സിപിഎം നേതാവിനെ കൊന്നത് പാര്‍ട്ടിക്കാര്‍

Sunday 29 April 2018 4:00 am IST
ഇഷ്ടമില്ലാത്തവരെ കൊലക്കത്തിക്കിരയാക്കുന്ന സിപിഎമ്മിന്റെ ക്രൂരത സ്വന്തം പാര്‍ട്ടിയിലും നടപ്പാക്കിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. കൊല്ലം ഇടമുളയ്ക്കല്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന എസ്. രവീന്ദ്രന്‍പിള്ളയെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയെന്നു തുറന്നു പറഞ്ഞ് രവീന്ദ്രന്‍പിള്ളയുടെ ഭാര്യ രംഗത്ത്. ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മുകാരെ നേരത്തേതന്നെ സംശയമുണ്ടായിരുന്നെങ്കിലും ഇതാദ്യമാണ് ഭാര്യ ബിന്ദു തന്നെ അതു തുറന്നു പറയുന്നത്.

അഞ്ചല്‍(കൊല്ലം): ഇഷ്ടമില്ലാത്തവരെ കൊലക്കത്തിക്കിരയാക്കുന്ന സിപിഎമ്മിന്റെ ക്രൂരത സ്വന്തം പാര്‍ട്ടിയിലും നടപ്പാക്കിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. കൊല്ലം ഇടമുളയ്ക്കല്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന എസ്. രവീന്ദ്രന്‍പിള്ളയെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയെന്നു തുറന്നു പറഞ്ഞ് രവീന്ദ്രന്‍പിള്ളയുടെ ഭാര്യ രംഗത്ത്. ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മുകാരെ നേരത്തേതന്നെ സംശയമുണ്ടായിരുന്നെങ്കിലും ഇതാദ്യമാണ് ഭാര്യ ബിന്ദു തന്നെ അതു തുറന്നു പറയുന്നത്.

2008 ജനുവരി മൂന്നിന് രാത്രി 10നാണ് വീടിനു മുന്നില്‍ വച്ച് രവീന്ദ്രന്‍പിള്ളയെ ഒരുസംഘം വെട്ടിയത്. രാത്രി വീടിനു മുന്നില്‍ കേടായ വാഹനത്തിനു വെളിച്ചം നല്‍കാനായി ടോര്‍ച്ചുമായി ചെന്ന രവീന്ദ്രന്‍പിള്ളയെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വൃക്കയ്ക്കും ആഴത്തില്‍ മുറിവേറ്റു. മാരകമായി പരിക്കേറ്റ ഇദ്ദേഹം സുഖംപ്രാപിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുമൂലം പൂര്‍ണ ആരോഗ്യവാനായില്ല. 2015 മാര്‍ച്ച് 13ന് രവീന്ദ്രന്‍ പിള്ള മരിച്ചു. ഇദ്ദേഹത്തെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് സിപിഎം തന്നെയെന്ന് അന്നുതന്നെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി കള്ളം പ്രചരിപ്പിക്കുകയായിരുന്നു.

സ്ഥലത്ത് കാവിത്തോര്‍ത്ത് ഉപേക്ഷിച്ച് സംഭവം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവച്ചു. ആശുപത്രിക്കിടക്കയില്‍ വച്ച് ബോധം വന്ന രവീന്ദ്രന്‍പിള്ള തന്നെ ആക്രമിച്ചത് ആര്‍എസ്എസ് അല്ലെന്ന് വെളിപ്പെടുത്തിയത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. അന്ന് എല്‍ഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായിരുന്നു. സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കോടിയേരിയും രവീന്ദ്രന്‍പിള്ളയെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. അന്വേഷണം പലതു നടന്നെങ്കിലും യഥാര്‍ഥ പ്രതികളെ പിടികൂടാനായില്ല. വെളിച്ചിക്കാല, നെടുമ്പന എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരല്ല യഥാര്‍ഥ പ്രതികളെന്ന രവീന്ദ്രന്‍പിള്ളയുടെ മൊഴി പോലീസിനെ ചുറ്റിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെയോ യഥാര്‍ഥപ്രതികളെയോ പിടികൂടാനായില്ല. പത്തുവര്‍ഷം ജീവച്ഛവമായി കിടന്ന രവീന്ദ്രന്‍പിള്ള മനംനൊന്താണ് ജീവന്‍ വെടിഞ്ഞത്.

സംഭവം നടന്ന് പതിറ്റാണ്ടിനു ശേഷം ഇപ്പോഴാണ് രവീന്ദ്രന്‍പിള്ളയുടെ വിധവ, അധ്യാപികയായ ബിന്ദു സിപിഎം നേതാക്കള്‍ക്ക് എതിരെ രംഗത്തുവന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ മുതിര്‍ന്നതെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. രവീന്ദ്രന് മാനസികരോഗമാെണന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജോര്‍ജ്ജ് മാത്യു  പറഞ്ഞത് കുടുംബത്തെ വേദനിപ്പിച്ചു. മക്കളെ ഇല്ലാതാക്കുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി മൂലമാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും ബിന്ദു പറഞ്ഞു.

രവീന്ദ്രനെ ഇല്ലാതാക്കിയത് പാര്‍ട്ടിതന്നെയാണ്. യഥാര്‍ഥ പ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ അകപ്പെടും. ഭയം കാരണം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും ബിന്ദു പറഞ്ഞു. രവീന്ദ്രന്‍പിള്ളയുടെ വീട്ടില്‍ വരുന്നവരെപ്പോലും സിപിഎം ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന പരാതി ഈ കുടുംബത്തോടുള്ള പാര്‍ട്ടിയുടെ വൈരാഗ്യമാണ് വെളിപ്പെടുത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.