ശ്രീരാമാനുജാചാര്യര്‍ പ്രസ്താവിക്കുന്നു(15-5)

Monday 30 April 2018 2:10 am IST

ശ്രീകൃഷ്ണ ഭഗവാനെ ശരണം പ്രാപിച്ചവര്‍ക്ക് ഭഗവാന്റെ പ്രസാദം കൊണ്ട് ഈ ശ്ലോകത്തില്‍ നിര്‍ദ്ദേശിച്ച എല്ലാ സാധനകളും എളുപ്പത്തില്‍ അനുഷ്ഠിക്കാന്‍ കഴിയും. 'സുശക്യാഃ' മാത്രമല്ല, ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയും കൃതാര്‍ത്ഥരാവുകയും ചെയ്യും-സിദ്ധിപര്യന്താഃ ഭവന്തി.

ശ്രീകൃഷ്ണ ഭഗവാന്‍, തന്റെ നിവാസ സ്ഥാനത്തെ വിവരിക്കുന്നു (15-6)

''പദം തത് പരിമാര്‍ഗ്ഗിതവ്യം''- സംസാരവൃക്ഷത്തെ വിരക്തിയാകുന്ന കോടാലികൊണ്ട് വെട്ടിനീക്കിയവര്‍ അന്വേഷിച്ച് എത്തിച്ചേരേണ്ടത് ആ പദമാണ് എന്ന് നാലാം ശ്ലോകത്തില്‍ പറഞ്ഞുവല്ലോ.  ശ്രീശങ്കരാചാര്യര്‍ 'വൈഷ്ണവം' (വിഷ്ണുവിന്റേത്) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആ പദത്തെ ഭഗവാന്‍ വിവരിക്കുന്നു.

-ധാമഃ

'ധാമ'-എന്ന പദത്തിന് ജ്യോതിസ്സ് എന്നും, വാസസ്ഥാനം എന്നും അര്‍ത്ഥമുണ്ട്. ഭഗവാന്റെ അപരാപ്രകൃതി ആവിഷ്‌കരിച്ചഈ ഭൗതികപ്രപഞ്ചത്തില്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു. ഭഗവാന്റെ പുരികം ഒരു തവണ ഇളകുന്ന സമയം കൊണ്ട് ഈ സംഭവം നടന്നു കഴിയുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ പാടുന്നത് കേള്‍ക്കൂ-

''ഉലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-

ച്ചിളകുന്ന ചില്ലീയുഗളഭംഗിയും''

(ഭാരതം കിളിപ്പാട്ട്)

അങ്ങനെയുള്ള ഈ ഭൗതിക പ്രപഞ്ചം ഇരുട്ടുനിറഞ്ഞതാണ്; അജ്ഞാനം നിറഞ്ഞതാണ്. ഇതിന് അപ്പുറത്താണ് എന്റെ ധാമം-നിവാസ്ഥാനം എന്ന് ഭഗവാന്‍ പറയുന്നു. പരമം-എല്ലാത്തിനും അപ്പുറത്ത്-അത്യുന്നത സ്ഥാനത്താണ് എന്റെ ധാമം -(ലോകം) ആ ലോകം ജ്യോതിസ്സ് നിറഞ്ഞു പുറത്തേക്ക് പ്രവഹിക്കുന്നു. ആ ധാമവും ഭഗവാനും രണ്ടല്ല. ഭഗവാന്റെ ജ്ഞാനവും ശക്തിയും തന്നെയാണ്. മറ്റൊരു വസ്തുവല്ല. 'മമ-ധാമ' -എന്ന് വിവരിച്ചതിന് പ്രത്യേകാര്‍ത്ഥമുണ്ട്. എല്ലാ ബ്രഹ്മാണ്ഡങ്ങളും എല്ലാ വസ്തുക്കളും ഭഗവാന്റേതുതന്നെയാണ്. സൂചിയുടെ മുന കൊണ്ട് കുത്താന്‍ കഴിയുന്നത്ര സ്ഥലംപോലും വേറെ ആരുടെയും അല്ല. വേറെ ആര്‍ക്കും ഉടമസ്ഥതയില്ല. എല്ലാം ദൈവത്തിന്റെ നാട് തന്നെ. ഭഗവാന്റെ ഈ അധിവാസസ്ഥാനം അതുപോലെയല്ല-ജ്ഞാന-ബല-വീര്യ-തേജസ്സുകള്‍ നിറഞ്ഞതാണ്.

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.