ഗീതയിലെ ബുദ്ധിയോഗം

Sunday 29 April 2018 2:24 am IST
ആത്മീയോന്മുഖമായ പാതകള്‍ പ്രധാനമായും നാലെണ്ണമാണ് : ജ്ഞാനയോഗം, ഭക്തിയോഗം, കര്‍മ്മയോഗം, ധ്യാനയോഗം എന്നിങ്ങനെ. ഉദാഹരിക്കുകയാണെങ്കില്‍ അദ്വൈതവേദാന്തം ജ്ഞാനയോഗത്തെയും, വിശിഷ്ടാദ്വൈതം - ദ്വൈതം -ശുദ്ധാദ്വൈതം - അചിന്ത്യഭേദാഭേദം എന്നീ വേദാന്ത പരമ്പരകള്‍ ഭക്തിയോഗത്തെയും, ഭഗവദ്ഗീത ഭക്ത്യാധിഷ്ഠിത കര്‍മ്മയോഗത്തെയും, പതഞ്ജലി ധ്യാനയോഗത്തെയും നിഷ്‌കര്‍ഷിക്കുന്നതിനായി കണക്കാക്കാം

ആത്മീയോന്മുഖമായ പാതകള്‍ പ്രധാനമായും നാലെണ്ണമാണ് : ജ്ഞാനയോഗം, ഭക്തിയോഗം, കര്‍മ്മയോഗം, ധ്യാനയോഗം എന്നിങ്ങനെ. ഉദാഹരിക്കുകയാണെങ്കില്‍ അദ്വൈതവേദാന്തം ജ്ഞാനയോഗത്തെയും, വിശിഷ്ടാദ്വൈതം - ദ്വൈതം -ശുദ്ധാദ്വൈതം - അചിന്ത്യഭേദാഭേദം എന്നീ വേദാന്ത പരമ്പരകള്‍ ഭക്തിയോഗത്തെയും, ഭഗവദ്ഗീത ഭക്ത്യാധിഷ്ഠിത കര്‍മ്മയോഗത്തെയും, പതഞ്ജലി ധ്യാനയോഗത്തെയും നിഷ്‌കര്‍ഷിക്കുന്നതിനായി കണക്കാക്കാം.

അദ്വൈത വേദാന്തം ആത്യന്തികമായി ജ്ഞാനമാര്‍ഗ്ഗത്തെയാണ് അവലംബിക്കുന്നത് ; ഭക്തിയും കര്‍മ്മവുമൊക്കെ ആദ്യപടിയായി മാത്രമേ സ്വീകരിക്കുന്നുള്ളൂ; ഇവ മനഃശുദ്ധീകരണത്തിനുവേണ്ടി മാത്രം സ്വീകരിക്കപ്പെടുന്നു. അദ്വൈത വേദാന്തികള്‍ കര്‍മ്മത്തെ ബന്ധനമായിക്കാണുകയും അതിനെ നിരാകരിക്കുകയും ചെയ്യുന്നതിനാലാണ് അവരുടെ പാത നിവൃത്തിമാര്‍ഗ്ഗം എന്നറിയപ്പെടുന്നത്.

മറിച്ച്, ഭക്തിയോഗികള്‍ ആത്മജ്ഞാനത്തെ ആദ്യപടിയായി, അതായത് അത്യാവശ്യം വേണ്ടുന്ന താത്ത്വികമായ അറിവായി മാത്രം സ്വീകരിക്കുകയും പിന്നീടുള്ള വഴിയില്‍, അതായത്, ഈ അറിവിന്റെ സാക്ഷാത്കാരത്തിനായി ഭക്തിയെ ആശ്രയിക്കുകയും ചെയ്യുന്നു. ഇവര്‍ കര്‍മ്മത്തെ ഒരു ഘട്ടത്തിലും നിരാകരിക്കുന്നില്ല, എന്നാല്‍ അത് നിസ്സ്വാര്‍ത്ഥ സേവനമായും ഈശ്വര പ്രീതിക്കായിട്ടുമാണ് അനുഷ്ഠിക്കപ്പെടുന്നത്.

