സൈന, പ്രണോയ് സെമിയില്‍; സിന്ധുവും ശ്രീകാന്തും പുറത്ത്

Saturday 28 April 2018 4:46 am IST

വുഹാന്‍ ( ചൈന): ഇന്ത്യയുടെ സൈന നെഹ്‌വാളും എച്ച്.എസ്. പ്രണോയിയും  ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. അതേസമയം പി.വി. സിന്ധുവും കെ. ശ്രീകാന്തും  ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.

ദക്ഷിണ കൊറിയയുടെ ലീ ജാങ് മിയെ അനായാസം മറികടന്നാണ് സൈന സെമിയിലെത്തിയത്. 43 മിനിറ്റ് നീണ്ട് മത്സരത്തില്‍ 21-15, 21-13 എന്ന സ്‌കോറിന് സൈന ജയിച്ചുകയറി.

ഒന്നാം സീഡായ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങും  എട്ടാം സീഡായ ഷീ ബിങ്ജിയാവോയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് സൈന സെമിയില്‍ എതിരിടുക.

രണ്ടാം സീഡായ കൊറിയയുടെ സണ്‍ വാന്‍ ഹോയെ അട്ടിമറിച്ചാണ് ലോക പത്താം നമ്പറായ പ്രണോയ് സെമിയിലെത്തിയത്. ഒരു മണിക്കൂര്‍ 12 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പ്രണോയ് വിജയിച്ചത്. സ്‌കോര്‍ 18-21, 23-21, 21- 12.

ഒളിമ്പിക് ചാമ്പ്യനും മൂന്നാം സീഡുമായ ചെന്‍ ലോങാണ് സെമിയില്‍ പ്രണോയിയുടെ എതിരാളി.

ശ്രീകാന്തിനെ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ലീ ചോങ് വീ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 31 മിനിറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ 21-12, 21-15 എന്ന സ്‌കോറിനാണ് ലീ ചോങ് വീ വിജയം നേടിയത്. ലോക അഞ്ചാം നമ്പറായ ശ്രീകാന്ത് ഇത് അഞ്ചാം തവണയാണ് ലീ ചോങ് വീയോട് തോല്‍ക്കുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മിക്‌സഡ് ടീം ഇനത്തില്‍ ശ്രീകാന്ത് ലീ ചോങ് വീയെ തോല്‍പ്പിച്ചിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് കൊറിയയുടെ സങ് ജി ഹുന്‍ പരാജയപ്പെടുത്തി. സ്‌കോര്‍ 21-19, 21-10.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.