ചൈനയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയില്‍ ഒരു ഇന്ദുവും

Sunday 29 April 2018 3:30 am IST
വിദേശത്ത് ഇന്ത്യന്‍ സ്ത്രീത്വം തിളങ്ങുമ്പോള്‍ അതിന്റെ തുടര്‍ച്ച ഇന്ത്യയിലും നടന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജായി നിയമിച്ചതും വനിതാ ശാക്തീകരണ ദൗത്യങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നതായി.

ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ താരങ്ങള്‍ രണ്ട് ഇന്ത്യന്‍ വനിതാ രത്‌നങ്ങളായിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മ്മാല സീതാരാമനും. യൂറേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഷാങ്ഹായ് ഉച്ചകോടിയില്‍ വിദേശമന്ത്രിതല ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സുഷമാ സ്വരാജും പ്രതിരോധമന്ത്രിതല ചര്‍ച്ചയില്‍ നിര്‍മ്മല സീതാരാമനും പങ്കെടുത്തപ്പോള്‍ ഉച്ചകോടിയിലെ വനിതാ പ്രതിനിധികളായി ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു രാജ്യങ്ങളിലെ പുരുഷ മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഏറെ അഭിമാനമുളവാക്കുന്നതായി. സ്വപ്രയത്‌നത്താല്‍ ഉയരുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന മാതൃകകളായി ഇരുവരും അന്താരാഷ്ട്ര വേദികളിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ഇന്ത്യയിലെ അറുപത് കോടിയിലേറെ വരുന്ന സ്ത്രീ സമൂഹത്തിനാണ് ഏറെ പ്രതീക്ഷ. ഇന്ത്യന്‍ സ്ത്രീ ശക്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ചൈനയില്‍ ദൃശ്യമായതെന്ന് ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളിലൂടെ വിശദീകരിച്ചു.

ചൈന, കസാഖിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്‌േബക്കിസ്ഥാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഷാങ്ഹായ് അംഗരാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം കസാഖിസ്ഥാനിലെ അസ്താനയില്‍ നടന്ന ഉച്ചകോടിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഷാങ്ഹായ് ഉച്ചകോടിയിലെ സ്ഥിരാംഗങ്ങളായത്. ഇത്തവണത്തെ ഉച്ചകോടിയിലെ ശ്രദ്ധാ കേന്ദ്രങ്ങളായത് ചുവപ്പ് സാരിയിലെത്തിയ സുഷമാ സ്വരാജും പച്ചസാരിയിലെത്തിയ നിര്‍മ്മലാ സീതാരാമനുമാണ്. അംഗരാജ്യങ്ങളുമായുള്ള വിദേശകാര്യ നയങ്ങളിലും പ്രതിരോധ വിഷയങ്ങളിലും കൂടുതല്‍ ഉറച്ച ശബ്ദം ഇന്ത്യയില്‍ നിന്ന് മുഴങ്ങിക്കേട്ടതും ഇരുനേതാക്കളുടേയും വിജയമായി. കേന്ദ്രമന്ത്രിമാരും സിനിമാരംഗത്തെ പ്രമുഖരും സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഇരു നേതാക്കളുടേയും ഷാങ്ഹായ് ഉച്ചകോടിയിലെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുമ്പോള്‍ അവരുടെ ഉള്ളിലെ ദിവ്യത്വം പൂത്തുലയുന്നു', കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററിലെഴുതി. 

