അമേരിക്കയുമായി സൗഹൃദത്തിലായാല്‍ ആണവായുധം വേണ്ട: കിം ജോങ്ങ് ഉന്‍

Monday 30 April 2018 2:40 am IST
ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സംഭാഷണങ്ങള്‍ക്ക് തുടക്കമായാല്‍, ശത്രുരാഷ്ട്രങ്ങള്‍ക്കു നേരെ താന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന വസ്തുത അമേരിക്കയ്ക്ക് ബോധ്യപ്പെടുമെന്നും കിം വ്യക്തമാക്കി. കിമ്മിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് യൂണ്‍ യങ്ങ്ചാങ്ങ് അറിയിച്ചതാണ് ഇക്കാര്യം.

സിയോള്‍: അമേരിക്കയുമായുള്ള സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടാല്‍ ഇനി ആണവായുധങ്ങള്‍ സൂക്ഷിക്കേണ്ടതില്ലെന്ന് ദക്ഷിണ കൊറിയയ്ക്ക് ഉറപ്പു നല്‍കി ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ്ങ് ഉന്‍. ആണവായുധ പരീക്ഷണ കേന്ദ്രങ്ങളിലൊന്ന് അടച്ചു പൂട്ടുന്നതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം പത്രപ്രവര്‍ത്തകരെയും വിദേശ രാജ്യങ്ങളിലെ വിദഗ്ധരെയും ക്ഷണിച്ചു. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. അടുത്ത മൂന്നാഴ്ച്ചക്കകം കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.  

ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സംഭാഷണങ്ങള്‍ക്ക് തുടക്കമായാല്‍, ശത്രുരാഷ്ട്രങ്ങള്‍ക്കു നേരെ താന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന വസ്തുത അമേരിക്കയ്ക്ക് ബോധ്യപ്പെടുമെന്നും കിം വ്യക്തമാക്കി.  കിമ്മിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് യൂണ്‍ യങ്ങ്ചാങ്ങ് അറിയിച്ചതാണ് ഇക്കാര്യം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ചാവേളയിലായിരുന്നു 'ആണവരഹിത കൊറിയന്‍ ഉപഭൂഖണ്ഡ' മെന്ന പരാമര്‍ശവുമായി കിമ്മിന്റെ പ്രസ്താവനകള്‍. 

കൂടിക്കാഴ്ചകള്‍ പതിവാക്കി അമേരിക്കയുടെ വിശ്വാസ്യത നേടിയെടുത്ത് യുദ്ധമവസാനിപ്പിക്കാമെന്ന്  അമേരിക്കയില്‍ നിന്ന് ഉറപ്പും ലഭിച്ചാല്‍ ആണവായുധങ്ങള്‍ കൈവശം വെച്ച്  ഭയപ്പാടോടെ ജീവിക്കേണ്ടതില്ല. എന്നാല്‍ പ്രവര്‍ത്തനരഹിതമായ ചില കേന്ദ്രങ്ങളാണ് തങ്ങള്‍ അടച്ചുപൂട്ടുന്നതെന്നാണ് ചിലരുടെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ നിലവിലുള്ളവയേക്കാള്‍ വലിയ രണ്ടു ടണലുകള്‍ പ്രവര്‍ത്തന സജ്ജമായി ഇപ്പോഴുമുണ്ടെന്ന് കിം വെളിപ്പെടുത്തി. 

കിമ്മിന്റെ പുതിയ തീരുമാനങ്ങള്‍ ചെറുതെങ്കിലും സ്വാഗതാര്‍ഹമാണെന്നും അതേസമയം അവരുടെ നീക്കങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും ഉത്തരകൊറിയന്‍ നയങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ മിന്റാരോ ഓബ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.