സ്വകാര്യ ആശുപത്രികള്‍ക്ക് സാധാരണക്കാരോട് സഹതാപമോ?

Saturday 28 April 2018 4:17 am IST

നഴ്സുമാരുടെ ശമ്പളംപരിഷ്‌കരിച്ചുള്ള  സര്‍ക്കാര്‍ വിജ്ഞാപനം  അംഗീകരിക്കാത്ത സ്വകാര്യ ആശുപത്രി മനേജ്‌മെന്റ് നീക്കം ധിക്കാരമാണ്. ശമ്പളം പരിഷ്‌കരിച്ചാലേ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറൂ എന്ന യുണെറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) നിലപാട് ന്യായവുമാണ്. വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കിയാല്‍ സാധാരണക്കാരന് ചികിത്സാ ചെലവ് താങ്ങാനാകില്ലെന്ന മാനേജ്മെന്റുകളുടെ വാദം പൊള്ളയാണ്. എന്നുമുതലാണ് ആശുപത്രി മേധാവികള്‍ക്ക് സാധാരണക്കാരോട് സഹതാപം തോന്നിത്തുടങ്ങിയത്?.

കെവിഎം പോലുള്ള ആശുപത്രികളില്‍ നഴ്‌സുമര്‍ മാസങ്ങളായി സമരത്തിലാണ്. ലോങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര മാര്‍ഗ്ഗത്തിലേക്ക് അവരെ തള്ളിവിടുകയാണ്. ചര്‍ച്ചയും പ്രഹസനങ്ങളുമായി എത്ര നാളായി അവരെ പറ്റിക്കുന്നു. ഇനിയും കബളിപ്പിക്കപ്പെടാന്‍ അവര്‍ തയ്യാറല്ല.

സുപ്രീം കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം പ്രാവര്‍ത്തികമാക്കാനുള്ള ബാധ്യത മാനേജുമെന്റുകള്‍ക്കുണ്ട്. അത് അനുസരിക്കാതെ കോടതിയെ സമീപിച്ചാല്‍ തിരിച്ചടി ഉറപ്പാണ്.

വിജ്ഞാപനം നടപ്പിലാക്കാത്ത ആശുപത്രികള്‍ക്കെതിരേ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണം. ആശുപത്രികളുടെ മറവില്‍ വന്‍വരുമാനം ഉണ്ടാക്കുന്ന നഴ്‌സിംഗ് സ്‌കൂളുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിക്കണം. എങ്കില്‍ മാത്രമേ മനേജുമെന്റുകളുടെ ധാര്‍ഷ്ട്യത്തിന് അറുതി വരുത്താനാകൂ.

കെ.എ. സോളമന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.