ജര്‍മ്മനിയുടെ മൂന്നാം കിരീടം

Monday 30 April 2018 2:45 am IST

പതിനാലാം ലോകകപ്പിന് വേദിയൊരുക്കിയത് ഇറ്റലിയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇറ്റലി കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന് ആതിഥ്യം വഹിച്ചത്. 

1986-ലെ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഇറ്റലിയിലും. നിലവിലുള്ള ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ജര്‍മ്മനി (പശ്ചിമ ജര്‍മ്മനി) മൂന്നാം തവണ കിരീടം ചൂടി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഫൈനലില്‍ ഒരേയൊരു ഗോള്‍ മാത്രം പിറന്നത്. ആ ഗോളാവട്ടെ പെനാല്‍റ്റിയിലൂടെയും!

52 മത്സരങ്ങളില്‍ നിന്നായി രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ ആകെ പിറന്നത് 115 ഗോളുകള്‍ മാത്രം. സ്‌പെയിനിന്റെ ജോസ് മിഗ്വേല്‍ ഗൊണ്‍സാലസ് മാര്‍ട്ടിന്‍ ഡെല്‍ കാംപോ എന്ന മൈക്കലും ചെക്കോസ്ലോവാക്യയുടെ തോമസ് സ്‌കുര്‍ഹാവിയുമാണ് ഹാട്രിക്കിന് അവകാശികളായത്. 

ടൂര്‍ണമെന്റിലുടനീളം 16 താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. ഇതിന് മുമ്പ് മറ്റൊരു ലോകകപ്പിലും ഇത്രയധികം താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടില്ല. 

മുന്‍ ചാമ്പ്യന്‍ഷിപ്പുകളെപ്പോലെ ആതിഥേയരായ ഇറ്റലിയും ലോകചാമ്പ്യന്മാരായ അര്‍ജന്റീനയും നേരിട്ട് യോഗ്യത നേടിയപ്പോള്‍ ബാക്കി 22 ടീമുകള്‍ യോഗ്യതാ മത്സരങ്ങളില്‍ മാറ്റുരച്ചാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. 

ഗ്രൂപ്പ് എയില്‍ ഇറ്റലി, അമേരിക്ക, ചെക്കോസ്ലോവാക്യ, ആസ്ട്രിയ, ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന, സോവിയറ്റ് യൂണിയന്‍, കാമറൂണ്‍, റുമാനിയ, ഗ്രൂപ്പ് സിയില്‍ സ്വീഡന്‍, സ്‌കോട്ട്‌ലന്റ്, ബ്രസീല്‍, കോസ്റ്ററിക്ക, ഗ്രൂപ്പ് ഡിയില്‍ യുഎഇ, പശ്ചിമ ജര്‍മ്മനി, യൂഗോസ്ലാവ്യ, കൊളംബിയ, ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍, ഉറുഗ്വെ, ബെല്‍ജിയം, ദക്ഷിണ കൊറിയ, ഗ്രൂപ്പ് എഫില്‍ നെതര്‍ലന്റ്‌സ്, ഇംഗ്ലണ്ട്, അയര്‍ലന്റ്, ഈജിപ്റ്റ് എന്നീ ടീമുകള്‍ അണിനിരന്നു. ഇതില്‍ യുഎഇ, കോസ്റ്ററിക്ക, അയര്‍ലന്‍ഡ് എന്നീ ടീമുകളുടെ ആദ്യ ലോകകപ്പായിരുന്നു.

വമ്പന്‍ അട്ടിമറി കണ്ടുകൊണ്ടാണ് ഈ ലോകകപ്പ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ അര്‍ജന്റീനയെ കാമറൂണ്‍ ഒരു ഗോളിന് അട്ടിമറിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ അട്ടിമറി പരമ്പര തുടര്‍ന്ന കാമറൂണ്‍ ഈ ഘട്ടംവരെയെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി. കളിയില്‍നിന്നും വിരമിക്കാന്‍ തീരുമാനിച്ച ശേഷം ടീമില്‍ തിരിച്ചെത്തിയ കാമാറൂണിന്റെ റോജര്‍ മില്ല എന്ന മുപ്പത്തെട്ടുകാരനായിരുന്നു ഇറ്റലിയിലെ സൂപ്പര്‍താരം. 

