കണ്ടോണ്‍മെന്റ്: കടമുറികളുടെ ലേലം ഉപേക്ഷിച്ചത് വ്യാപാരികള്‍ക്ക് ആശ്വാസമായി

Sunday 29 April 2018 6:31 pm IST

 

കണ്ണൂര്‍: കണ്ടോണ്‍മെന്റിന്റെ കീഴിലുള്ള 35 കടമുറികളുടെ ലേല നടപടികള്‍ ഉപേക്ഷിച്ചത് വ്യാപാരികള്‍ക്ക് ആശ്വാസമായി. കരസേനയുടെ നിയന്ത്രണത്തിനുള്ള കണ്ടോണ്‍മെന്റ് പ്രദേശത്തെ കടമുറികള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടോണ്‍മെന്റ് അധികൃതരും കച്ചവടക്കാരും തമ്മില്‍ മാസങ്ങളായി നടക്കുന്ന തര്‍ക്കത്തിനാണ് കഴിഞ്ഞദിവസം വിരാമമായത്. മന്ത്രിയും എംപിയും അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് ലേലം ഉപേക്ഷിച്ചത്. കണ്ടോണ്‍െനന്റ് യോഗത്തില്‍ ഹാജരായ എട്ട് അംഗങ്ങളില്‍ സിവിലിയന്‍ പ്രതിനിധികളായ അഞ്ച് പേര്‍ കച്ചവടക്കാര്‍ക്ക് അനുകൂലമായി നിന്നതോടെയാണ് ലേല നടപടികള്‍ ഉപേക്ഷിച്ചത്. 

കണ്ടോണ്‍മെന്റിന് കീഴിലുള്ള 35 കടമുറികളില്‍ കഴിഞ്ഞ 30 വര്‍ഷമായി കച്ചവടം നടന്നിവന്നവരെ ഒഴിപ്പിക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരുന്നത്. 1988 ല്‍ 20 വര്‍ഷത്തേക്കാണ് കടമുറികള്‍ വാടകക്ക് നല്‍കിയിരുന്നത്. തുച്ഛമായ വാടകയാണ് വ്യാപാരികള്‍ നല്‍കുന്നത്. കാലാവധി തീര്‍ന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരികള്‍ കടമുറികള്‍ ഒഴിഞ്ഞുകൊടുക്കുകയോ വാടക കൂട്ടി നല്‍കുകയോ ചെയ്യാഞ്ഞതിനാലാണ് മിലിട്ടറി അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് നീങ്ങിയത്. ഇതുപ്രകാരം കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കുകയും ഓണ്‍ലൈനില്‍ പുതിയ ലേലത്തിന് നടപടി തുടങ്ങുകയും ചെയ്തിരുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും ഈ ലേലം തടഞ്ഞിരുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.