പിണറായി പറയട്ടെ, അണികള്‍ക്ക് ആ പക്ഷമില്ല

Sunday 29 April 2018 3:10 am IST
കോടിയേരിയും പിണറായിയും പ്രസ്താവന നടത്തിയെന്ന് കരുതി അതിന് അണികളുടെ പിന്തുണയുണ്ടെന്ന് ധരിക്കേണ്ട. ഈ നാടിനേയും ഇവിടുത്തെ സംസ്‌കാരത്തേയും അഭിമാനത്തോടെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ വഴിതെറ്റി ഇവരോടൊപ്പം ചെന്നിട്ടുണ്ട്. വഴിതെറ്റി പോയിരിക്കുന്ന ഈ യുവ തലമുറയെ ശരിയായ മാര്‍ഗത്തിലെത്തിക്കാന്‍ നമുക്ക് കഴിയണം.

കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അങ്ങനെയാണ്. സ്വാതന്ത്ര്യസമരകാലത്തും, അതിന് ശേഷം ചൈനാ ആക്രമണകാലത്തും സ്വന്തം നാടിനെതിരെ പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും ഒരു മനസാക്ഷിക്കുത്തും കാണിക്കാത്തവരാണല്ലോ സിപിഎം നേതാക്കള്‍. ചൈനയ്‌ക്കെതിരെ യുദ്ധം ചെയ്ത് പരിക്കേറ്റ നമ്മുടെ സൈനികര്‍ക്ക് രക്തം കൊടുത്തതിന് വിഎസ് അച്യുതാന്ദനെതിരെ നടപടിയെടുത്തവരാണല്ലോ അവര്‍. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം കൊറിയയും ചൈനയും കഴിഞ്ഞാല്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണല്ലോ എല്ലാം. അതു പോകട്ടെ.  

 ഈ ദേശവിരുദ്ധ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? ഈ ദേശവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവെന്നതു ശരി. പക്ഷേ,  ഇവരുമായി സഖ്യമുണ്ടാക്കാന്‍ പെടാപ്പാട്‌പെടുകയാണല്ലോ രാഹുല്‍ ഗാന്ധി. കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അഭിനന്ദിച്ച, അഭിനവ സ്റ്റാലിന്‍ പിണറായിയുടെ നിലപാടിനെതിരെ കാനം രാജേന്ദ്രനെങ്കിലും പ്രതികരിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേരിനൊപ്പം കമ്മ്യൂണിസ്റ്റ് എന്നുണ്ടായിട്ടുപോലും. ഈ കോണ്‍ഗ്രസ് കഷണങ്ങള്‍ക്കും സാക്ഷാല്‍ സോണിയക്കും കോണ്‍ഗ്രസ്സിനും ഈ ദേശദ്രോഹികളുമായി സഖ്യമില്ലാ എന്നു പറയുവാന്‍ കഴിയുന്നില്ലല്ലോ.  

 ഇനിയാണു കാര്യം. ഈ കോടിയേരിയും പിണറായിയും പ്രസ്താവന നടത്തിയെന്ന് കരുതി അതിന് അണികളുടെ പിന്തുണയുണ്ടെന്ന് ധരിക്കേണ്ട. ഈ നാടിനേയും ഇവിടത്തെ സംസ്‌കാരത്തേയും അഭിമാനത്തോടെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ വഴിതെറ്റി ഇവരോടൊപ്പം ചെന്നിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ കുറിച്ചും നാം ചിന്തിക്കണം. ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വളരെ ശക്തമായ സാന്നിധ്യമാണ് എസ്എഫഐയ്ക്കുള്ളത്. എന്നു കരുതി ഈ വിദ്യാര്‍ത്ഥികളൊന്നും ദേശീയ വിരുദ്ധരോ ചൈന അനുകൂലികളോ അല്ല. വഴിതെറ്റി പോയിരിക്കുന്ന ഈ യുവ തലമുറയെ ശരിയായ മാര്‍ഗ്ഗത്തിലെത്തിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നതാണു പ്രശ്‌നം. താത്കാലികമായ വികാരത്തിന്റെ പേരില്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ആയിരക്കണക്കിന് യുവാക്കളാണ് നമ്മുടെ ക്യാംപസ്സുകളിലുള്ളത്. അവരിലേക്ക് ഇറങ്ങി ചെന്ന് നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ദേശ സ്‌നേഹമുള്ളവര്‍ ഏറ്റെടുത്തേ പറ്റൂ. 

