സ്വച്ഛ് ഭാരത്: വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

Monday 30 April 2018 2:39 am IST

ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി അവധിക്കാല ഇന്റേണ്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പങ്കെടുക്കുന്ന മികച്ച അംഗങ്ങള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വച്ഛഭാരത് മിഷന്‍ സര്‍ട്ടിഫിക്കറ്റും യുജിസി രണ്ട് ക്രെഡിറ്റ് പോയിന്റുകളും നല്‍കും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ മോദി വ്യക്തമാക്കി. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവരും സമൂഹത്തിന്റെ മാറ്റം ആഗ്രഹിക്കുന്നവരും അവസരം പ്രയോജനപ്പെടുത്തണം. ഒക്‌ടോബര്‍ രണ്ടിന് മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് നല്‍കാവുന്ന ആദരമാണിത്. 

 എല്ലാവര്‍ക്കും പ്രധാനമന്ത്രി റംസാന്‍ ആശംസകള്‍ നേര്‍ന്നു. ലോകമെങ്ങും റംസാന്‍മാസം തികഞ്ഞ ആദരവോടും ബഹുമാനത്തോടും ആഘോഷിക്കപ്പെടുന്നു. പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ച സന്ദേശം ഓര്‍മ്മിക്കാനുള്ള അവസരമാണിത്. അദ്ദേഹത്തിന്റെ ജീവിതം പോലെ സാഹോദര്യത്തോടെ ജീവിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇസ്ലാമില്‍ ഏതു കാര്യമാണ് ഏറ്റവും നല്ലതെന്ന് ഒരിക്കല്‍ ഒരാള്‍ പ്രവാചകനോടു ചോദിച്ചു. ദരിദ്രനോ വിശക്കുന്നവനോ ഭക്ഷണം കൊടുക്കുകയും എല്ലാവരുമായി സന്മനോഭാവത്തോടെ പെരുമാറുകയും ചെയ്യുകയെന്നതാണെന്ന് അദ്ദേഹം മറുപടി നല്‍കി. റംസാനില്‍ ദാനത്തിനാണ് പ്രാധാന്യമുള്ളത്. പ്രവാചകന്റെ അഭിപ്രായത്തില്‍ പവിത്രമായ ആത്മാവുകൊണ്ടാണ് ഒരാള്‍ ധനവാനാകുന്നത്, ധനവും സമ്പത്തും കൊണ്ടല്ല. ബുദ്ധപൂര്‍ണ്ണിമ ആശംസകളും അദ്ദേഹം നേര്‍ന്നു. ബുദ്ധന്റെ ഭൂമിയാണെന്നതില്‍ അഭിമാനിക്കാം. ബുദ്ധന്‍ കാട്ടിത്തന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രതിജ്ഞ ചെയ്യാം. മോദി പറഞ്ഞു. 

ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങള്‍ മഴവെള്ള സംഭരണത്തിനുള്ള മാസങ്ങളാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി നദികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുമ്പോള്‍ കേരളത്തിലെ കുട്ടമ്പേരൂര്‍ നദി ഏഴായിരം തൊഴിലാളികള്‍ എഴുപതു ദിവസത്തെ കഠിനാധ്വാനത്തിലൂടെ വീണ്ടെടുത്തതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.