സിപി‌എം നേതാവിനെ വധിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍

Saturday 28 April 2018 1:49 pm IST

കൊല്ലം: രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറിയെ വധിച്ചത് പാര്‍ട്ടി തന്നെ. കൊല്ലം ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണത്തിലാണ് കുടുംബം സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 

ഇതുവരെ വിവരം പുറത്ത് പറയാതിരുന്നത് ഭീഷണിയില്‍ ഭയന്നാണ്. മക്കളെ കൊല്ലുമെന്നായിരുന്നു ഭീഷണി. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയാല്‍ പലരും വെട്ടിലാകുമെന്ന് പാര്‍ട്ടിക്കറിയാവുന്നതിനാലാണ് മൂടി വെയ്ക്കുന്നതെന്നും കുടുംബം വെളിപ്പെടുത്തി. പാര്‍ട്ടിയറിയാതെ തങ്ങളുടെ ആള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.   

രവീന്ദ്രന്‍ പിള്ളയെ വെട്ടി വീഴ്ത്തിയത് ക്വട്ടേഷന്‍ സംഘമാണ്. എന്നാല്‍ കാരണം അറിയില്ല. ഇതായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അഞ്ചുപേരെ പ്രതിചേര്‍ത്തെങ്കിലും അവരല്ല ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പിള്ള തിരിച്ചറിഞ്ഞിരുന്നു. 2008 ജനുവരി മൂന്നിന് അഞ്ചലില്‍ വച്ചാണ് സിപിഎമ്മിന്റെ പ്രമുഖ പ്രാദേശിക നേതാക്കളില്‍ ഒരാളായ രവീന്ദ്രന്‍ പിള്ളയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എട്ടു വര്‍ഷത്തോളം ജീവച്ഛവമായി കിടന്ന ശേഷം 2016 ജനുവരി 13 ന് മരിക്കുകയായിരുന്നു. 

അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായിയും ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരിയും സന്ദര്‍ശിക്കുകയും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് കുടുംബം പറയുന്നു.  തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടിക്കാരുടെ മട്ടുമാറിയെന്നും കുടുംബം പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.