ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ മുന്നേറ്റം അവസാനിച്ചു

Sunday 29 April 2018 2:49 am IST

വുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുതിപ്പ് സെമിയില്‍ അവസാനിച്ചു. പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയും വനിതാ സിംഗിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണജേത്രി സൈന നെഹ്‌വാളും സെമിയില്‍ പൊരുതി വീണു. 

പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡ് ചൈനയുടെ ചെന്‍ ലോങ്ങാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്. 52 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ പരാജയം. 52 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-16, 21-18 എന്ന സ്‌കോറിനായിരുന്നു ചെന്‍ ലോങ് ജയിച്ചുകയറിയത്.

നേരത്തെ രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയെ കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് പ്രണോയ് സെമിയിലെത്തിയത്. എന്നാല്‍ ആ പ്രകടനം സെമിയില്‍ പുറത്തെടുക്കാന്‍ പ്രണോയിക്ക് കഴിഞ്ഞില്ല.

വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റാണ് ലോക 12-ാം നമ്പറുകാരിയായ സൈന പുറത്തായത്. 45 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 27-25, 21-19 എന്ന സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.