കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണ പ്രവര്‍ത്തി അവസാനഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കടലാസില്‍ റോഡ് വികസനവും കെട്ടിട സൗകര്യങ്ങളും എങ്ങുമെത്തിയില്ല

Sunday 29 April 2018 8:40 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം നിര്‍മ്മാണ പ്രവര്‍ത്തി അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നു. റോഡ് വികസനവും വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കും, വിമാനത്താവളത്തിലെയും അനുബന്ധ വിഭാഗങ്ങളിലെയും ജീവനക്കാരുടെ താമസത്തിനും ഔേദ്യാഗികമായ സംവിധാനങ്ങളൊന്നും നിലവില്‍ സജ്ജമായിട്ടില്ല. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും വിമാനത്താവളത്തിലേക്കുളള നിരവധി റോഡുകള്‍ വീതി കൂട്ടിയും മറ്റും വികസിപ്പിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇപ്പോള്‍ സംസ്ഥാന ഭരണം നടത്തിക്കൊണ്ടിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും റോഡ് വികസനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. കണ്ണൂര്‍ മേലെചൊവ്വ വിമാനത്താവളം റോഡുള്‍പ്പെടെയുളളവയുടെ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല. റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നാരംഭിക്കുമെന്നു പോലും പറയാനാവാത്ത സ്ഥിതിയിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. സെപ്തംബര്‍ മാസം വിമാനത്താവളം കമ്മീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ കേവലം നാല് മാസം മാത്രമാണ് മുന്നിലുളളത്. രണ്ടാഴ്ചയ്ക്കകം കാലവര്‍ഷം ആരംഭിക്കാനിരിക്കെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ എങ്ങനെ നടത്തുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

വിമാനത്താവളം മാസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാകാനിരിക്കെ, വിമാനത്താവള കമ്പനിയായ കിയാല്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും താമസസൗകര്യം എവിടെയെന്ന ചോദ്യമുയരുകയാണ്. രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്കെങ്കിലും അടിയന്തരമായി താമസസൗകര്യം വേണ്ടിവരുമെന്നാണു കിയാല്‍ അധികൃതരുടെ തന്നെ കണക്കുകൂട്ടല്‍. 

പ്രശ്‌നത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് കണ്ണൂര്‍ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും താമസത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എല്ലാ അനുമതികളും ഉടനടി ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ചേര്‍ന്ന കെട്ടിട നിര്‍മാതാക്കളുടെയും ആര്‍ക്കിടെക്റ്റുകളുടെയും യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായസംരക്ഷണ സേന അംഗങ്ങളുള്‍പ്പെടെയുളളവര്‍ക്ക് താമസം ഒരുക്കുകയെന്നത് അത്രപെട്ടെന്നൊന്നും നടക്കില്ല. കുടുംബസമേതം താമസിക്കാനുള്ള ഫഌറ്റുകള്‍ക്കു പുറമേ, ഒറ്റമുറി ഫഌറ്റുകളും ധാരാളമായി വേണ്ടി വരും. വിമാനത്താവളനിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ അസൗകര്യങ്ങളില്‍ വീര്‍പ്പു മുട്ടുന്ന വിമാനത്താവളത്തിന്റെ സമീപ നഗരമായ മട്ടന്നൂരിന്റെ വികസനവും കടലാസിലൊതുങ്ങുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.