കണ്ടുപിടുത്തങ്ങള്‍ നിരവധി; നട്ടംതിരിഞ്ഞ് വെറ്ററിനറി സര്‍വ്വകലാശാല

Monday 30 April 2018 2:30 am IST

കല്‍പ്പറ്റ: വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ ഗവേഷണം നടത്തുന്ന പൂക്കോടുള്ള ഫാം വേസ്റ്റ് മാനേജ്‌മെന്റ് കേന്ദ്രത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ നട്ടം തിരിഞ്ഞ് സര്‍വ്വകലാശാല. കേന്ദ്രം വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ്, ആടിനെ കറക്കുന്ന യന്ത്രം, ചാണകം പൊടിക്കുന്ന യന്ത്രം, മില്‍ക്കിങ് മെഷീന്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയാതെ സര്‍വ്വകലാശാല പാടുപെടുകയാണ്. 

ഏകദേശം ഒന്നര ലക്ഷം രൂപ ചെലവിലാണ് ബയോ ഗ്യാസ് പ്ലാന്റ് വികസിപ്പിച്ചെടുത്തത്. ഇതില്‍ നൂറു ലിറ്ററോളം അടുക്കളമാലിന്യം ഉപയോഗിച്ച് ദിനംപ്രതി രണ്ടു ക്യൂബിക് മീറ്ററോളം ബയോഗ്യാസ് ഉത്പാദിപ്പിക്കുമെന്നായിരുന്നു അവകാശവാദം. എന്നാലിപ്പോള്‍ ഇത് പ്രവര്‍ത്തനരഹിതമാണ്.

ഉയര്‍ന്ന പാലുത്പാദന ശേഷിയുള്ള ആടുകളെ കറക്കുന്നതിനാണ് സാധാരണയായി യന്ത്രം ഉപയോഗിക്കുന്നത്. ആട്ടിന്‍ കുട്ടികള്‍ക്കുപോലും കുടിക്കുവാന്‍ ആവശ്യമായ പാലുത്പാദനം ഇല്ലാത്ത ആടുകളാണ് നിലവില്‍ ഫാമില്‍ ഉള്ളത്.     

പത്തു ലക്ഷത്തോളം രൂപ ചെലവില്‍ വാങ്ങിയതാണ് ചാണകം പൊടിക്കുന്ന യന്ത്രം. ഏകദേശം പതിനേഴു കുതിരശക്തിയോളം വൈദ്യുതി ഒരു മണിക്കൂറില്‍ ഉപയോഗിക്കുന്ന യന്ത്രം വഴി ഉത്പാദിപ്പിക്കുന്ന ചാണകപ്പൊടിക്ക് നല്ല വില ലഭിച്ചെങ്കില്‍ മാത്രമേ ലാഭകരമാകൂ. 

മാത്രവുമല്ല ഇങ്ങനെ ഉത്പാദിക്കുന്ന ചാണകപ്പൊടിയുടെ ഗുണനിലവാരം ഇതുവരെ സര്‍വ്വകലാശാല പരിശോധിച്ചിട്ടുമില്ല. കേന്ദ്രം വികസിപ്പിച്ചെടുത്ത മില്‍ക്കിങ് മെഷീനും ഫാമില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ല.

പത്തു കിലോ കോഴി മാലിന്യത്തില്‍ നിന്നും ഒരു ലിറ്റര്‍ ബയോഡീസലും സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലിസറിനും ഉത്പാദിക്കുവാന്‍ കഴിയുമെന്ന് അവകാശപ്പെട്ടുകൊണ്ടു ഏകദേശം പന്ത്രണ്ടു ലക്ഷം രൂപ ചെലവിലാണ് ബയോ ഡീസല്‍ പ്ലാന്റ് സ്ഥാപിച്ചത്. സാധാരണ ഡീസല്‍, പെട്രോള്‍ എന്നിവയെ അപേക്ഷിച്ചു ഈ ബയോഡീസലിന് ഉയര്‍ന്ന ഇന്ധന ക്ഷമതയുണ്ടെന്നു ഭാരത് പെട്രോളിയം കമ്പനിയുടെ ഗുണനിലവാര പരിശോധന ലാബ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും സാധാരണ ഡീസലില്‍ അമ്പതു ശതമാനം വരെ ഇത് ചേര്‍ത്ത് ഉപയോഗിക്കാമെന്നും കേന്ദ്രത്തിലെ ഗവേഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ തയ്യാറാകാത്തതും, ഈ ഇന്ധനം യൂണിവേഴ്‌സിറ്റി വാഹനങ്ങളിലെങ്കിലും ഉപയോഗിക്കാത്തതും ദുരൂഹമാണ്. ഈ കേന്ദ്രത്തിന്റെ മുന്‍ മേധാവിയുടെ കണ്ടുപിടുത്തമായ 'തുംബര്‍മൂഴി കംപോസ്റ്റ്' ജനകീയവും ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം രണ്ടു വര്‍ഷം മുന്‍പ് വിരമിച്ചു. 

സര്‍വ്വകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങള്‍ കര്‍ശന സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കിയെങ്കില്‍ മാത്രമേ ജനോപകാരപ്രദമായ കണ്ടു പിടുത്തങ്ങള്‍ ഉണ്ടാവൂ എന്നുറപ്പാണ്. 

പൊതുജന താത്പര്യാര്‍ത്ഥം എന്ന  പേരില്‍ നടത്തുന്ന ഗവേഷണങ്ങള്‍  ഉപയോഗപ്രദമായില്ലെങ്കില്‍ അത് സര്‍വ്വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയാണ് നിലവില്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.