പൃഥ്വി ഷാ റെക്കോഡിനൊപ്പം

Sunday 29 April 2018 3:05 am IST

ന്യൂദല്‍ഹി: ഐപിഎല്ലില്‍ പൃഥ്വി ഷാ ഒരു റെക്കോഡിനൊപ്പം. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ കൗമാരതാരം പൃഥ്വി ഷാ ഒരു നേട്ടത്തിനൊപ്പമെത്തിയത്. ഐപിഎല്ലില്‍ അര്‍ദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് സഞ്ജു വി. സാംസണൊപ്പം പൃഥ്വി സ്വന്തമാക്കിയത്. ഇരുവരും 18 വയസും 169 ദിവസവും പ്രായമുള്ളപ്പോഴാണ് ആദ്യ ഐപിഎല്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി 2013ലായിരുന്നു സഞ്ജു സാംസണ്‍ ഐപിഎല്ലിലെ പ്രായം കുറഞ്ഞ അര്‍ദ്ധ സെഞ്ചുറി സ്വന്തമാക്കിയത്.

പൃഥ്വിയുടെ പ്രകടനം ദല്‍ഹി ഡെയര്‍ ഡെവിള്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 55 റണ്‍സിനാണ് ദല്‍ഹി മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയത്. 7 മത്സരങ്ങള്‍ കളിച്ച ദല്‍ഹിയുടെ രണ്ടാം വിജയം മാത്രമാണിത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. വെറും 40 പന്തില്‍ നിന്ന് 10 സിക്‌സറുകളും നാല് ബൗണ്ടറിയുമടക്കം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 93 റണ്‍സെടുത്തപ്പോള്‍ പൃഥ്വി ഷാ 44 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സറുമടക്കം 62 റണ്‍സെടുത്തു. 18 പന്തില്‍ നിന്ന് കോളിന്‍ മണ്‍റോ 33 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 30 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ആന്ദ്രെ റസ്സലാണ് നൈറ്റ് റൈഡേഴ്‌സ് ടോപ്‌സ്‌കോറര്‍. ശുഭം ഗില്‍ 37 റണ്‍സും സുനില്‍ നരേയ്ന്‍  9 പന്തില്‍ 26 റണ്‍സും നേടി. ദല്‍ഹി ഡെയര്‍ ഡെവിള്‍സിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ട്, മാക്‌സ്‌വെല്‍, അവേഷ് ഖാന്‍, അമിത് മിശ്ര എന്നിവര്‍ മികച്ച ബൗളിങ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.