ഇടതില്‍ സര്‍വത്ര ആശയക്കുഴപ്പം

Saturday 28 April 2018 4:13 am IST

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തുടങ്ങിയതാണ് ഇടതുമുന്നണിയിലെ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതോടെ തമ്മിലടി രൂക്ഷമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് സിപിഐ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുമ്പോള്‍ സിപിഐ നിലപാട് തള്ളി മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള മാണിയെയും കൂട്ടരേയും എങ്ങിനെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കച്ചകെട്ടിയിരിക്കുകയാണ് സിപിഎം. സര്‍വ്വത്ര ആശയകുഴപ്പമാണ് ഇടതുമുന്നണിയില്‍. 

കേരളത്തിലെ വെറുക്കപ്പെട്ട മുഖമാണ് മാണിയുടേതെന്ന് സിപിഐ കുറ്റപ്പെടുത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സിപിഐ ശ്രമിക്കുകയാണെന്നാണ് മാണി തിരിച്ചടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയും തങ്ങള്‍ പരസ്യമായി മാണിക്കൊപ്പമാണെന്ന് വ്യക്തമാക്കിയതോടെ സിപിഐ മാനക്കേടിലായി. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത സിപിഐയെ സിപിഎം അവഗണിക്കുകയാണ്. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമാക്കി പ്രീണന രാഷ്ട്രീയം പയറ്റുന്ന സിപിഎം നേതാക്കള്‍, ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ തങ്ങള്‍ക്കൊപ്പം അണി നിരത്തുന്നതില്‍ മാണി വിജയിച്ച് കഴിഞ്ഞു.

എന്നാല്‍ മാണിയുടെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിനെ എതിര്‍ക്കുകയാണ്. നേരത്തെ മനസാക്ഷി വോട്ടെന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി ഏത് മുന്നണിക്കൊപ്പമാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇതാണ് മാണിയേയും കൂട്ടരെയും വെട്ടിലാക്കുന്നത്. മാണി കോണ്‍ഗ്രസിനെ അതിരു കവിഞ്ഞ് പ്രീണിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 

സിപിഎമ്മിന്റെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറയുന്നത്. നേരത്തെ തന്നെ പല വിഷയങ്ങളിലും സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ രണ്ടു തട്ടിലാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങിനെയും വിജയിക്കുക എന്ന നിലപാടിലാണ് സിപിഎം. ഇതിനായി ഏതു പാര്‍ട്ടിയുമായും സംഘടനയുമായും കൂട്ടുകെട്ടിനും അവര്‍ തയ്യാറാണ്. മാണി വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന സിപിഐക്ക് അവസാനം തങ്ങളുടെ നിലപാടില്‍ എത്തേണ്ടി വരുമെന്നും, അഥവാ സിപിഐ ഭിന്നിച്ചു നിന്നാലും മാണിയെ കൂടെ കൂട്ടുന്നതാണ് നേട്ടമെന്നും സിപിഎം കണക്കുകൂട്ടുന്നു.

മണ്ഡലത്തില്‍ ആറായിരത്തോളം വോട്ടുകള്‍ മാണി കോണ്‍ഗ്രസിനുണ്ടെന്നാണ് വിലയിരുത്തല്‍. സിപിഐക്ക് ഇതിന്റെ നാലിലൊന്ന് ശക്തി പോലുമില്ല. ഈ സാഹചര്യത്തില്‍ മാണിയെ ഒപ്പം കൂട്ടുന്നതാണ് ലാഭക്കണക്കെന്നും സിപിഎം വിലയിരുത്തുന്നു. ഇടത് ഐക്യം തകര്‍ക്കുന്ന രീതിയില്‍ സിപിഎമ്മിനെ പ്രകോപിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് ചിന്തിക്കുന്നവരും സിപിഐയിലുണ്ട്. ഇടതുമുന്നണി ജയിച്ചാലും തോറ്റാലും പഴി കേള്‍ക്കേണ്ട ഗതികേടിലാണ് സിപിഐ. ജയിച്ചാല്‍ ക്രഡിറ്റ് മാണി കൊണ്ടു പോകും. തോറ്റാല്‍ കുറ്റം സിപിഐയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.