കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. ഇ.ജി. സൈലാസ് അന്തരിച്ചു

Sunday 29 April 2018 2:56 am IST

കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലറുമായിരുന്ന ചിലവന്നൂര്‍ അമ്പാടി റിട്രീറ്റ് ശാരദാ നിവാസില്‍ ഡോ. ഇ.ജി. സൈലാസ് (90) അന്തരിച്ചു. 

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), ചെന്നൈ കേന്ദ്ര ഓരു ജലകൃഷി ഗവേഷണ സ്ഥാപനം (സിബ) എന്നിവയുടെ ഡയറക്ടര്‍, സമുദ്രോത്പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍, സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി സ്ഥാപക ചെയര്‍മാന്‍, രാജീവ് ഗാന്ധി ജലകൃഷി കേന്ദ്രത്തിന്റെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാന്‍, സെന്‍ട്രല്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജിയുടെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാന്‍, ആന്‍ഡമാനിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സ്പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍  വഹിച്ചിട്ടുണ്ട്. 

സിഎംഎഫ്ആര്‍ഐയുടെ ഡയറക്ടറായിരിക്കെ സ്ഥാപിച്ച സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ മാരികള്‍ച്ചര്‍ സമുദ്രകൃഷി ഗവേഷണ മേഖലകളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി. മുന്നൂറോളം ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി നയരൂപീകരണ സമിതികളിലും അക്കാദമിക-ഗവേഷണ സമിതികളിലും അംഗമായിരുന്നു. അന്താരാഷ്ട്രതലത്തില്‍  ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി കൂടിയാലോചനാ യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ഭാര്യ: ശാരദ സൈലാസ്. മക്കള്‍: ഡോ. ഗീത സൈലാസ്, രമേശ് സൈലാസ്, ഡോ. അരുണ്‍ സൈലാസ്. മരുമകള്‍: എമി. സംസ്‌കാര ശുശ്രൂഷ നാളെ വൈകിട്ട് നാലിന് ബ്രോഡ്‌വേ സിഎസ്‌ഐ ഇമ്മാനുവല്‍ കത്തീഡ്രലിലും സംസ്‌കാരം സെമിത്തേരിമുക്ക് സിഎസ്‌ഐ ശ്മശാനത്തിലും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.