കമ്മ്യൂണിസ്റ്റുകളുടെ പൊള്ളത്തരം തുറന്നു കാട്ടാന്‍ എസ്എന്‍ഡിപി

Monday 30 April 2018 2:48 am IST

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശപോരാട്ടങ്ങള്‍ നടത്തിയത് തങ്ങളാണെന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കുപ്രചാരണങ്ങള്‍ തുറന്നു കാട്ടാന്‍ എസ്എന്‍ഡിപി. മെയ് ഒന്ന് ടി.കെ. മാധവന്‍ അനുസ്മരണ ദിനമായി ആചരിച്ചാണ് കര്‍ഷകത്തൊഴിലാളികളെയും കയര്‍ത്തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ ചരിത്രപരമായ നേതൃത്വം വഹിച്ചതിന്റെ സ്മരണ പുതുക്കുന്നത്.

കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ  സംഘടിപ്പിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാഹളം മുഴക്കിയത് എസ്എന്‍ഡിപി യോഗത്തിന്റെ അന്നത്തെ നേതാവായിരുന്ന ടി.കെ. മാധവനായിരുന്നു. ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. കര്‍ഷക തൊഴിലാളികളുടെ കൂട്ടായ്മ രൂപപ്പെടുത്തിയ മാധവന്‍ അവരുടെ ജീവിതത്തിന് ദിശാബോധം നല്‍കുന്നതിനുള്ള ക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.   ഇതിന്റെ ആദ്യരൂപവും പിന്നീട് കേരളത്തില്‍ സംഭവിച്ചിട്ടുള്ള തൊഴിലാളി വര്‍ഗ്ഗ ചരിത്രവും ഇന്നത്തെ തലമുറയുടെ പഠനവിഷയമാക്കുന്നതിനു വേണ്ടിയാണ് യൂണിയന്‍ ഇത്തരത്തിലൊരു തൊഴിലാളി പ്രസ്ഥാന രൂപീകരണ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. 

  1885 സപ്തംബര്‍ 2ന് മാവേലിക്കര കണ്ണമംഗലത്തായിരുന്നു ടി. കെ. മാധവന്റെ ജനനം. 1930 ഏപ്രില്‍ 27ന് അന്തരിച്ചു. 1914ല്‍ ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങി. വഴി നടക്കാനും സ്‌കൂളില്‍ പഠിക്കാനും ക്ഷേത്രത്തില്‍ ആരാധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാദിച്ചു. 

  1920 കാലഘട്ടത്തില്‍ ആലപ്പുഴ നഗരത്തിലും, പ്രാന്തപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പണിയെടുത്തിരുന്ന കയര്‍ഫാക്ടറി തൊഴിലാളികള്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരായിരുന്നു. ഇക്കാര്യങ്ങള്‍ ആലപ്പുഴ മംഗലം പുന്നച്ചുവടു വീട്ടില്‍ ബാവ ശ്രീ നാരായണ ഗുരുവിനെ ധരിപ്പിച്ചു.

 'എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ' ഇതായിരുന്നു ഗുരുവിന്റെ മറുപടി. ഈ ആഹ്വാനം ഉള്‍ക്കൊണ്ട്  1922 ഏപ്രില്‍ 23ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ പിറവി. അതില്‍ മുഖ്യാതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതനായിരുന്നു.  

ഒന്നിന് വൈകിട്ട് നാലിന് കണിച്ചുകുളങ്ങര യൂണിയന്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ തൊഴിലാളി പ്രസ്ഥാനവും എസ്എന്‍ഡിപി യോഗവും എന്ന വിഷയത്തെ ആസ്പദമാക്കി  യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.എന്‍. ബാബു  ക്ലാസ്സ് നയിക്കും.യൂണിയന്‍ വൈസ് പ്രസിഡന്റ് ധനേശന്‍ പൊഴിയ്ക്കല്‍ അധ്യക്ഷനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.