മഭൂമി പിറവിയെടുത്തത്.

പത്രം എങ്ങനെയാരംഭിക്കണമെന്നതിനെപ്പറ്റി പല തലത്തിലും ചര്‍ച്ചകള്‍ നടന്നു. അന്നു ജനസംഘത്തിന്റെ അഖില ഭാരതീയ ഉപാധ്യക്ഷനായ പി. പരമേശ്വരന്‍,  ഒ. രാജഗോപാല്‍, പി. നാരായണന്‍, കെ രാമന്‍പിള്ള, യു. ദത്താത്രയ റാവു, കെ.ജി വാധ്യാര്‍ തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ ഉത്സാഹിച്ചത്. എറണാകുളത്തെ പ്രമുഖ സ്വാതന്ത്ര്യ സമരഭടനായിരുന്ന കെ.വി വിട്ടപ്പപ്രഭു നടത്തിവന്ന 'രാഷ്ട്ര വാര്‍ത്ത' സായാഹ്നദിനപത്രം കെ.ജി വാധ്യാരും ടി.എം.വി ഷേണായിയും ചേര്‍ന്ന് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. കുമ്മനം രാജശേഖരന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചു.

തുടര്‍ന്ന് കുറേക്കൂടി ആസൂത്രിതമായ ശ്രമം ആരംഭിച്ചു. കോഴിക്കോട്ട് ദത്താത്രയറാവുവാണതിന് മുന്‍കൈയെടുത്തത്. അദ്ദേഹം ചീഫ് പ്രമോട്ടറായും, സി. പ്രഭാകരന്‍, പുന്നത്തുചന്ദ്രന്‍, എം.ശ്രീധരന്‍, കെ.സി ശങ്കരന്‍, വി.സി അച്യുതന്‍ മുതലായവര്‍ പ്രമോട്ടര്‍മാരായും 'മാതൃകാ പ്രചരണാലയം' എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി 1973 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എറണാകുളത്തെ 'രാഷ്ട്രവാര്‍ത്ത' മാതൃകാ പ്രചരണാലയത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റപ്പെട്ടു.

കമ്പനിക്ക് ഓഹരികള്‍ പിരിക്കുക എന്നതു വളരെ ശ്രമകരമായിരുന്നു. കോഴിക്കോട്ടിനടുത്തുള്ള സി.എസ്. നമ്പൂതിരിപ്പാടിനെ അതിനായി ചുമതലപ്പെടുത്തി. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന പി. നാരായണന്‍ ഓഹരി പിരിക്കുന്ന ചുമതലകൂടി ഏറ്റെടുത്തു.

ഭാരതത്തിന്റെ രാഷ്ട്രീയരംഗത്ത് വലിയ മാറ്റങ്ങള്‍ നടന്നുവന്ന അവസരമായിരുന്നു അത്. ബംഗ്ലാദേശ് വിമോചനം നേടിക്കൊടുത്ത പൊതുജനപിന്തുണ മുതലെടുത്ത് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് സംഘടനയ്ക്കുമേലും, രാജ്യത്തിനുമേലും തന്റെ പിടിമുറുക്കി. ഭരണഘടനയ്ക്കും ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്കും നിരക്കാത്ത നിരവധി നടപടികള്‍ അവര്‍ ഏറ്റെടുത്തു. 

ദേശീയ താല്പര്യങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം അവഗണിക്കപ്പെട്ടുകഴിഞ്ഞ ഈ അവസരത്തില്‍ ജനങ്ങള്‍ക്ക് മുമ്പാകെ ശരിയായ ദേശീയ വീക്ഷണത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു മാധ്യമം ഇല്ലാത്ത അവസ്ഥയാണ് നിലനിന്നത്. പത്രത്തിന്റെ പേര് എന്തായിരിക്കണം, പത്രാധിപര്‍ ആരായിരിക്കണം എന്ന കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായി. 'വിളംബരം' എന്ന പേര് കൈവശമുണ്ടായിരുന്നുവെങ്കിലും കുറേക്കൂടി മെച്ചമായ പേര് വേണം എന്ന് പല അഭ്യുദയകാംക്ഷികളും അഭിപ്രായപ്പെട്ടു. അങ്ങനെയിരിക്കെ തൃശൂരില്‍ 'ജന്മഭൂമി' എന്ന പേരില്‍ നടന്നുവന്ന മാസിക മുടങ്ങിക്കിടക്കുകയാണെന്നു വിവരം കിട്ടി. നവാബ് രാജേന്ദ്രനായിരുന്നു അതിന്റെ ഉടമ. അദ്ദേഹത്തില്‍ നിന്നും അത് മാതൃകാ പ്രചരണാലയത്തിനുവേണ്ടി തൃശൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്തുവാങ്ങി. ദത്താത്രയറാവുവാണ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയ്ക്ക് ഒപ്പിട്ടത്.

പത്രാധിപര്‍ ആരായിരിക്കണമെന്ന അന്വേഷണം കണ്ണൂരില്‍ താമസിച്ചിരുന്ന പി.വി.കെ നെടുങ്ങാടിയില്‍ ചെന്നവസാനിച്ചു. കേരളത്തില്‍ സംഘപ്രവര്‍ത്തനമാരംഭിച്ച കാലത്തു കൊച്ചിയില്‍ നിന്ന് പ്രതാപ് മാസിക അദ്ദേഹം നടത്തിയിരുന്നു. ആര്‍.എസ്.എസ് എന്ത്? എന്തിന്? എന്ന അദ്ദേഹത്തിന്റെ ലഘുപുസ്തകമായിരിക്കും ഒരു പക്ഷെ സംഘത്തെപ്പറ്റിയുള്ള ആദ്യ പ്രസിദ്ധീകരണം. രാമസിംഹന്‍ മുതല്‍ ശബരിമല വരെ എന്ന അദ്ദേഹത്തിന്റെ പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു. കണ്ണൂരില്‍ നിന്ന് പ്രസിദ്ധം ചെയ്ത സാരഗ്രാഹി, ദേശമിത്രം എന്നീ പത്രങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു.

'ദേശമിത്രം' വാരിക ഉത്തരകേരളത്തിലെ നൂറുകണക്കിന് യുവസാഹിത്യകാരന്‍മാരുടെ പഠനക്കളരിയായിരുന്നു. സുദര്‍ശനം കണ്ണൂരിന്റെ തനിമയുള്ള സായാഹ്ന പത്രവും. ദേശീയതയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ നിഷ്ഠയും സായാഹ്‌നപത്രം നടത്തി കൈവരിച്ച തഴക്കവും നെടുങ്ങാടി തന്നെയാവണം പത്രാധിപര്‍ എന്ന് അഭിലഷിക്കാന്‍ പ്രേരണയായി. തുടര്‍ന്ന് ജന്മഭൂമിയുടെ ചുമതല വഹിച്ച പത്രാധിപന്മാര്‍ നിരവധിയാണ്. അടിയന്തരാവസ്ഥയില്‍ അടച്ചു പൂട്ടപ്പെട്ട ഏകപത്രം ജന്മഭൂമിയാണ്. തടവില്‍ കിടന്ന പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി മാത്രം. അദ്ദേഹത്തിന്റെ ത്യാഗവും സമര്‍പ്പണ ജീവിതവുമാണ് ബംഗളൂരുവരെ ജന്മഭൂമിയെ വളര്‍ത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.