പരിത്രാണനത്തിന് ദത്താത്രേയ മഹര്‍ഷി

Sunday 29 April 2018 2:30 am IST
മല്‍സരാസുരന് അധികാരവും ചാരന്മാരുടെ സഹായവും കൈവശമുണ്ട്. ഇന്ദ്രാദികള്‍ക്ക് ദേവന്മാര്‍ തന്നെ ഛിന്നഭിന്നമായി നില്‍ക്കുന്നു

മല്‍സരാസുരന് അധികാരവും ചാരന്മാരുടെ സഹായവും കൈവശമുണ്ട്. ഇന്ദ്രാദികള്‍ക്ക് ദേവന്മാര്‍ തന്നെ ഛിന്നഭിന്നമായി നില്‍ക്കുന്നു.

ഇതിനിടെ മല്‍സരാസുരന്റെ ചാരന്മാര്‍ ചില വിവരം മണത്തറിഞ്ഞു. മത്സരാസുരനെ വധിക്കാനായി ഇന്ദ്രാദികള്‍ ഗൂഢാലോചന നടത്തുന്നു. ഈ ഗൂഢാലോചനയില്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരും പലതരത്തില്‍ ഭാഗമാക്കിയിട്ടുണ്ട്. ഈ മൂര്‍ത്തിത്രയം ഗൂഢാലോചന നടത്തി ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. എന്തൊക്കെയാണെന്നു വ്യക്തമാക്കിയിട്ടില്ല.

ഇന്ദ്രാദികള്‍ കാടുകയറിയിരിക്കുന്നു. അവര്‍ക്ക് മത്സരബുദ്ധിയില്‍ ഒട്ടും കുറവില്ല. 

അവര്‍ വനമധ്യത്തില്‍ വച്ച് ദത്താത്രേയ മഹര്‍ഷിയെ കണ്ടെത്തി. തങ്ങളുടെ സങ്കടാവസ്ഥകള്‍ അറിയിച്ച് കാല്‍ക്കല്‍ വീണു.

ദത്താത്രേയന്‍: മാര്‍ഗം തെളിയും. പക്ഷേ നിങ്ങള്‍ ആദ്യം നിങ്ങളുടെ ഉള്ളിലെ മാത്സര്യബുദ്ധി കളയൂ. എന്നിട്ട് ശ്രീഗണേശനെ സേവിക്കൂ.

ഇന്ദ്രന്‍:- ശ്രീപരമേശ്വരന്‍ ഞങ്ങളെ കൈവിട്ടു. കാത്തിരിക്കാനാണ് ശിവന്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചത്. ആ സ്ഥിതിക്ക്, ശിവന്‍ സഹായിക്കാത്തിടത്ത് ഗണേശന്‍ സഹായിക്കുമോ?

ദത്താത്രേയന്‍: അപ്പോള്‍ നിങ്ങള്‍ കാര്യങ്ങളെന്നും അറിയുന്നില്ലേ. മല്‍സരാസുരനെതിരെ ശ്രീപരമേശ്വരനും ഗൂഢാലോചന നടത്തിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

തനിക്കെതിരെ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ശ്രീപരമേശ്വരനെയും വധിക്കണമെന്നാണ് ഇപ്പോള്‍ മല്‍സരാസുരന്‍ പറയുന്നത്. ശിവനേയും വിഷ്ണുവിനേയും ബ്രഹ്മാവിനേയുമെല്ലാം ശത്രുവായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സമയത്ത് നിങ്ങള്‍ ശ്രീഗണേശനെ സേവിച്ചാല്‍ ഫലവത്താകും.

ദേവന്മാര്‍ ലോകഗുരുവായ ദത്താത്രേയ മഹര്‍ഷിയുടെ ഉപദേശത്തെ മാനിച്ചു ശ്രീഗണേശനെ ഏകാക്ഷര മന്ത്രംകൊണ്ടു സേവിച്ചു.

ശ്രീഗണേശന്‍ വക്രതുണ്ഡ ഭഗവാനായി ദര്‍ശനം നല്‍കി. മല്‍സരാസുരന്റെ ഉപദ്രവം അവസാനിപ്പിച്ചു തരണമെന്ന് ദേവന്മാര്‍ ഭഗവാനോടഭ്യര്‍ത്ഥിച്ചു.

ഇക്കാര്യത്തില്‍ ദേവന്മാര്‍ക്കു നേതൃത്വം നല്‍കി യുദ്ധക്കളത്തിലിറങ്ങാന്‍ വക്രതുണ്ഡന്‍ സന്നദ്ധനായി. ഭഗവാന്‍ നേരിട്ടിറങ്ങി ദേവന്മാരെ യുദ്ധസന്നദ്ധരാക്കി. ശ്രീഗണേശന്റെ ഗണങ്ങളും എല്ലായിടത്തും നിറഞ്ഞുനിന്നു. തുടര്‍ന്ന് മല്‍സരാസുരന്റെ സങ്കേതത്തെ ആക്രമിച്ചു. വക്രതുണ്ഡ ഭഗവാന്‍ യുദ്ധക്കളത്തില്‍ എല്ലായിടത്തും നിറഞ്ഞുനിന്ന് അസുരന്മാരെ കീഴടക്കിക്കൊണ്ടിരുന്നു.

എവിടെ എപ്പോഴാണ് വക്രതുണ്ഡന്‍ വരുന്നതെന്ന് അസുരന്മാര്‍ക്കും പിടുത്തം കിട്ടിയില്ല. പറന്നുവരുന്നുതൊന്നും ആരും കാണുന്നില്ല. പെട്ടെന്നാണ് ആക്രമണങ്ങള്‍. ആ പ്രദേശത്തുള്ള അസുര സൈന്യത്തെ മുഴുവന്‍ നിഗ്രഹിച്ച് അപ്രത്യക്ഷനാകും. അസുരസൈന്യത്തിന് ഒരിടത്തും നിലയുറപ്പിക്കാനാകുന്നില്ല.

മല്‍സരാസുരസൈന്യം പരാജയപ്പെട്ടോടി. മല്‍സരാസുരന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയതോടെ പാളയത്തില്‍ പടയായി.

 

ഗണേശ കഥകള്‍

 

എ.പി.ജയശങ്കര്‍, ഇടപ്പള്ളി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.