സിപിഐ ദേശീയസമിതിയില്‍ പിടിമുറുക്കി കാനം ; ദിവാകരന്‍ പുറത്ത്

Monday 30 April 2018 2:20 am IST

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ കൊല്ലത്ത് സമാപിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ പക്ഷത്തിന് സമഗ്രാധിപത്യം. ദേശീയ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. 

കെ.ഇ. ഇസ്മയിലിനെ പിന്തുണക്കുന്ന സി. ദിവാകരനെ അടക്കം നാലുപേരെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നും തന്ത്രപരമായി പുറത്താക്കാന്‍ കാനത്തിന് സാധിച്ചു. മാത്രമല്ല സ്വന്തം പക്ഷക്കാരായ അഞ്ചുപേരെ തിരുകി കയറ്റുന്നതിലും വിജയിക്കാനായി. 

ദേശീയ സമിതിയില്‍ നിന്നും പുറത്തായതോടെ ശക്തമായ മറുപടിയുമായി സി. ദിവാകരന്‍ രംഗത്ത് വന്നു. ആരുടെയും സഹായത്തോടെ തുടരണമെന്ന് തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു ദിവാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് ഗോഡ്ഫാദര്‍മാരില്ല. പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനത്ത് തുടരാന്‍ പറഞ്ഞാല്‍ തുടരും. ഒഴിവാക്കിയാല്‍ ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദിവാകരന്റെയും മറ്റും സ്ഥാനനീക്കം വിഭാഗീയതയുടെ ഭാഗമല്ലെന്ന് വരുത്താനായിരുന്നു കാനത്തിന്റെ ശ്രമം. ഓരോ സമ്മേളനകാലയളവിലും 20 ശതമാനം പേര്‍ മാറി പുതിയ ആളുകളെ കൊണ്ടുവരണമെന്നാണ് പാര്‍ട്ടിച്ചട്ടമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. 

സി. ദിവാകരനൊപ്പം നില്‍ക്കുന്ന സത്യന്‍ മൊകേരി, സി.എന്‍. ചന്ദ്രന്‍, കമലാ സദാനന്ദന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരാണ്. ഇന്നലെ രാവിലെ ചേര്‍ന്ന ദേശീയസമിതിയില്‍ കേരള പ്രതിനിധികളുടെ എണ്ണം 13ല്‍ നിന്നും 14 ആക്കി വര്‍ധിപ്പിച്ചിട്ടും ഇസ്മയില്‍പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ദേശീയ എക്‌സിക്യൂട്ടില്‍ സംഭവിച്ചത്. കെ.പി. രാജേന്ദ്രന്‍, എന്‍. അനിരുദ്ധന്‍, ബി. വസന്തം, എന്‍. രാജന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരെയാണ് പുതുതായി ദേശീയസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പന്ന്യന്‍ രവീന്ദ്രന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.