ഭീകരവിരുദ്ധ സൈനിക പരിശീലനത്തിന് ഇന്ത്യയും പാക്കിസ്ഥാനും

Monday 30 April 2018 2:28 am IST
ചൈനയുടെ മേല്‍നോട്ടത്തിലുള്ള സുരക്ഷാ സംഘടനയായ ഷാങ്ങ്ഗായ് കോര്‍പ്പറേഷന്‍ ഒര്‍ഗനൈസേഷന്റെ (എസ്‌സിഒ) മേല്‍നോട്ടത്തിലായിരിക്കും പരിശീലന പരിപാടികള്‍. സമാധാനദൗത്യമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഇതിനായി എസ്‌സിഒ അംഗങ്ങളായ എട്ടു രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീകരതയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഐക്യം ഉറപ്പു വരുത്തുമെന്ന് സംഘടനാ വക്താക്കള്‍ അറിയിച്ചു.

ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള ബഹുരാഷ്ട്ര സൈനിക പരിശീലന പരിപാടിയില്‍ ഇന്ത്യയും പാക്കിസ്ഥാനും പങ്കെടുക്കും. സപ്തംബറില്‍ റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന പരിശീലനത്തില്‍ ചൈന ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ പങ്കെടുക്കും. 

ചൈനയുടെ മേല്‍നോട്ടത്തിലുള്ള സുരക്ഷാ സംഘടനയായ ഷാങ്ങ്ഗായ് കോര്‍പ്പറേഷന്‍ ഒര്‍ഗനൈസേഷന്റെ (എസ്‌സിഒ) മേല്‍നോട്ടത്തിലായിരിക്കും പരിശീലന പരിപാടികള്‍. സമാധാനദൗത്യമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഇതിനായി എസ്‌സിഒ അംഗങ്ങളായ എട്ടു രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീകരതയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഐക്യം ഉറപ്പു വരുത്തുമെന്ന് സംഘടനാ വക്താക്കള്‍ അറിയിച്ചു. 

സൈനികപരിശീലനത്തില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് പ്രതിരോമധന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബീജിങ്ങില്‍ നടന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ സ്ഥിരീകരിച്ചതായി ഷാങ്ഹായ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. 

ഐക്യരാഷ്ട്രസഭാ സമാധാനദൗത്യത്തില്‍ ഒരുപോലെ പങ്കാളികളാണെങ്കിലും സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഇതാദ്യമായാണ് സൈനിക പരിശീലനത്തില്‍ ഒരുമിക്കുന്നത്. റഷ്യ, ചൈന, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാഷ്ട്രത്തലവന്മാരുടെ നേതൃത്വത്തില്‍ 2001ലാണ് എസ്‌സിഒ രൂപീകരിച്ചത്. സംഘടനയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്കും  പാക്കിസ്ഥാനും സ്ഥിരാംഗത്വം ലഭിച്ചത്. ഇന്ത്യയുടെ അംഗത്വത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് റഷ്യയായിരുന്നു. പാക്കിസ്ഥാനെ പിന്തുണച്ചത് ചൈനയും. 

എസ്‌സിഒ അംഗമായതോടെ ഭീകരവാദത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാവുമെന്നാണ് ഇന്ത്യ കരുതുന്നത്. സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എസ്‌സിഒയുടേയും അതിന്റെ ഭീകരവിരുദ്ധ ഘടകത്തിന്റെയും സഹകരണവും ഇന്ത്യ പ്രതീക്ഷിക്കുന്നു.  

അതേസമയം ഇന്ത്യയും ചൈനയുമായുള്ള സംയുക്ത സൈനിക പരിശീലനം ഈ വര്‍ഷം തുടരും. ദോക്‌ലാം പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരിശീലനം നിര്‍ത്തി വെച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.