കസ്റ്റഡി കൊലപാതകം: ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരമില്ല

Monday 30 April 2018 2:22 am IST

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഇടത് സര്‍ക്കാറിന്റെ അവഗണന. നിരപരാധിയായ ശ്രീജിത്തിനെ പോലീസ് ചവിട്ടിക്കൊന്നിട്ടും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വീടാക്രമണത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് നിരപരാധിയാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തിയിരുന്നു. എന്നിട്ടും നഷ്ടപരിഹാരം നല്‍കാതെ ശ്രീജിത്തിന്റെ കുടുംബത്തോട് സര്‍ക്കാര്‍ പകവീട്ടുകയാണ്. 

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ അനാസ്ഥമൂലം മരിച്ച, മുരുകന് പണം നല്‍കുന്നതില്‍ സര്‍ക്കാരിന് അമാന്തമില്ലായിരുന്നു. എന്നാല്‍, സര്‍ക്കാറിന്റെ തന്നെ ക്രിമിനലുകളായ പോലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിനോട് ഇടത് സര്‍ക്കാര്‍ നീതി കാണിച്ചില്ല. ശ്രീജിത്ത് മരിച്ച് ഒരുമാസമാകാറായിട്ടും ആ കുടുംബത്തെ ആശ്വസിപ്പിക്കാനോ സഹായധനം നല്‍കാനോ ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 

ശ്രീജിത്തിന് മൂന്നുവയസ്സുള്ള മകളും ഭാര്യയുമുണ്ട്. ഇവരുടെ കുടുംബത്തിനാണ് സര്‍ക്കാറില്‍ നിന്ന് ഒരാനുകൂല്യവും കിട്ടാത്തത്. ബിജെപി നേതൃത്വം കഴിഞ്ഞദിവസം ഇവരുടെ കുടുംബത്തിന് രണ്ടരലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. എന്നാല്‍, ശ്രീജിത്തിനെ പോലീസിന് കാട്ടിക്കൊടുത്ത സിപിഎമ്മോ സര്‍ക്കാറോ നയാപ്പൈസപോലും നല്‍കി ആ കുടുംബത്തെ സഹായിച്ചില്ല. തെരുവുനായ്ക്കള്‍ ആക്രമിക്കുന്നവര്‍ക്ക് പോലും നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുള്ള നാട്ടിലാണ് പോലീസ് തല്ലിക്കൊന്നയാളുടെ കുടുംബത്തോടുള്ള ഈ നീതി നി്‌ഷേധം. 

ഹരിയാനയില്‍ ട്രെയിനില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് സിപിഎം കേരള ഘടകം 10 ലക്ഷം രൂപയാണ് നല്‍കിയത്. രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ നേട്ടത്തിനുവേണ്ടിയായിരുന്നു ഈ നടപടിയെന്നാണ് ശ്രീജിത്ത് വിഷയത്തില്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും നടപടി സൂചിപ്പിക്കുന്നത്. ശ്രീജിത്തിന്റെ  കസ്റ്റഡി കൊലപാതകത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും നടപടികളില്‍ നിന്നും വ്യക്തമാകുന്നത്. ഒരുദിവസം മുഴുവന്‍ എറണാകുളം ജില്ലയിലുണ്ടായിട്ടും ശ്രീജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാതിരുന്നതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

ന്യായീകരിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തെ ന്യായീകരിച്ച് സിപിഎം വരാപ്പുഴയില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കുന്നത് വിവാദമായി. ശ്രീജിത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടിയാണ് കൊലപാതകത്തെ ന്യായീകരിച്ച് വിശീദകരണയോഗം നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുന്നത്. 

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം ബിജെപിയും കോണ്‍ഗ്രസ്സും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. 

രാഷ്ട്രീയ വിശദീകരണയോഗത്തിന്റെ പോസ്റ്ററുകള്‍ വരാപ്പുഴയില്‍ വ്യാപകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാട്ടിലെ തന്നെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കളാണെന്ന് പാര്‍ട്ടി നേതാവിന്റെ മകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രാദേശിക നേതാവായ ഡെന്നിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 

പിന്നീട്, സിപിഎമ്മിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ നിന്ന് പ്രത്യേകസംഘം പിന്‍മാറുകയായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തില്‍ സിപിഎം വിശദീകരണയോഗം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.