ജന്മഭൂമി ബെംഗളൂരുവില്‍നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങി

Saturday 28 April 2018 8:36 pm IST
പത്രധര്‍മ്മം പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സത്യത്തിനും ധര്‍മത്തിനും മുന്‍തൂക്കം നല്‍കുന്ന ജന്മഭൂമി ദേശസ്‌നേഹികളുടെ പ്രതീക്ഷയാണെന്ന് സുരേഷ് ഗോപി എംപി. ജന്മഭൂമിയുടെ ഏഴാമത് എഡിഷന്‍ ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ബെംഗളൂരു: പത്രധര്‍മ്മം പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സത്യത്തിനും ധര്‍മത്തിനും മുന്‍തൂക്കം നല്‍കുന്ന ജന്മഭൂമി ദേശസ്‌നേഹികളുടെ പ്രതീക്ഷയാണെന്ന് സുരേഷ് ഗോപി എംപി. ജന്മഭൂമിയുടെ ഏഴാമത് എഡിഷന്‍ ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനമനസ്സില്‍ തെറ്റിദ്ധാരണ വളര്‍ത്തുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അധികവും. പാവങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്ന മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് വിരുദ്ധമാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ കുത്തക മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല. 

ആ സാഹചര്യത്തില്‍ ജന്മഭൂമി വ്യവസായ സാമ്രാജ്യത്തിന്റെയോ ശതകോടീശ്വരന്മാരുടെയോ പിന്തുണയില്ലാതെ നാലു പതിറ്റാണ്ടായി തല ഉയര്‍ത്തി നില്‍ക്കുന്നു. തുടങ്ങി ഏഴ് മാസത്തിനകം അടച്ചു പൂട്ടേണ്ടി വന്ന പത്രം പിന്നീട് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ തുടക്കമായിരുന്നു. 

ജനതാ ഭരണം അധികനാള്‍ തുടര്‍ന്നില്ലെങ്കിലും അന്ന് സത്യത്തിന്റെ പക്ഷത്ത് നിന്നവരാണ് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നത്. ദൈവത്തിന്റെ കൈയൊപ്പുള്ള അവര്‍ക്കെതിരെ കള്ളപ്രചാരണം നടത്തുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള കടമയും ബാധ്യതയും ജന്മഭൂമിക്കുണ്ട്. അത് കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. തുടര്‍ന്ന് ആദ്യ പതിപ്പിന്റെ പ്രകാശനം സുരേഷ് ഗോപി നിര്‍വഹിച്ചു. 

ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ  കുമ്മനം രാജശേഖരന്‍ അധ്യക്ഷനായി. ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എന്‍. തിപ്പെസ്വാമി, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു

ഇന്ദിരാനഗര്‍ എന്‍ഡികെ കല്യാണമന്ദിരയില്‍ പ്രമുഖരടങ്ങുന്ന നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഉദ്ഘാടന ചടങ്ങ്. ജന്മഭൂമി പിന്നിട്ട നാള്‍വഴികളുടേയും എസ്. രമേശന്‍നായര്‍ രചിച്ച് രമേശ് നാരായണന്‍ സംഗീതം നല്‍കിയ ജന്മഭൂമി അവതരണഗാനത്തിന്റേയും ദൃശ്യവല്‍ക്കരണത്തിനു ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.