വൈഷ്ണവ പദത്തിലേക്കുള്ള യാത്രികരുടെ ലക്ഷണം പറയുന്നു(15-5)

Sunday 29 April 2018 2:21 am IST

പരമപദം അന്വേഷിച്ചു ആത്മീയ യാത്രചെയ്യുന്ന ഭഗവദ് ഭക്തന്മാരുടെ ലക്ഷണം-അനന്തര സാധകള്‍-വിവരിക്കുന്നു. ശ്രവണ കീര്‍ത്തനാദി ഭക്തി സാധനകളുടെ അന്തിമാവസ്ഥയായ ആത്മ സമര്‍പ്പണത്തിന്റെ പ്രക്രിയ തന്നെയാണിത്. ആ പ്രക്രിയ വിവരിക്കുന്നു.

(1) നിര്‍മാനമോഹാഃ - ഞാനാണ് എല്ലാത്തിനും ഉടമസ്ഥന്‍; എല്ലാം എനിക്കു വേണം; എല്ലാവരും എന്നെ ബഹുമാനിക്കണം-എന്ന മനോഭാവം ഉണ്ടാവരുത്. അജ്ഞാനമാണ്-മോഹമാണ് ആ മനോഭാവം നിലനിര്‍ത്തുന്നത്. എല്ലാത്തിനും നാഥന്‍ ഉടമ-ഭഗവാനാണ് എന്ന ജ്ഞാനം വളര്‍ത്തണം. ''മത്തഃസര്‍വ്വം പ്രവര്‍ത്തതേ,'' എന്ന ഗീതാ താല്‍പ്പര്യം നാം ഉള്‍ക്കൊള്ളണം.

(2) ജിതസംഗദോഷാഃ (15-5)

പുത്രന്മാര്‍, ഭാര്യ മുതലായ ലൗകികസുഖം തരുന്ന വസ്തുക്കളോടു ഒരുതരത്തിലും സ്‌നേഹം തോന്നരുത്. തനിക്ക് ഇഷ്ടമില്ലാത്ത വസ്തുക്കളോടു ലേശം പോലും ദ്വേഷവും തോന്നരുത്. ആദ്ധ്യാത്മികചര്യ അനുഷ്ഠിക്കുന്നവര്‍ ആദ്യമേ ഈ സംഗദോഷങ്ങളെ ജയിക്കണം, കീഴടക്കണം. ഈ ശ്ലോകത്തില്‍ പരമപദം അന്വേഷിക്കുന്നവരുടെ പ്രവര്‍ത്തനമാണ് വിവരിക്കുന്നത്. അവര്‍ സ്വര്‍ഗാദി ദിവ്യലോക സുഖങ്ങളെ സ്‌നേഹിക്കരുത് എന്ന് പറയേണ്ടതില്ല. അവര്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം-പദം-മോക്ഷാവസ്ഥ പോലുമല്ല. ഭഗവാന്റെ ബ്രഹ്മതേജസ്സില്‍ ലയിച്ച് ചേരുക എന്ന സായുജ്യവുമല്ല. ആ ഭക്തന്റെ പ്രാര്‍ത്ഥന ഇങ്ങനെയാണ്:

''വിത്തങ്ങളേകേണ്ട, യശസ്സുവേണ്ട,

വിണ്ണില്‍ സുഖിക്കേണ്ട, വിമുക്തി വേണ്ട:

തൃക്കാല്‍ക്കലെത്താനുമൊരേടമെന്നെ

പാര്‍ക്കാനയച്ചാല്‍ മതി മാരുതേശന്‍''

(ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്-നീലചന്ദ്രിക-പരിണാമ ഗുസ്തി)

ധനമോ, കീര്‍ത്തിയോ സ്വര്‍ഗസുഖമോ മാത്രമല്ല മോക്ഷംപോലും ആ ഭക്തന് വേണ്ടേ വേണ്ട! തൃക്കാല്‍ക്കല്‍-ഈ ശ്ലോകത്തില്‍ പറഞ്ഞ-അവ്യയമായ-പദത്തില്‍ എത്തിച്ചേരുകയേ വേണ്ടൂ!

(3) അധ്യാത്മനിത്യാഃ- (15-5)

സ്വരൂപം മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നവനുമാത്രമേ ആ പരമപദം പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. ഗീതയില്‍ പ്രതിപാദിച്ച ഭഗവത്തത്വവും കൂടി ചിന്തിക്കണം. ഒരു നിമിഷം പോലും മറ്റു വസ്തുക്കള്‍ ചിന്തിക്കരുത്. അങ്ങനെ അവബോധം നേടണം.

(4) വിനിവൃത്തകാമാഃ- സ്വര്‍ഗാദി ദിവ്യലോകസുഖങ്ങളില്‍ മുന്‍പേതന്നെ കാമം-ആഗ്രഹം ഇല്ലാത്തവര്‍ക്കു മാത്രമേ ഭഗവത്പദത്തിലെത്താന്‍ തോന്നുകയുള്ളൂ. മറ്റു ദേവന്മാരുടെ-ശിവന്‍, ദുര്‍ഗ, ആദിത്യന്‍ എന്നീ ദേവന്മാരുടെ ലോകത്തില്‍ എത്തിച്ചേരാനുള്ള ആഗ്രഹം പോലും ഉണ്ടാവരുത്. കാരണം ആ ലോകങ്ങള്‍ നശിക്കുന്നവയാണ് എന്നു ഭഗവാന്‍ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

''അന്തവത്തു ഫലം തേഷാം

തദ്ഭവത്യുല്‍പമേധസാം'' (7-23)

(5) ദ്വന്ദൈര്‍ വിമുക്താഃ സുഖദുഃഖ 

സംജ്ഞൈഃ(15-5)

സുഖത്തിനും ദുഃഖത്തിനും കാരണമായ തണുപ്പ്, ചൂട് മുതലായ-പരസ്പര വിരുദ്ധങ്ങളായ-ദ്വന്ദ്വഭാവത്തില്‍നിന്ന് പൂര്‍ണമായും മുക്തരാവണം. കഴിഞ്ഞ അധ്യായത്തില്‍ വിവരിച്ച ത്രിഗുണങ്ങളുടെ പിടിയില്‍നിന്ന് മുന്‍പേ തന്നെ മോചനം നേടണം എന്നര്‍ത്ഥം.

(6) അമൂഢാഃ - (15-5)

ഗീതയില്‍നിന്നും ഭാഗവതത്തില്‍നിന്നും ജീവാത്മാവ്, പരമാത്മാവ്, ക്ഷേത്രം, ക്ഷേത്രജ്ഞന്‍, ബ്രഹ്മഭാവം, വൈകുണ്ഠാദിയായ ഭഗവല്ലോകങ്ങള്‍, ഭഗവാന്റെ അവതാരങ്ങള്‍, സഗുണ നിര്‍ഗുണ ഭാവങ്ങള്‍ തുടങ്ങിയ എല്ലാ ജ്ഞാനങ്ങളും നേടി അജ്ഞാനം- മൂഢഭാവം തീരെയില്ലാതാവണം. ഇതാണ് അവസാനത്തെ പ്രക്രിയ എന്നര്‍ത്ഥം.

ആ അവസ്ഥയില്‍ എത്തിയവര്‍ക്ക്-

അവ്യയം തത്പദം ഗച്ഛന്തി-നിത്യമായ ഒരു ന്യൂനതയും സംഭവിക്കാത്ത ഭഗവാന്റെ സന്തത നിവാസസ്ഥാനം-ഗോലോകം-പ്രാപിക്കാന്‍ സാധിക്കുന്നു.

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.