റയല്‍ മാഡ്രിഡിന് വിജയം

Monday 30 April 2018 2:44 am IST

മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുള്‍പ്പെയുള്ള പ്രമുഖ താരങ്ങളെ കൂടാതെയിറങ്ങിയ റയല്‍ മാഡ്രിഡിന് ജയം. ലാ ലിഗയില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീഗന്‍സിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ അവര്‍ രണ്ടാം സ്ഥാനത്തിനുള്ള സാധ്യതകള്‍ സജീവമാക്കി.

ആദ്യ പകുതിയില്‍ ഗാരെത്ത് ബെയ്ല്‍ ,ബോര്‍ജ മയോറല്‍ എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്്. രണ്ടാം പകുതിയില്‍ ബ്രസനാക്കാണ് ലീഗന്‍സിന്റെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്. ഈ വിജയത്തോടെ, മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന റയലും രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റായി. 34 മത്സരങ്ങളില്‍ റയലിന് 71 പോയിന്റും അത്‌ലറ്റിക്കോ മാഡ്രിഡിന് 34 മത്സരങ്ങളില്‍ 72 പോയിന്റുമുണ്ട്. ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ വിജയമാവര്‍ത്തിച്ചാല്‍ റയലിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാനാകും. 33 മത്സരങ്ങളില്‍ 83 പോയിന്റുള്ള ബാഴ്‌സലോണ കിരീടമുറപ്പാക്കിക്കഴിഞ്ഞു.

ചൊവ്വാഴ്ചത്തെ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനല്‍ മുന്നില്‍ കണ്ടാണ് കോച്ച് സിനദിന്‍ സിദാന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് എന്നിവരെ ഒഴിവാക്കിയത്. മാഴ്‌സെലോ, ലൂക്ക  മോഡ്രിക് , ലൂക്കാസ് വാസ്‌ക്വസ് എന്നിവരും റിസര്‍വ് ബെഞ്ചിലായിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ പാദസെമിയില്‍ പുറത്തിരുന്ന ബെയ്ല്‍, കരീം ബെന്‍സേമ എന്നിവരെ ലീഗന്‍സിനെതിരായ മത്സരത്തിന് ഇറക്കി.

മറ്റൊരു മത്സരത്തില്‍ വിയാറയല്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. കാര്‍ലോസ് ബാക്കയുടെ ഹാട്രിക്കാണ് വിയാറയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ വിയാറയല്‍  ആറാം സ്ഥാനത്ത് തുടരുകയാണ്.പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് അടുത്ത മത്സരത്തില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണയെ സമിനിലയില്‍ പിടിച്ചുനിര്‍ത്തിയാല്‍ ലാ ലിഗ കിരീടം സ്വന്തമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.