എം.വി.രാഘവനെ പുകഴ്ത്തി സിപിഎം നേതാക്കള്‍

Sunday 29 April 2018 3:53 am IST

കണ്ണൂര്‍:   സിഎംപി നേതാവായിരുന്ന എം.വി.രാഘവനെ ജീവിതാവസാനംവരെ  വേട്ടയാടിയ  സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കള്‍ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയത് ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസത്തെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ ചടങ്ങില്‍ സിപിഎം നേതാക്കളും ഡിവൈഎഫ്‌ഐ നേതാക്കളും രാഘവനെ വാനോളം പുകഴ്ത്തുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം പിടിച്ചെടുക്കാന്‍ രാഘവനും സിഎംപി നേതാക്കള്‍ക്കുമെതിരെ തുടര്‍അക്രമങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് സിപിഎം.

സ്വാശ്രയ വിഷയത്തില്‍ കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐക്കാരുടെ മരണത്തിനു വരെ വഴിയൊരുക്കിയ വ്യക്തിയെന്ന് സിപിഎം ആരോപിക്കുന്ന രാഘവനെ അഭിനന്ദിച്ചു കൊണ്ടുളള പാര്‍ട്ടി നേതാക്കളുടെ പ്രസംഗം കേട്ടു നിന്നവര്‍ക്ക്  കൗതുകക്കാഴ്ചയായി മാറി. ഒപ്പം പാര്‍ട്ടി അണികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയുമായിരിക്കുകയാണ്.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.വി.രാജേഷ് എംഎല്‍എ, ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയ മന്ത്രി കെ.കെ.ശൈലജ, മുഖ്യാതിഥിയായി പങ്കെടുത്ത പി.കരുണാകരന്‍ എംപി തുടങ്ങിയവരെല്ലാം രാഘവനെ പുകഴ്ത്തി. കേരളത്തിന് തന്നെ അഭിമാനവും അദ്ഭുതവുമായ സ്ഥാപനത്തിന് പിന്നില്‍ രാഘവന്റെ ചടുലമായ കരങ്ങളായിരുന്നുവെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ മണ്ണില്‍ നിന്ന് മത്സരിച്ച് ജയിച്ച്  മന്ത്രിയായ ശൈലജ പറഞ്ഞത്. എംവിആറിനോടുള്ള നന്ദിയും കടപ്പാടും ശൈലജ പ്രത്യേകം സൂചിപ്പിച്ചു. 

കൂത്തുപറമ്പ് സംഭവത്തിനു ശേഷം രാഘവനെതിരെ ഉപരോധം പ്രഖ്യാപിച്ച് നാടുനീളെ തടയുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു സിപിഎം . പിന്നീട് ജീവിതാന്ത്യം വരെ പല ഘട്ടങ്ങളിലും രാഘവനെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പല തരത്തിലും ആക്ഷേപിക്കുകയും അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

   അവസാനകാലത്ത് തന്റെ നിലപാടുകള്‍ വെളിപ്പെടുത്താനുള്ള ആരോഗ്യസ്ഥിതി പോലും ഇല്ലാതിരുന്ന രാഘവന്‍, മാനസികമായി സിപിഎമ്മിനൊപ്പമായിരുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് സിഎംപിയിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി രാഘവന്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളും മറ്റും കൈവശപ്പെടുത്തുകയുമുണ്ടായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.