ശീജിത്തിന്റെ കസ്റ്റഡി കൊലപാതകം; സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും

Sunday 29 April 2018 3:06 am IST

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍  സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.  പ്രത്യേക അന്വേഷണസംഘത്തിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണിത്. 

എന്നാല്‍, ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് പറയുന്നു. അന്യായമായി തടങ്കലില്‍ വെക്കുക, രേഖകളില്‍ കൃത്രിമം കാട്ടുക, തുടങ്ങിയ കുറ്റങ്ങളേ സിഐയ്‌ക്കെതിരെ നിലനില്‍ക്കൂ എന്നാണ്  നിയമോപദേശം. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്്.  ഇതിനോടകം വരാപ്പുഴ എസ്ഐ ജി.എസ്. ദീപക് ഉള്‍പ്പെടെ നാല് പോലീസുകാരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കസ്റ്റഡി കൊലപാതകത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍.  നാലുപേരും  റിമാന്‍ഡിലാണ്. 

പ്രതികളെ വാട്ടിയെടുക്കാന്‍ സിഐയാണ് എസ്‌ഐ ദീപക്കിന് നിര്‍ദേശം നല്‍കിയത്. എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍, എസ്പിയെ സംരക്ഷിക്കാനാണ് നീക്കം. സിപിഎം നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്പിയാണ് നിരപരാധിയായ ശ്രീജിത്തിനെയും മറ്റും കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു. 

 

ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ 

പോലീസ് പുറത്തുവിട്ട രേഖ വ്യാജം

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പോലീസ് പുറത്തുവിട്ട രേഖ വ്യാജമെന്ന് റിപ്പോര്‍ട്ട്.  ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പോലീസ് പ്രചരിപ്പിച്ച മൊഴി കേസ് ഫയലില്‍ ഇല്ല. കേസിലെ പരാതിക്കാരന്റെ മൊഴിയെന്ന പേരിലാണ് പോലീസ്  വ്യാജരേഖ ഉണ്ടാക്കിയത്. ചില മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച ഈ രേഖയുടെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

വാസുദേവന്റെ വീട് ആക്രമിച്ചവരുടെ കൂട്ടത്തില്‍ ശ്രീജിത്തിനെ കണ്ടിരുന്നില്ലെന്ന് പരാതിക്കാരനായ വിനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ബദലായി ശ്രീജിത്തിനെ  പോലീസ് സ്റ്റേഷനില്‍ തിരിച്ചറിഞ്ഞു എന്നത് ഉള്‍പ്പെടെയുളള മൊഴിയാണ് പരാതിക്കാരന്റെ പേരില്‍ പോലീസ് വ്യാജമായി തയ്യാറാക്കിയത്. 

ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പോലീസ് പ്രചരിപ്പിച്ച ഈ മൊഴി ഇപ്പോള്‍ കേസ് ഫയലില്‍ ഇല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കസ്റ്റഡിമരണത്തിന് പുറമേ വ്യാജരേഖ തയ്യാറാക്കിയതിലും പോലീസ് പ്രതിക്കൂട്ടിലായി. ഇക്കാര്യവും പ്രത്യേകസംഘം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.