ജന്മഭൂമി സെമിനാറില്‍ കേന്ദ്രമന്ത്രി: വേമ്പനാടും കുമരകവും 12 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍

Saturday 28 April 2018 4:44 pm IST

ആലപ്പുഴ: രാജ്യത്തെ പന്ത്രണ്ട് പ്രധാനപ്പെട്ട ടുറിസ്സ് കേന്ദ്രങ്ങളില്‍ കുമരകത്തെയും വേമ്പനാട്ട് കായലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍‌ഫോണ്‍സ് കണ്ണന്താനം. ഇത് കായല്‍ ടൂറിസത്തിന്റെയും ഈ പ്രദേശങ്ങളുടെയും വികസനത്തിന് കൂടുതല്‍ സഹായകരമാകുമെന്നും അദ്ദേഹം അറിയിച്ചു.  കായല്‍ ടൂറിസം രംഗത്തെ അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ജന്മഭൂമി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കണ്ണന്താനം.

കേരളത്തില്‍ നല്ലൊരു അക്വോറിയം നമുക്കില്ല. അതിനാല്‍ പാതിരാമണലില്‍ അക്വാറിയം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കേരളത്തില്‍ നൈറ്റ് ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. എങ്കില്‍ മാത്രമേ വിദേശ ടൂറിസ്റ്റുകള്‍ ഇവിടെ തങ്ങുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി പ്രൊഫ. എം. ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ടൂറിസം രംഗത്തെ അവസരങ്ങളെക്കുറിച്ച് കെ.കെ. പൊന്നപ്പനും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാറും സംസാരിച്ചു.

കായല്‍ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെ അധികരിച്ച് ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസുകുട്ടി ജോസഫും ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി കെവിന്‍ റൊസാരിയോയും വിഷയം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.