വിറ്റയാള്‍ തന്നെ ഭൂമി തട്ടിയെടുത്തു; പട്ടിക വിഭാഗത്തില്‍പ്പെട്ട വൃദ്ധദമ്പതികള്‍ക്ക് നരകയാതന

Monday 30 April 2018 2:49 am IST

ഇടുക്കി: പണത്തിന് വീടും സ്ഥലവും വിറ്റയാള്‍ പട്ടികജാതി വൃദ്ധദമ്പതികളെ കബളിപ്പിച്ച് അതേ സ്ഥലം കൈക്കലാക്കി. ഇതിനു പുറമെ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഭീഷണിയും മര്‍ദ്ദനവും. വൈദ്യുതി പോലുമില്ലാത്ത കുടിലില്‍ എന്ത് ചെയ്യണമെന്നറിയാതെ രോഗികളായ വയോധികര്‍ നരകയാതനയില്‍. 

ചേലച്ചുവട് കല്ലുകാലയില്‍ തങ്കപ്പന്‍ (85), ഭാര്യ ചിന്നമ്മ (75) എന്നിവര്‍ കൂലിപ്പണി ചെയ്ത് സ്വരൂപിച്ച പണം നല്‍കിയാണ് കഞ്ഞിക്കുഴി പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡില്‍ ഇടുക്കി-നേര്യമംഗലം റോഡരികില്‍ നാല് സെന്റ് പട്ടയ സ്ഥലവും വീടും സ്വകാര്യ വ്യക്തിയില്‍ നിന്ന് 2003ല്‍ വാങ്ങിയത്.

മൂന്നാമത്തെ മകളുടെ ഭര്‍ത്താവിന്റെ പേരിലാണ് സ്ഥലം അന്ന് 70000 രൂപയ്ക്ക് വാങ്ങിയത്. 

പണം കൈപ്പറ്റിയശേഷം സ്ഥലമുടമ ഭൂമി കൈമാറ്റ ഉടമ്പടി മുദ്രപത്രത്തില്‍ എഴുതി തയ്യാറാക്കി തങ്കപ്പനും ഭാര്യയും വീട്ടില്‍ താമസം ആരംഭിച്ചു. 

എന്നാല്‍ ഈ സ്ഥലത്തിന് ബാങ്ക് വായ്പ നിലനില്‍ക്കുന്നതിനാല്‍ സ്ഥലം ആധാരം ചെയ്തു സ്ഥലമുടമ നല്‍കിയില്ല. വായ്പ തീര്‍ത്തശേഷം സ്ഥലം ആധാരം ചെയ്തു നല്‍കാമെന്ന് ഉടമ്പടിയില്‍ രേഖപ്പെടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആധാരം ചെയ്തു നല്‍കിയില്ല. 

ജില്ലാകളക്ടര്‍, ആര്‍ഡിഒ, പട്ടികവര്‍ഗ കമ്മീഷന്‍ തുടങ്ങിയ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് തങ്കപ്പന്‍ പറഞ്ഞു. ഇതിനിടയില്‍ ഭാര്യ ചിന്നമ്മ അസുഖത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായി. വീട്ടിലെ വൈദ്യുതി കണക്ഷന്‍ സ്ഥലമുടമയുടെ നിര്‍ദേശപ്രകാരം കെഎസ്ഇബി വിച്ഛേദിച്ചു. ഇയാളുടെ ഭീഷണി ഭയന്ന് മകളും മരുമകനും തൊടുപുഴയില്‍ വാടകയ്ക്കാണ് താമസിക്കുന്നതെന്ന് തങ്കപ്പന്‍ പറഞ്ഞു. 

കഴിഞ്ഞ ഫെബ്രുവരിയില്‍ തങ്കപ്പനെ സ്ഥലമുടമ റോഡില്‍ അടിച്ചുവീഴ്ത്തി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു. സമീപത്ത് താമസിക്കുന്ന ഒരു മകളുടെ സഹായമാണ് ഇവര്‍ക്ക് ആശ്രയം. അതേ സമയം പണം കടം വാങ്ങിയതാണെന്നും ഇതിന്റെ ഉറപ്പിനായാണ് ഉടമ്പടി തയ്യാറാക്കിയതെന്നുമാണ് സ്ഥലമുടമ ബേബി കൊടിയാംകുന്നേല്‍ പറയുന്നത്. സ്ഥലം എഴുതി നല്‍കാന്‍ തയ്യാറല്ലെന്നും പണം നല്‍കാമെന്ന് അറിയിച്ചെങ്കിലും ഒഴിഞ്ഞ് പോകാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.