വേദത്തിലെ കര്‍മ്മകാണ്ഡം പ്രവൃത്തി മാര്‍ഗ്ഗമായതിനാല്‍ അദ്വൈതവാദികള്‍ അതിനെ നിരാകരിക്കുന്നു. എന്നാല്‍ ഭക്തി മാര്‍ഗ്ഗികള്‍  കര്‍മ്മകാണ്ഡത്തിലെ നിത്യകര്‍മ്മത്തെ അതായത് നിയതകര്‍മ്മത്തെ കര്‍ത്തവ്യാനുഷ്ഠാനമായി സ്വീകരിക്കുകയും, ആഗ്രഹ പൂര്‍ത്തീകരണത്തിനായി ചെയ്യപ്പെടുന്ന കാമ്യകര്‍മ്മത്തെ മാത്രം (ബന്ധനമുണ്ടാക്കുന്നതാകയാല്‍) നിരാകരിക്കുകയും ചെയ്യുന്നു. ഇവരുടെ അഭിപ്രായത്തില്‍ നിസ്സ്വാര്‍ത്ഥസേവനം ഒരു ഘട്ടത്തിലും ബന്ധനമുണ്ടാക്കുന്നില്ല.

ഗീതയിലെ മാര്‍ഗ്ഗം തീര്‍ച്ചയായും ഭക്ത്യാധിഷ്ഠിത സേവനമാണ്, കാരണം രണ്ടാമദ്ധ്യായത്തില്‍ 12 തുടങ്ങി 30 വരെയുള്ള ശ്ലോകങ്ങളില്‍ ആത്മജ്ഞാനം ആദ്യപടിയായി ഉപദേശിക്കുന്നുണ്ടെങ്കിലും, പിന്നീട് ഈ ജ്ഞാനത്തിന്റെ സാക്ഷാത്കാരത്തിനായി നിഷ്‌കാമകര്‍മ്മത്തെയാണ് ഭഗവാന്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇവിടെ വേദത്തിലെ കാമ്യകര്‍മ്മാനുഷ്ഠാനങ്ങളുടെ (ഫലേച്ഛയാല്‍ ചെയ്യപ്പെടുന്ന കര്‍മ്മങ്ങളുടെ) വ്യര്‍ത്ഥത വ്യക്തമാക്കുന്നുണ്ട് (അദ്ധ്യാ: 2.32-35), എന്നാല്‍ ഒപ്പം തന്നെ കര്‍ത്തവ്യ നിര്‍വഹണത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുകയും, അകര്‍മ്മത്തെ അഥവാ കര്‍മ്മസംന്യാസത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ട് (3.4)

ന കര്‍മ്മണാം അനാരംഭാത്

നൈഷ്‌കര്‍മ്മ്യം പുരുഷോളശ്‌നുതേ

ന ച സംന്യാസനാത് ഏവ

സിദ്ധിം സമധിഗച്ഛതി

(കര്‍മ്മം ചെയ്യാതിരുന്നുകൊണ്ട് ആര്‍ക്കും നൈഷ്‌കര്‍മ്മ്യ സിദ്ധി ഉണ്ടാകുന്നില്ല, സന്ന്യാസം കൊണ്ട് പൂര്‍ണ്ണതയും                      നേടുന്നില്ല.)

ഗീതാസന്ദേശം ഭക്ത്യാധിഷ്ഠിത നിഷ്‌കാമകര്‍മ്മമാണ്, കാരണം '' സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ'' (18.66) '' ''മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്‌കുരു'' (18.65) ;'' മയി സര്‍വ്വാണി കര്‍മാണി സംനസ്യാധ്യാത്മ ചേതസാ'' (3.30) എന്നിങ്ങനെയുള്ള വരികളിലൂടെ ഭഗവദ്‌സമര്‍പ്പണമായി സേവനമനുഷ്ഠിക്കണമെന്നാണ് ഉപദേശിക്കുന്നത്.

