ഗൂഗിളിനെ ഗുരുവാക്കരുത്: ഉപരാഷ്ട്രപതി

Monday 30 April 2018 2:12 am IST
പുരാതനകാലത്ത് തന്നെ ലോകമെമ്പാടും നിന്നുമുള്ളവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഭാരതത്തിലെ പ്രശസ്തമായ നളന്ദ, തക്ഷശില പോലുള്ള സര്‍വകലാശാലകളില്‍ എത്തിയിരുന്നു. പിന്നീട് ബ്രീട്ടീഷ് അധിനിവേശത്തോടെ അത് ശിഥിലമായി. ഇന്ന് വിദ്യാഭ്യാസരംഗത്ത് പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസം അറിവ് നേടുന്നതിനു മാത്രമുള്ളതല്ല, ശാക്തീകരണത്തിനു കുടിയുള്ളതാണ്.

കാസര്‍കോട്: ഗൂഗിളിനെ ഗുരുവാക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പെരിയ കേരള കേന്ദ്രസര്‍വ്വകലാശാല അക്കാദമി ക്യാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഗിളിലൂടെ നേടുന്ന അറിവിന് പകരമാവില്ല ഗുരുവെന്നും ഉപരാഷ്ട്രപതി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത് രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അറിവുതേടി ലോകം ഇന്ത്യയിലേക്ക് വരികയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഏത് ഭാഷ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്ന് പറഞ്ഞ ഉപരാഷ്ട്രപതി സ്വന്തം കണ്ണുകളോളം തന്നെ പ്രാധാന്യം മാതൃഭാഷയ്ക്കുണ്ടെന്ന് വ്യക്തമാക്കി. കാസര്‍കോട്ട് കേന്ദ്ര മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഇവിടുത്തെ ജനങ്ങള്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്, ഇത് ശരിയല്ലെന്നും ഇവിടെത്തന്നെ ചികിത്സാ സൗകര്യം ഉണ്ടാകണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

പുരാതനകാലത്ത് തന്നെ ലോകമെമ്പാടും നിന്നുമുള്ളവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഭാരതത്തിലെ പ്രശസ്തമായ നളന്ദ, തക്ഷശില പോലുള്ള സര്‍വകലാശാലകളില്‍ എത്തിയിരുന്നു. പിന്നീട് ബ്രീട്ടീഷ് അധിനിവേശത്തോടെ അത് ശിഥിലമായി. ഇന്ന് വിദ്യാഭ്യാസരംഗത്ത് പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസം അറിവ് നേടുന്നതിനു മാത്രമുള്ളതല്ല, ശാക്തീകരണത്തിനു കുടിയുള്ളതാണ്.

രാജ്യം സാമ്പത്തിക മേഖലയില്‍ 7.6 ശതമാനം വളര്‍ച്ചയിലെത്തി നില്‍ക്കുകയാണ്. അതിനാല്‍ത്തന്നെ നിരവധി കമ്പനികളാണ് വരുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകേണ്ടിവരില്ല. ഈ കുതിപ്പില്‍ നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്ത് തന്നെ സൃഷ്ടിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെയും പോലെ ഏതു സാധാരണക്കാരനും ഉന്നതസ്ഥാനങ്ങളിലെത്താവുന്നതാണ്. സുന്ദര്‍ പിച്ചെ, ഇന്ദ്രനൂയി തുടങ്ങി വന്‍കിട ബഹുരാഷ്ട്ര കമ്പനികളിലെല്ലാം തന്നെ തലപ്പത്ത് ഇന്ത്യക്കാരാണ്. 

വിദേശത്തെ ഉന്നത സ്ഥാപനങ്ങളിലുള്ള രണ്ടിലൊരാള്‍ ഇന്ത്യക്കാരാണ്. അതില്‍ത്തന്നെ രണ്ടിലൊരാള്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ്, ഉപരാഷ്ട്രപതി പറഞ്ഞു. കുട്ടികളുടെ മികച്ച ഭാവിക്കായി പ്രകൃതിയും സംസ്‌കൃതിയും ഒന്നിച്ചു ചേരേണ്ടതുണ്ട്.

ജോലി തേടി വിദേശ രാജ്യങ്ങളില്‍ പോയാലും തിരികെയെത്തി ജന്മനാടിനുവേണ്ടി പ്രയത്‌നിക്കണം. നമ്മുടെ സമൂഹത്തിന് നന്മയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഭാവിയില്‍ കേരളത്തിലെ ഉന്നതവിഭ്യാഭ്യാസം മലയാളത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

തുറുമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എംപി, യുജിസി അംഗം ഡോ. ജി. ഗോപാല്‍ റെഡ്ഡി, രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ സ്വാഗതവും സര്‍വകലാശാല എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ഡോ. കെ. ജയപ്രസാദ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.