ലോക്കല്‍ സെക്രട്ടറിയുടെ മരണം; സിപിഎമ്മിനെ ഭയന്ന് കുടുംബം

Monday 30 April 2018 2:14 am IST
സിപിഎം നേതൃത്വം തന്നെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതാണന്ന് മനസ്സിലാക്കിയ രവീന്ദ്രന്‍ പിള്ള ഇത് സിപിഎം നേതാക്കളോടുതന്നെ തുറന്ന് പറഞ്ഞു. ഇത് കേട്ട പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ്ജ് മാത്യു രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ ബിന്ദുവിനോട് പറഞ്ഞത് ഭര്‍ത്താവിന് മാനസിക വിഭ്രാന്തിയാണെന്നും മനോരോഗത്തിന് ചികിത്സിക്കണമെന്നുമാണ്. പാര്‍ട്ടിയുടെ സമീപനങ്ങളില്‍ മനംനൊന്ത് അക്രമത്തില്‍ മാരകമായി പരിക്കേറ്റ് കിടപ്പിലായിരുന്ന രവീന്ദ്രന്‍ പിള്ള 2015 മാര്‍ച്ച് 13ന് മരണത്തിനു കീഴടങ്ങി.

അഞ്ചല്‍: ''അവരെന്റെ  മക്കളേയും കൊല്ലും. വീട്ടിലാരെല്ലാം വരുന്നുണ്ടോ എന്നുവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അവരെന്റെ സഖാവിനെ ഭ്രാന്തനാക്കി. എന്റെ കുഞ്ഞുങ്ങളെയോര്‍ത്ത് ഒന്നും തുറന്നു പറയാനാവുന്നില്ല. അവരെയും ഇല്ലാതാക്കുമെന്ന് ഭീഷണിയുണ്ട്.'' കണ്ണീരോടെ ഇതു പറയുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇടമുളയ്ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ ബിന്ദു.സ്വന്തം പാര്‍ട്ടിതന്നെ ഇരുട്ടിന്റെ മറവില്‍ കഠാരകയറ്റി ജീവച്ഛവമാക്കി കൊലപ്പെടുത്തിയ, സിപിഎം നേതാവിന്റെ വിധവ. ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

2008 ജനുവരി മൂന്നിന് വീടിനു മുന്നിലിട്ട് കൂരിരുട്ടില്‍ കൊത്തി നുറുക്കി രക്തസാക്ഷിയെ സൃഷ്ടിക്കാന്‍ പാര്‍ട്ടിയുടെ നറുക്ക് വീണത് രവീന്ദ്രന്‍ പിള്ളയെന്ന പാര്‍ട്ടി മാടമ്പികള്‍ക്ക് ദഹിക്കാത്ത സഖാവിനെയായിരുന്നു.

കൊല രാഷ്ട്രീയ പ്രതിയോഗികളുടെ തലയില്‍ കെട്ടിവച്ച് മുതലെടുപ്പിന് സിപിഎം നേതൃത്വം പദ്ധതിയിട്ടത് രവീന്ദ്രന്‍ പിള്ള ഉടനുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിലൂടെ തകരുകയായിരുന്നു. ഏഴ് വര്‍ഷം ജീവച്ഛവമായി കിടന്ന രവീന്ദ്രന്‍ പിള്ളയെ ആരാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നോ  എന്തിനാണെന്നോ പോലീസിനോ ക്രൈംബ്രാഞ്ചിനോ കണ്ടെത്താനായിരുന്നില്ല. അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വീട്ടിലെത്തി ദുരൂഹത പുറത്തു കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം കൊടുത്ത കൊലപാതക ശ്രമത്തിന്റെ  ചുരുളഴിക്കാനായില്ല.

സിപിഎം നേതൃത്വം തന്നെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതാണന്ന് മനസ്സിലാക്കിയ രവീന്ദ്രന്‍ പിള്ള ഇത് സിപിഎം നേതാക്കളോടുതന്നെ തുറന്ന് പറഞ്ഞു. ഇത് കേട്ട പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ്ജ് മാത്യു രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ ബിന്ദുവിനോട് പറഞ്ഞത് ഭര്‍ത്താവിന് മാനസിക വിഭ്രാന്തിയാണെന്നും മനോരോഗത്തിന് ചികിത്സിക്കണമെന്നുമാണ്. പാര്‍ട്ടിയുടെ സമീപനങ്ങളില്‍ മനംനൊന്ത് അക്രമത്തില്‍ മാരകമായി പരിക്കേറ്റ് കിടപ്പിലായിരുന്ന രവീന്ദ്രന്‍ പിള്ള 2015 മാര്‍ച്ച് 13ന് മരണത്തിനു കീഴടങ്ങി.

മൂന്ന് വര്‍ഷമായി കൊലക്കത്തിയുമായി രവീന്ദ്രന്‍ പിള്ളയുടെ വീടിനു പിന്നില്‍ ഒളിച്ചിരുന്നവര്‍ അനുസ്മരണ സമ്മേളനം നടത്തി കുടുംബത്തെ കൊഞ്ഞനം കുത്തുന്നു. 

തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ഉത്തരവാദികളെ കണ്ടെത്തണമെന്ന ആവശ്യം ഉന്നയിച്ച ഭാര്യയോട് മക്കളെയും വേണമെങ്കില്‍ ഇല്ലാതാക്കുമെന്ന് സിപിഎം നേതാക്കള്‍ കല്‍പ്പിച്ചു കഴിഞ്ഞു. പാര്‍ട്ടികോടതിയുടെ വിധി നടപ്പിലാക്കാന്‍ എത്തുന്ന മാര്‍ക്‌സിസ്റ്റ് ഭീകരന്മാരെ ഭയന്ന് കഴിയുകയാണീ പാര്‍ട്ടി കുടുംബം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.