ഗ്രൂപ്പ് എയില്‍ നിന്ന് ഇറ്റലി, ചെക്കോസ്ലോവാക്യ, ഗ്രൂപ്പ് ബിയില്‍ നിന്ന് കാമറൂണ്‍, റുമാനിയ, അര്‍ജന്റീന, ഗ്രൂപ്പ് സിയില്‍ നിന്ന് ബ്രസീല്‍, കോസ്റ്ററിക്ക, ഗ്രൂപ്പ് ഡിയില്‍ നിന്ന് പശ്ചിമ ജര്‍മ്മനി, യൂഗോസ്ലാവ്യ, കൊളംബിയ, ഗ്രൂപ്പ് ഇയില്‍ നിന്ന് സ്‌പെയിന്‍, ബെല്‍ജിയം, ഉറുഗ്വെ, ഗ്രൂപ്പ് എഫില്‍ നിന്ന് ഇംഗ്ലണ്ട്, അയര്‍ലന്റ്, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് പ്രീ-ക്വാര്‍ട്ടറിലെത്തിയത്.

പ്രീ ക്വാര്‍ട്ടറില്‍ അധിക സമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ കാമറൂണ്‍ കൊളംബിയയെയും ചെക്കോസ്ലാവാക്യ കോസ്റ്ററിക്കയെും അര്‍ജന്റീന 1ബ്രസീലിനെയും പശ്ചിമ ജര്‍മ്മനി നെതര്‍ലന്റ്‌സിനെയും അയര്‍ലന്റ് റുമാനിയെയും ഇറ്റലി ഉറുഗ്വെയെയും സ്‌പെയിന്‍ യൂഗോസ്ലാവ്യയെയും ഇംഗ്ലണ്ട് ബല്‍ജിയത്തെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയും പശ്ചിമ ജര്‍മ്മനിയും അയര്‍ലന്‍ഡിനെയും ചെക്കോസ്ലോവാക്യയെയും 1-0ന് പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഷൗട്ടൗട്ടിനൊടുവില്‍ 3-2ന് യൂഗോസ്ലാവ്യയെയും ഇംഗ്ലണ്ട് അധികസമയത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാമറൂണിനെയും പരാജയപ്പെടുത്തി അവസാന നാലില്‍ ഇടംപിടിച്ചു.

രണ്ട് സെമിഫൈനല്‍ മത്സരങ്ങളും അവസാനിച്ചത് ഷൂട്ടൗട്ടില്‍. ആദ്യ സെമി അര്‍ജന്റീനയും ഇറ്റലിയും തമ്മില്‍. മറഡോണയടക്കമുള്ള അര്‍ജന്റീനയുടെ പടക്കുതിരകള്‍ എല്ലാ കിക്കുകളും ഗോളാക്കിയപ്പോള്‍ ഇറ്റലിയുടെ ഡൊണാഡോണിക്കും സെറെനെയ്ക്കും ഉന്നം പിഴച്ചു. ഇംഗ്ലണ്ടും ജര്‍മ്മനിയും തമ്മിലുള്ള മത്സരത്തിലാവട്ടെ, ലോതര്‍ മത്തേവൂസും ബ്രഹ്മെയുമടക്കമുള്ള ജര്‍മ്മന്‍ താരങ്ങള്‍ ഗോള്‍മുഖം കുലുക്കിയപ്പോള്‍ പിയേഴ്‌സും വാഡലും ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തു. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ഇരുടീമുകളുടെയും വിജയം. 

ഇറ്റലിയുടെ സാല്‍വദോര്‍ ഷിലാച്ചി ആറ് ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോള്‍നേടുന്ന താരത്തിനുള്ള സുവര്‍ണ്ണ പാദുകവും ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണ പന്തും കരസ്ഥമാക്കി. ജര്‍മ്മന്‍ ക്യാപ്റ്റന്‍ ലോതര്‍ മത്തേവൂസ് മികച്ച കളിക്കാനുള്ള വെള്ളി പന്തും അര്‍ജന്റീന നായകന്‍ ഡീഗോ മാറഡോണ വെങ്കല പന്തും കരസ്ഥമാക്കി. രണ്ടാമത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള വെള്ളി പാദുകം ചെക്കോസ്ലോവാക്യയുടെ തോമസ് സ്‌കുര്‍ഹാവി നേടിയപ്പോള്‍ വെങ്കല പാദുകം നാല് പേര്‍ പങ്കിട്ടു. കാമറൂണിന്റെ റോജര്‍ മില്ല, ജര്‍മ്മനിയുടെ ലോതര്‍ മാത്തേവൂസ്, സ്‌പെയിനിന്റെ മൈക്കല്‍, ഇംഗ്ലണ്ടിന്റെ ഗ്യാരി ലിനേക്കര്‍ എന്നിവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.