വയോജനങ്ങള്‍ക്ക് 'ഹര്‍ഷ'വുമായി കുടുംബശ്രീ

Monday 30 April 2018 2:33 am IST

തിരുവനന്തപുരം: കുടുംബശ്രീ വയോജന പരിചരണ മേഖലയിലേക്ക് കടക്കുന്നു. ഹര്‍ഷം’'ഹാപ്പിനെസ് റീഡിഫൈന്‍ഡ്' എന്ന ടാഗ് ലൈനുമായി ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ തെരഞ്ഞെടുത്ത 90 പേര്‍ക്ക് ഇന്നുമുതല്‍ 15 ദിവസത്തെ പരിശീലനം ആരംഭിക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് പരിശീലനം.

ഈ രംഗത്തെ സേവനദാതാക്കളായ ഹാപ് (ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍), ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി. കേരള അക്രഡിറ്റഡ് സ്‌കില്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷം ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സൂക്ഷ്മസംരംഭ മാതൃകയിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഇതിനായി  ശാരീരിക ക്ഷമതയും സേവന തല്‍പരതയും തൊഴിലിനോട് ആഭിമുഖ്യവുമുള്ള 55ല്‍  താഴെ പ്രായമുള്ള പരിശീലനാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാമിഷന്‍ അധികൃതരുടെ നേതൃത്വത്തിലായിരിക്കും ഇവരെ തെരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ 30 പേര്‍ വീതമുള്ള രണ്ടു ബാച്ചുകളായിട്ടാണ് പരിശീലനം നല്‍കുക. പിന്നീട് മറ്റു ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.  

ഉപഭോക്താക്കള്‍ക്ക് കോള്‍സെന്ററുകള്‍ വഴിയോ ഓണ്‍ലൈനായോ 'ഹര്‍ഷം' പദ്ധതിയുടെ സേവനം ഉറപ്പു വരുത്താം. 

സേവന കാലാവധിക്ക് ആനുപാതികമായാണ് വേതനം. ഉപഭോക്താവിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും കുടുംബശ്രീയുടെ സേവനം ലഭ്യമാക്കുക. ഇതിനായി അതത് സിഡിഎസ് -എഡിഎസ് പ്രവര്‍ത്തകരുടെ സഹായവും ഉറപ്പു വരുത്തും. 

ഓരോ ജില്ലയിലും നൂറില്‍ കുറയാത്ത സേവനദാതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വാര്‍ധക്യ പരിചരണം ആവശ്യമായവരെ സംബന്ധിച്ച വിവരങ്ങളും കുടുംബശ്രീ ശേഖരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.