ശിഖ സാക്ഷാത്കരിച്ചത് അച്ഛന്റെ സ്വപ്നം

Sunday 29 April 2018 2:21 am IST
അക്ഷരമുറയ്ക്കും മുമ്പേ കൊച്ചു ശിഖയുടെ മനസ്സിലേക്ക് അച്ഛന്‍ പകര്‍ത്തിയതാണ് ആ സ്വപ്നം '' മോള്‍ മിടുക്കിയായി പഠിക്കണം; വലുതാകുമ്പോള്‍ കളക്ടറാകണം'. അച്ഛന്‍ കണ്ട സ്വപ്നം പാഴായില്ല. ശിഖയത് സാക്ഷാത്ക്കരിച്ചു. ഈവര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഫലമറിഞ്ഞപ്പോള്‍ ശിഖാ സുരേന്ദ്രനെ തേടിയെത്തിയത് പതിനാറാം റാങ്ക്

കൊച്ചി:  അക്ഷരമുറയ്ക്കും മുമ്പേ കൊച്ചു ശിഖയുടെ മനസ്സിലേക്ക് അച്ഛന്‍ പകര്‍ത്തിയതാണ് ആ സ്വപ്നം '' മോള്‍  മിടുക്കിയായി പഠിക്കണം; വലുതാകുമ്പോള്‍ കളക്ടറാകണം'. അച്ഛന്‍ കണ്ട സ്വപ്നം പാഴായില്ല. ശിഖയത് സാക്ഷാത്ക്കരിച്ചു. ഈവര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഫലമറിഞ്ഞപ്പോള്‍ ശിഖാ സുരേന്ദ്രനെ തേടിയെത്തിയത് പതിനാറാം റാങ്ക്. 

കോലഞ്ചേരി പത്താംമൈലിലെ കാവാനാകുടി വീട് അതിന്റെ ആഹ്ലാദത്തിലാണ്.  റാങ്കുകാരിയെ നേരിട്ട് അനുമോദിക്കാനെത്തിയ നാട്ടുകാരും ബന്ധുക്കളും. എല്ലാവരെയും സ്വീകരിച്ചിരുത്തി ശിഖ പറയുന്നു; 'ഇതെന്റെ അച്ഛനുള്ള സമ്മാനം'. അസുഖം തളര്‍ത്തിയ മുഖമെങ്കിലും നിറചിരിയോടെ മകളെ ചേര്‍ത്തു പിടിച്ച് അച്ഛന്‍ സുരേന്ദ്രന്‍ അത് ശരിവെക്കുന്നു. തൊട്ടരികെ, അഭിമാനത്തോടെ അമ്മ സിലോ. 

പഠിക്കാന്‍ മിടുമിടുക്കിയായിരുന്നു. കടയിരുപ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന്  എസ്എസ്എല്‍സിയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. പ്ലസ് ടുവിനും ലഭിച്ചു 97 ശതമാനം മാര്‍ക്ക്. പഠിച്ചത് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍നിന്ന്  സിവില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത് 89 ശതമാനം മാര്‍ക്കോടെ. 

മുമ്പേ മനസ്സില്‍ കയറിയ സിവില്‍ സര്‍വ്വീസ് മോഹം എഞ്ചിനീയറിംഗ് പഠനത്തിനു ശേഷമാണ് ഗൗരവമായെടുത്തതെന്ന് ശിഖ പറയുന്നു. സാധാരണ കുടുംബാംഗമായ ശിഖയുടെ  സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ക്ക് തുണയായത് ഡല്‍ഹി ധീര്‍പൂരിലെ സങ്കല്പ്് സിവില്‍ സര്‍വ്വീസ് അക്കാദമിയാണ്. തന്റെ വിജയത്തിന് ശിഖ കടപ്പെട്ടിരിക്കുന്നതും  സങ്കല്പിനോട്. കോഴ്‌സിനു ചേര്‍ന്നത്  2015 ലായിരുന്നു. മറ്റു സ്ഥാപനങ്ങള്‍ ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ ഫീസ് വാങ്ങുന്നമ്പോള്‍ സങ്കല്പിലെ ഫീസ് 28500 രൂപയാണ്. അധ്യാപകര്‍ക്കുള്ള ശമ്പളത്തിന് ആനുപാതികം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്‍ക്കശ്യങ്ങളൊന്നുമില്ല. കുടുംബാന്തരീക്ഷമുള്ള ക്യാമ്പസ്. നല്ല ഭക്ഷണം. പഠന മാധ്യമം ഇംഗ്‌ളീഷിലും ഹിന്ദിയിലുമായി രണ്ടു ബാച്ചുകള്‍. ദേശീയതയെ ഏറെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥാപനമാണ് സങ്കല്പ്പ്.

ശിഖയ്ക്ക് ഏറെ പ്രയോജനപ്പെട്ടത് സങ്കല്പിലെ ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമാണ്. ഐഎഎസ്, ഐപിഎസ് റാങ്കില്‍ സര്‍വ്വീസിലിരിക്കുന്ന അധ്യാപകരാണ് ക്ലാസെടുക്കുക. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരുടെ പരിശീലന ക്ലാസുമുണ്ടാകും. സിവില്‍ സര്‍വ്വീസില്‍  ഓപ്ഷണലായെടുത്തത് മലയാളമായിരുന്നു.  ഇതിനായി പാലായിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍  ഒരു മാസത്തെ ക്രാഷ് കോഴ്‌സ് ചെയ്തു. 

സ്‌കൂള്‍ പഠനം ഇംഗ്ലീഷ് മീഡിയത്തിലായിരുന്നെങ്കിലും മലയാളം പ്രസംഗത്തിലും ഉപന്യാസരചനയിലുമെല്ലാം കഴിവുതെളിയിച്ചിട്ടുണ്ട് ശിഖ. 

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശിഖയുടേത് രണ്ടാമൂഴമാണ്. ആദ്യതവണ തയ്യാറെടുപ്പിന് വേണ്ടത്ര സമയം കിട്ടിയില്ല. പത്രവായന പതിവാക്കാനാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോട് ശിഖയ്ക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.