കൈകോര്‍ത്ത് ഇന്ത്യയും ചൈനയും

Sunday 29 April 2018 2:45 am IST

ന്യൂദല്‍ഹി: ഇന്ത്യാ-ചൈനാ ബന്ധത്തില്‍ നാഴികക്കല്ലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ചൈനാ സന്ദര്‍ശനം. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും ഭീകരതക്കെതിരെ സംയുക്ത പോരാട്ടം ശക്തിപ്പെടുത്താനും നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. മൂന്ന് മാസത്തോളം ദോക്‌ലാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥക്ക് ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം. 

ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളിലുമുള്ള വളര്‍ച്ചക്കായി അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയായിരുന്നു ചര്‍ച്ചയെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഗലെ പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രത്യേക ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ നിയോഗിക്കും. രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ക്കിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തുന്നതിന് നിര്‍ദ്ദേശങ്ങളും നടപടികളുമുണ്ടാകും. ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കും. നിലവിലുള്ള നടപടിക്രമങ്ങളും ആശയക്കൈമാറ്റവും ശക്തമാക്കും. നിലവില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ യോഗം ചേരും.

 എല്ലാ തരത്തിലുമുള്ള ഭീകരത വെല്ലുവിളിയാണെന്ന് മധ്യചൈനയിലെ വുഹാനില്‍ നടന്ന ചര്‍ച്ചയില്‍ ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ കൂടുതല്‍ വിസകസന പദ്ധതികള്‍ നടപ്പാക്കും. അഫ്ഗാനില്‍ വികസന പദ്ധതികള്‍ സംയുക്തമായി നടപ്പാക്കാനും ധാരണയായി. പദ്ധതികള്‍ ഏതൊക്കെയെന്ന് പിന്നീട് തീരുമാനിക്കും. അഫ്ഗാനില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ചൈന ശ്രമിക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്‍ താലിബാനെ സഹായിക്കുകയാണെന്ന് അഫ്ഗാനും അമേരിക്കയും ആരോപിച്ചിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത നീക്കം പാക്കിസ്ഥാന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 

കൂടിക്കാഴ്ച നാഴികക്കല്ലാണെന്ന് സീ ജിന്‍പിങ്ങ് പറഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ ഇഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയ സീ  ഇന്ത്യയും ചൈനയും സിനിമകള്‍ പരസ്പരം പ്രദര്‍ശനത്തിന് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. സന്ദര്‍ശനത്തെ അവിസ്മരണീയമെന്ന് വിശേഷിപ്പിച്ച മോദി വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചതെന്ന് വ്യക്തമാക്കി. സാമ്പത്തിക മേഖലയിലും ജനങ്ങള്‍ തമ്മിലും ബന്ധം ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാകും. പ്രത്യേക ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടിക്കാഴ്ച അവസാനിച്ചത്. ഈസ്റ്റ് ലേക്കിലെ ബോട്ട് സവാരിയും ചായ് പേ ചര്‍ച്ചയും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.