പാലക്കാട് യുഡി‌എഫിന്റെ ആദ്യ അവിശ്വാസം പരാജയപ്പെട്ടു

Saturday 28 April 2018 11:12 am IST

പാലക്കാട് നഗരസഭയിൽ ബിജെപി ഭരണസമിതിക്കെതിരായ ആദ്യ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു. ആരോഗ്യ സ്ഥിരം സമിതിയിലേക്ക് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ  യുഡിഎഫ് - എൽ ഡി എഫ് അവിശുദ്ധ കൂട്ടുകെട്ടിന് തിരിച്ചടിനല്കിയാണ് ബിജെപി വിജയിച്ചത്. സി പി എം സ്വതന്ത്രയായി വിജയിച്ച ഷാഹിദ ഫാഹിമിന്റെ വോട്ട് അസാധുവായതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. 

ആകെ  എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അവിശ്വാസം പാസ്സാകാൻ അഞ്ചുപേരുടെ പിന്തുണ വേണം. ബിജെപിക്കും യുഡിഎഫിനു മൂന്ന് അംഗങ്ങൾ വീതവും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പ്രമേയത്തിന് അനുകൂലമായി നാല് വോട്ടേ ലഭിച്ചുള്ളൂ. നഗരസഭയിലെ ജനക്ഷേമ ഭരണത്തിന്റെ വിജയമാണിതെന്ന് ആരോഗ്യ സ്ഥിരം സമിതി  അധ്യക്ഷ ജയന്തി രാമനാഥൻ പ്രതികരിച്ചു.

അതേസമയം നഗരസഭയിലെ ബിജെപി ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ പ്രമേയം പാസായി. ഇതോടെ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് നഷ്ടമായി. നാല് ബിജെപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരേയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

നഗരസഭാധ്യക്ഷനും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിന് മുന്നോടിയായി മൂന്ന് സ്റ്റാന്‍ഡിംഗ്‌ കമ്മറ്റികള്‍ക്കെതിരുയുള്ള അവിശ്വാസം പാസാകണം.  ഭരണ സമിതിക്കെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ യുഡിഎഫിന് പിന്തുണനല്‍കാന്‍ ഇന്നു ചേര്‍ന്ന സിപിഎം യോഗത്തിലാണ് തീരുമാനിച്ചത്. ആരോഗ്യകാര്യം, ക്ഷേമകാര്യം, വികസനകാര്യം എന്നീ മൂന്ന് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.