ഇനി, ഗീതയിലെ 'ബുദ്ധിയോഗ' ത്തിലേക്ക് കടക്കുന്നതിനു മുമ്പ് ശ്ലോകം 2.39 -ല്‍ പ്രയോഗിച്ചിട്ടുള്ള 'സാംഖ്യം' 'യോഗം' എന്നീ പദങ്ങളുടെ അര്‍ത്ഥം ശരിയായി ഗ്രഹിക്കേണ്ടതുണ്ട് :

ഏഷാ തേളഭിഹിതാ സാംഖ്യേ

ബുദ്ധിര്‍യോഗേ ഇമാം ശൃണു

ബുദ്ധ്യായുക്തോ യയാ പാര്‍ത്ഥ

കര്‍മ്മബന്ധം പ്രഹാസ്യസി

(സാംഖ്യത്തിന്റെ ഈ ബുദ്ധി നിനക്ക് ഞാന്‍ വിവരിച്ചുതന്നു. ഇനി യോഗത്തിന്റെ ഈ ബുദ്ധികേട്ടാലും, യാതൊരു ബുദ്ധിയാല്‍ നിനക്ക് കര്‍മ്മബന്ധത്തെ ഉപേക്ഷിക്കാം.)

ഇവിടെ 'സാംഖ്യം' എന്ന പദം സൂചിപ്പിക്കുന്നത് ആദ്യം ഉപദേശിക്കപ്പെട്ട ആത്മജ്ഞാനത്തെയാണ്. കാരണം ആത്മജ്ഞാനം നല്‍കിക്കഴിഞ്ഞ ഉടനെതന്നെയാണ് ''ഞാന്‍ സാംഖ്യത്തിന്റെ ബുദ്ധിയാണ് നിനക്ക് ഉപദേശിച്ചത് '' എന്ന് കൃഷ്ണന്‍ പറയുന്നത്. സാംഖ്യത്തില്‍ അനശ്വരമായ ആത്മതത്ത്വത്തിന്റെയും പ്രകൃതി പരിണമിച്ചുണ്ടാകുന്ന അനാത്മ തത്ത്വങ്ങളുടെയും വിവരണമുണ്ട്. അനാത്മ തത്ത്വങ്ങളെ കുറിച്ചുള്ള അറിവും ആത്മജ്ഞാനത്തിന് ഏറ്റവും ഉപയോഗപ്രദമായ ഒന്നാണ്, കാരണം അനാത്മ തത്ത്വങ്ങള്‍(ശരീരം, പ്രാണങ്ങള്‍, ഇന്ദ്രിയങ്ങള്‍,മനസ്സ്, ബുദ്ധി എന്നിവ) അല്ല ആത്മാവ് എന്ന തിരിച്ചറിവ് ആത്മസാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗത്തെ സുഗമമാക്കുന്നു. ഇതിനാലാണ് സാംഖ്യം എന്ന പദം ആത്മജ്ഞാനത്തെക്കുറിക്കുന്നതിനായി ഉപയോഗിച്ചുപോരുന്നത്.

ഇനി, ഗീതയിലെ യോഗം എന്നപദം പതഞ്ജലിയോഗത്തെയല്ല പ്രതിപാദിക്കുന്നത്, മറിച്ച് നിഷ്‌കാമ കര്‍മ്മമാണ് ഇവിടെ പ്രതിപാദ്യ വിഷയം, കാരണം മേലുദ്ധരിക്കപ്പെട്ട ശ്ലോകത്തില്‍ ''ഇനി യോഗത്തിന്റെ ബുദ്ധി ശ്രവിച്ചാലും '' എന്നുരചെയ്തശേഷം ഭഗവാന്‍ നിഷ്‌കാമ സേവനത്തെയാണ് അവതരിപ്പിക്കുന്നത്.നിഷ്‌കാമ സേവനത്തെ അദ്ദേഹം '' ബുദ്ധി യോഗം'' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (2.49-51), കാരണം നിഷ്‌കാമ സേവനമാണ് ആത്മജ്ഞാനമാകുന്ന ''ബുദ്ധി''യുടെ പ്രയോഗം അഥവാ യോഗം. അതായത് ആത്മജ്ഞാനത്തിന്റെ സാക്ഷാത്കാരത്തിനായുള്ള പരിശീലനത്തെയാണ് ''ബുദ്ധി യോഗം'' ആവിഷ്‌കരിക്കുന്നത്, ഇത് നിഷ്‌കാമസേവനമാകുന്നു.(ഇസ്‌കോണ്‍ സ്ഥാപകാചാര്യന്‍  ശ്രീ ഭക്തിവേദാന്ത പ്രഭുപാദരുടെ വ്യാഖ്യാനവും ഇത് ശരി വയ്ക്കുന്നു.) 

