സിപിഎം കോണ്‍ഗ്രസ് ബാന്ധവത്തിന് പാലക്കാട്ട് തുടക്കം

Sunday 29 April 2018 3:12 am IST

പാലക്കാട്:  എന്തു വില കൊടുത്തും ബിജെപിയെ താഴെയിറക്കണമെന്ന  അജണ്ടയുമായെത്തിയ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും  കനത്ത പ്രഹരം. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണസമിതിക്കു കീഴിലുള്ള  സ്ഥിരം സമിതികള്‍ക്കെതിരായ അവിശ്വാസ പ്രമേയങ്ങളിലൊന്ന് പരാജയപ്പെട്ടു. കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സെടുത്ത തീരുമാനത്തിനുശേഷം സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് നടത്തിയ ആദ്യത്തെ ബാന്ധവത്തിനാണ് ഇന്നലെ നഗരസഭ സാക്ഷ്യം വഹിച്ചത്.

എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അവിശ്വാസം പാസ്സാകാന്‍ അഞ്ചു പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ബിജെപിക്കും യുഡിഎഫിനു മൂന്ന് അംഗങ്ങള്‍ വീതവും സിപിഎമ്മിന് രണ്ടംഗങ്ങളുമാണ് ഉള്ളത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രമേയത്തിന് അനുകൂലമായി നാല് വോട്ടേ ലഭിച്ചുള്ളൂ. സിപിഎം സ്വതന്ത്രയായി വിജയിച്ച ഷാഹിദ ഫാഹിമിന്റെ വോട്ട് അസാധുവായതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്. ഷാഹിദ  വോട്ട് രേഖപ്പെടുത്തിയ പേപ്പര്‍ ഒപ്പിടാതെയാണ്  തിരിച്ച് നല്‍കിയത്. മുന്‍ സിപിഎം നേതാവും പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മത്സരിച്ച് കൗണ്‍സിലറായ എം.എം അഷ്‌ക്കറുടെ ബന്ധുവാണ് ഷാഹിദ.സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നാണ് സൂചന. 

ക്ഷേമ കാര്യസമിതി സ്ഥിരം സമിതി ചെയര്‍മാന്‍ പി.സ്മിതേഷിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. 

ഒമ്പതില്‍ അഞ്ച് വോട്ട് നേടി വിജയിക്കുകയായിരുന്നു.രണ്ട് അംഗങ്ങള്‍ മാത്രമുള്ള യുഡിഎഫ്  കൊണ്ടുവന്ന അവിശ്വാസത്തെ മൂന്നംഗങ്ങളുള്ള സിപിഎം പിന്താങ്ങി.ഒരു പെന്‍ഷന്‍ അപേക്ഷപോലും കെട്ടിക്കിടക്കാത്ത ആദ്യനഗരസഭയായി പാലക്കാട് നഗരസഭയെ മാറ്റിയതുള്‍പ്പെടെ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് സ്മിതേഷിന്റെ പടിയിറക്കം.

എല്ലാവര്‍ക്കും കത്ത് കിട്ടിയില്ലെന്ന പരാതിയെത്തുടര്‍ന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്കുള്ള ചര്‍ച്ചയും വോട്ടെടുപ്പും മാറ്റിവച്ചു. തീയതി പിന്നീടറിയിക്കുമെന്ന് വരാണാധികാരിയായ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ മൃണ്‍മയീ ജോഷി അറിയിച്ചു. സമിതിയുടെ പേരുമാറ്റി നല്‍കിയ കാരണത്താല്‍ പൊതുമരാമത്ത് സ്ഥിരം സമിതി  ചെയര്‍മാനെതിരെയുള്ള അവിശ്വാസ ചര്‍ച്ച മെയ് മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. യുഡിഎഫ് അംഗത്തിന് അസുഖമായതിനാല്‍ വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ അവിശ്വാസത്തിന് നോട്ടീസ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ്്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.