ദളിത് യുവാവിന്റെ കൊലപാതകം ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും

Friday 27 April 2018 9:52 pm IST

 

കണ്ണൂര്‍: ചെക്കിക്കുളത്തെ പള്ളിയത്ത് പട്ടികജാതി കോളനിയിലെ ആര്‍ട്ടിസ്റ്റായ കൊയിലേരിയന്‍ സുജിത്ത് (37) എന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച് കേസ് തേച്ച് മായ്ച്ച് കളയാന്‍ പോലീസ് നടത്തുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ച് സുജിത്തിന്റെ കുടുംബവും നാട്ടുകാരും ദളിത് സംഘടനകളും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് മെയ് 30ന് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

2018 ഫെബ്രുവരി 4ന് ജോലിക്കിടയില്‍ രാത്രി 8 മണിക്ക് ശേഷമാണ് സുജിത്ത് കൊല്ലപ്പെട്ടത്. പിറ്റേന്ന് തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റുന്ന ഘട്ടത്തില്‍ യാതൊരു നിയമനടപടികള്‍ക്കും മുതിരാതെ തെളിവുകള്‍ നശിപ്പിക്കുന്നതിന് സൗകര്യം ഒരുക്കിയും ഇന്‍ക്വസ്റ്റ്‌പോലും നടത്താതെയുമാണ് പോലീസ് മൃതദേഹം നീക്കം ചെയ്തതെന്ന് സുജിത്തിന്റെ മാതാവ് കമലാക്ഷിയും ജനകീയ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സുജിത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് പ്രചരിപ്പിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും ആസൂത്രിത ശ്രമം നടന്നിട്ടുണ്ട്. മൂന്ന്‌പെരിയയിലും പരിസര പ്രദേശത്തും സുജിത്തിന്റെ നാട്ടിലും ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് ബോധപൂര്‍വ്വമായ പ്രചരണം നടന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുജിത്തിനെ കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുപ്രചരണത്തിന് പിന്നില്‍ സ്ഥലത്തെ സിപിഎം ഏരിയാ സെക്രട്ടറിയാണെന്നാണ് കമലാക്ഷി ആരോപിക്കുന്നത്. ഏരിയാ സെക്രട്ടറിക്ക് സുജിത്തിനോടുള്ള വൈരാഗ്യത്തിന്മേലാണ് കൊലപാതകം നടത്തിയത്. സുജിത്ത് അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനായിട്ടും മൃതദേഹം സംസ്‌കരിക്കുന്ന സമയത്ത് മാത്രമാണ് ഇ.പി.ജയരാജന്‍ എംഎല്‍എ വീട്ടില്‍ വന്നത്. അതിന് ശേഷം നേതാക്കള്‍ യാതൊരു വിവരവും അന്വേഷിച്ചിട്ടില്ലെന്നും സുജിത്തിന്റെ മാതാവ് പറഞ്ഞു. 

    പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ അവഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ പോലീസ് കേസന്വേഷിക്കുന്നത്. കണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്ന കേസില്‍ പോലീസ് ലാഘവബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. സുജിത്തിന്റെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം കണ്ടുവെങ്കിലും കുടുംബാംഗങ്ങളെ നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനേയും കണ്ടിരുന്നു. സുജിത്തിന്റെ കൊലപാതകം അട്ടിമറിയ്ക്കാന്‍ ശക്തമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. സുജിത്തിന്റെ മരണം ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബോധ്യമായ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മെയ് 30ന് ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 7 ദളിത് യുവാക്കള്‍ കണ്ണൂരില്‍ കൊലചെയ്യപ്പെട്ടു. എല്ലാ കേസുകളും ആത്മഹത്യകളോ അപകട മരണങ്ങളോ ആക്കി മാറ്റുന്ന രീതിയാണ് കണ്ണൂരില്‍ പോലീസ് സ്വീകരിച്ച് വരുന്നത്. സുജിത്തിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെ എടക്കാട് പോലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. പട്ടികജാതിക്കാരനായ സുജിത്തിന്റെ മരണം കൊലപാതകമായിട്ടും 302 വകുപ്പ് ഉള്‍പ്പെടുത്താന്‍ പോലീസിനായിട്ടില്ലെന്നും ജനകീയ ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സഹോദരി പ്രജീഷ, തെക്കന്‍ സുനില്‍കുമാര്‍, ശ്രീജേഷ് കൊയിലേരിയന്‍ തുടങ്ങിയവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.