ആത്മജ്ഞാനം അനുഭവമായി മാറണമെങ്കില്‍ സ്വാര്‍ത്ഥമോഹം നശിക്കണം. സ്വാര്‍ത്ഥപരമായ മോഹത്താലാണ് ജീവാത്മാവ് അനാത്മ തത്ത്വങ്ങളോട് താദാത്മ്യം പ്രാപിക്കുകയും തദ്ദ്വാരാ മിഥ്യാബോധം ജനിക്കുകയും ചെയ്യുന്നത്. സ്വാര്‍ത്ഥമോഹം വെടിയുക വഴി മിഥ്യാ ബോധവും അകലുന്നു. ഇത് നിസ്സ്വാര്‍ത്ഥ സേവനത്തിലൂടെ എളുപ്പത്തില്‍ സാധ്യമാകുന്നു. മറിച്ച്, കര്‍മ്മം അപ്പാടെ ത്യജിക്കുന്നതുകൊണ്ട് സ്വാര്‍ത്ഥകര്‍മ്മവാസന ക്ഷയിക്കണമെന്നില്ല.                 അതിനാല്‍ ഗീതയിലെ യോഗം എന്നത് നിഷ്‌കാമ കര്‍മ്മാനുഷ്ഠാനമാണ്. ഇത് '' ബുദ്ധിയോഗം'' എന്ന് വിളിക്കപ്പെടുന്നതിന്റെ പൊരുള്‍ ഇതാകുന്നു: ഒന്ന്, മനുഷ്യന്‍ അനശ്വരമായ ആത്മാവാണ്, നശ്വരങ്ങളായ അനാത്മതത്ത്വങ്ങളല്ല എന്ന തത്ത്വജ്ഞാനത്തെ ബുദ്ധിയോഗത്തിലെ ''ബുദ്ധി'' സൂചിപ്പിക്കുന്നു; രണ്ട്, കര്‍മ്മമല്ല, സ്വാര്‍ത്ഥമോഹങ്ങളാണ് തന്റെ ബന്ധനത്തിനു കാരണമെന്നും അതിനാല്‍ കര്‍മ്മത്തെ സ്വാര്‍ത്ഥോന്മുഖ പന്ഥാവില്‍ നിന്ന് മാറ്റി ഭഗവദോന്മുഖമായി /  ഭഗവദ് പ്രീതിക്കായി അനുഷ്ഠിക്കണമെന്നുള്ള അറിവിനെയും ബുദ്ധിയോഗം സൂചിപ്പിക്കുന്നു. ഇങ്ങനെ അറിവിന്റെ അടിസ്ഥാനത്തിലുള്ള സേവനമാകയാലാണ് നിഷ്‌കാമ കര്‍മ്മയോഗത്തിന് ''ബുദ്ധിയോഗം''എന്ന പ്രയോഗം     അനുയോജ്യമാകുന്നത്. അതിനാല്‍  ഗീതയിലെ ബുദ്ധിയോഗം യഥാര്‍ത്ഥത്തില്‍ ഭക്തിയുത സേവനത്തെയാണ് ഉദ്‌ബോധിപ്പിക്കുന്നത്.  

(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഫിലോസഫി വകുപ്പിലെ മുന്‍മേധാവിയാണ് ലേഖിക, ഫോണ്‍ - 9495627908)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.