വിദേശത്ത് ഇന്ത്യന്‍ സ്ത്രീത്വം തിളങ്ങുമ്പോള്‍ അതിന്റെ തുടര്‍ച്ച ഇന്ത്യയിലും നടന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജായി നിയമിച്ചതും വനിതാ ശാക്തീകരണ ദൗത്യങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നതായി. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വനിതാ അഭിഭാഷകരില്‍ നിന്ന് സുപ്രീംകോടതി ജഡ്ജ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ വനിതയാണ് ഇന്ദു മല്‍ഹോത്ര. ഇതോടെ ജസ്റ്റിസ് ഭാനുമതിക്ക് പുറമേ സുപ്രീംകോടതിയിലെ രണ്ടാമത്തെ വനിതാ സാന്നിധ്യവുമായി ജസ്റ്റിസ് ഇന്ദു. നീണ്ട മുപ്പതുവര്‍ഷം സുപ്രീംകോടതിയില്‍ തിളങ്ങിയ അഭിഭാഷക വൃത്തിക്ക് ശേഷമാണ് ഇന്ദു മല്‍ഹോത്ര ജഡ്ജിയാകുന്നത്. അവരെ ജഡ്ജായി ഉയര്‍ത്താനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2007ല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക എന്ന പദവി സ്വന്തമാക്കിയ ഇന്ദു മല്‍ഹോത്ര മധ്യസ്ഥത സംബന്ധിച്ച നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 

1956ല്‍ ബെംഗളൂരുവില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഓം പ്രകാശ് മല്‍ഹോത്രയുടേയും അഡ്വ സത്യ മല്‍ഹോത്രയുടേയും ഇളയ മകളായി ജനിച്ച ഇന്ദുവിന്‌റെ  സ്‌കൂള്‍ വിദ്യാഭ്യാസം ദല്‍ഹിയിലായിരുന്നു. ലേഡി ശ്രീരാം കോളേജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ശേഷം ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തി. 1991-96 കാലത്ത് ഹരിയാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സിലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയെന്ന പദവിയിലേക്ക് ഉയര്‍ന്നു.  മൂന്നുപതിറ്റാണ്ടിന് ശേഷം ആ നേട്ടം കൈവരിച്ച വനിത കൂടിയായിരുന്നു. മധ്യസ്ഥത സംബന്ധിച്ച നിയമങ്ങളിലാണ് ഇന്ദു വൈദഗ്ധ്യം കൈവരിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര മധ്യസ്ഥതാ വിഷയങ്ങളില്‍ സുപ്രധാനമായ നിരീക്ഷണങ്ങള്‍ ഇവരുടെയാണ്. നിയമരംഗത്ത് നേട്ടങ്ങളേറെ കൈവരിച്ച ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതിയിലെ ജസ്റ്റിസായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണ പ്രക്രിയയുടെ ഗതിവേഗം ഉയര്‍ത്തി.  

സ്ത്രീശാക്തീകരണത്തിന്റെ ഈ മിന്നുന്ന ഉദാഹരണങ്ങള്‍ വലിയൊരു സന്ദേശത്തിനപ്പുറം പലര്‍ക്കുമുള്ള മറുപടികൂടിയാണ്. ഇന്ത്യ സ്ത്രീവിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി. നൂറ്റിഇരുപത്തഞ്ച് കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ പര്‍വ്വതീകരിച്ച് രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്താന്‍ ഉപയോഗിക്കുന്ന ശക്തികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണല്ലോ. കത്വയിലെ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെ ഇന്ത്യയ്‌ക്കെതിരെയും ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കപ്പെട്ടിരുന്നു. നിങ്ങളുടെ സ്ത്രീകളെ ഇന്ത്യയിലേക്ക് അയക്കരുതെന്ന  അറിയിപ്പ് രേഖപ്പെടുത്തിയ ടി ഷര്‍ട്ടുകള്‍ ധരിച്ച് വിവിധ രാജ്യങ്ങളിലെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരുടെ ലക്ഷ്യം ഇന്ത്യയെയും ഇന്ത്യയിലെ സ്ത്രീത്വത്തെയും അപമാനിക്കുക എന്നതു മാത്രമായിരുന്നു. സ്ത്രീത്വത്തെ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്‌റെ മുഖശ്രീയാണ് ഇവരെപ്പോലുള്ള വനിതകള്‍. . 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.