കമ്യൂണിസ്റ്റ് യുവജന സംഘടനയാണല്ലോ ഡിവൈഎഫ്‌ഐ. ആശുപത്രികളിലെ നിര്‍ദ്ധനനരായ രോഗികള്‍ക്ക് സൗജന്യമായി പൊതിച്ചോറ് സമാഹരിച്ച് കൊടുക്കുന്ന ഒരു പരിപാടി അവര്‍ പല സ്ഥലങ്ങളിലും ആരംഭിച്ചിട്ടുണ്ട്. കേട്ടാല്‍ നല്ല കാര്യം. പക്ഷേ, ലക്ഷ്യം അതി നിഗൂഢം. ആരെയും ആകര്‍ഷിക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിലൂടെ യുവാക്കളെ തങ്ങളോടൊപ്പം കൂട്ടുകയും അവരില്‍ ദേശവിരുദ്ധവികാരം നിറച്ച് ദേശദ്രോഹികളാക്കി മാറ്റുകയും ചെയ്യുന്ന ഈ കപട പ്രവര്‍ത്തനം കാണാതെ പോകരുത്. സേവനത്തെ മറയാക്കുകയാണവര്‍.  ഇത്തരം പ്രവര്‍ത്തനങ്ങളോട് നല്ലവരായ പലരും സഹകരിച്ച് പോകുന്നതു സ്വാഭാവികം.  ആത്യന്തികമായി  ഇത് ദേശത്തിനെതിരായ പ്രവര്‍ത്തനം തന്നെയായി ഭവിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമാന്യ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുക എന്നത് ദേശ സ്‌നേഹ ശക്തികളുടെ പ്രഥമ കര്‍ത്തവ്യമാണ്. 

തന്ത്രം ഇവിടെ ഒതുങ്ങുന്നില്ല. കമ്മ്യൂണിസ്റ്റുകള്‍ സഹകരണ ആശുപത്രികള്‍ നടത്തുന്നു. ദേശീയ ശക്തികളോടൊപ്പം വരേണ്ടവരും ഇപ്പോള്‍ത്തന്നെ ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം നില്‍ക്കുന്നവരും മേല്‍പറഞ്ഞ തരം പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ വളരെ ജനോപകാരപ്രദവും സേവനോത്സുകവും ആയ പ്രസ്ഥാനങ്ങളാണെന്ന് തോന്നുമെങ്കിലും ഇവയെല്ലാം ആത്യന്തികമായി സിപിഎമ്മിലേക്കുള്ള ചവിട്ടു പടികളാണ്. 

ആസൂത്രിതമായി നടത്തിവരുന്ന മറ്റൊരു തന്ത്രമാണ് ക്ഷേത്രകാര്യങ്ങളില്‍ കാണിക്കുന്ന താല്‍പര്യം. ക്ഷേത്രങ്ങള്‍ നശിപ്പിച്ച് അവിടെ കപ്പ നടണമെന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ തന്ത്രം മാറ്റിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ജനങ്ങളില്‍ രൂഢമൂലമായിരിക്കുന്ന ഈശ്വര വിശ്വാസത്തിന്റെയും ക്ഷേത്രവിശ്വാസത്തിന്റെയും പുറകെ കൂടി സാമാന്യജനങ്ങളെ വഴിതെറ്റിച്ച് ദേശവിരുദ്ധ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

നമ്മുടെ നാടിനെതിരെ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ചൈന സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നിരവധിയാണ്. അവര്‍ക്കൊപ്പമാണല്ലോ ഇവിടത്തെ സിപിഎമ്മും. നമ്മുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല. ഇന്ത്യക്കെതിരെ ദീര്‍ഘകാലം പൊരുതി നില്‍ക്കുവാനുള്ള ശക്തിയൊന്നും പാക്കിസ്ഥാനില്ലെന്ന് ആര്‍ക്കുമറിയാം. പാക്കിസ്ഥാനെ മുന്‍നിര്‍ത്തി നമ്മോട് പൊരുതുന്നത് ചൈന തന്നെയാണ്. ചൈനയാണ് നമ്മുടെ യഥാര്‍ത്ഥ ശത്രു. അര്‍ദ്ധകമ്യുണിസ്റ്റ് ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രു, ചൈനയ്ക്ക് വേണ്ടി ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അന്താരാഷ്ട്രതലത്തില്‍ അവര്‍ക്കു മാന്യത നേടിക്കൊടുത്തത്. അങ്ങനെ ഇന്ത്യയുടെ സഹായത്താല്‍ കിട്ടിയ അന്താരാഷ്ട്ര രംഗത്തെ സ്വാധീനം ചൈന ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു.

ലോകത്തില്‍ ഒരു രാഷ്ട്രത്തിനും സിപിഎമ്മിനെപ്പോലൊരു പ്രസ്ഥാനത്തെ അധികാലം സഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മത തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സമൂഹത്തില്‍ മാന്യത നേടിക്കൊടുക്കാനും സിപിഎം ശ്രമിക്കുന്നു. മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഏറ്റവും അധികം പിന്തുണ ലഭിക്കുന്നത് ഈ പാര്‍ട്ടിയില്‍ നിന്ന് തന്നെയാണല്ലോ? എതിര്‍ക്കാനും അഭിപ്രായവ്യത്യാസം വച്ചു പുലര്‍ത്താനും അത് പ്രചരിപ്പിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കിമുണ്ട്. എന്നാല്‍  സ്വാതന്ത്ര്യത്തിന് പരിധി ഉണ്ടാവണം. ദേശസുരക്ഷയ്ക്കുള്ളില്‍ മാത്രമേ ഈ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാവൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.