അഭിമാനനേട്ടത്തില്‍ ഇന്ത്യ: എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി; വാക്കുപാലിച്ച് മോദി

Monday 30 April 2018 2:55 am IST

ന്യൂദല്‍ഹി: മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലെയ്‌സാംഗ് ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ട് 5.30ന് തെളിഞ്ഞ വൈദ്യുതി വിളക്കുകള്‍ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനനേട്ടം. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിച്ച രാജ്യമായി 'മോദിയുടെ ഇന്ത്യ' ചരിത്രത്തില്‍ ഇടം നേടി. 1000 ദിവസത്തിനുള്ളില്‍ ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുമെന്ന് 2015 ആഗസ്റ്റ് 15ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പന്ത്രണ്ട് ദിവസം മുന്‍പ് വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കി മോദി വാക്ക് പാലിച്ചു. 

 ഇന്ത്യയുടെ വികസനത്തിലേക്കുള്ള യാത്രയിലെ ചരിത്ര ദിവസമായിട്ടാകും 2018 ഏപ്രില്‍ 28 അറിയപ്പെടുകയെന്നും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിയതില്‍ ആഹ്ലാദമുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. 

597,464 ഗ്രാമങ്ങളിലും ഇപ്പോള്‍ വൈദ്യുതിയുണ്ട്. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ സെന്‍സസ് പ്രകാരമുള്ള 18,452 ഗ്രാമങ്ങള്‍ ഇരുട്ടിലായിരുന്നു. 1275 ഗ്രാമങ്ങള്‍ കൂടിയുണ്ടെന്ന് പിന്നീട് കണ്ടെത്തി. വൈദ്യുതിയെത്തിക്കാന്‍ ഏറ്റവും പ്രതികൂല സാഹചര്യങ്ങളുള്ള ഗ്രാമങ്ങളായിരുന്നു ഇവ. 

സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ത് ശതമാനം വീടുകളിലും വൈദ്യുതിയെത്തിയാലാണ് ഒരു ഗ്രാമത്തില്‍ വൈദ്യുതിയെത്തിയതായി പ്രഖ്യാപിക്കുന്നത്. പുതുതായി വൈദ്യുതീകരിക്കപ്പെട്ട എട്ട് ശതമാനം ഗ്രാമങ്ങളില്‍ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഇനി കഴിയും. ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് 75,893 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 

ഇനി എല്ലാ വീടുകളിലും വൈദ്യുതി

എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കുകയാണ് ഇനി മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി  2017 സപ്തംബര്‍ 25ന് പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര്‍ ഘര്‍ യോജന (സൗഭാഗ്യ) പദ്ധതി മോദി ഉദ്ഘാടനം ചെയ്തിരുന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. നാല് കോടി വീടുകള്‍ വൈദ്യുതീകരിക്കപ്പെട്ടിട്ടില്ലെന്നാണ് കണക്ക്. 2019 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനാണ് നോഡല്‍ ഏജന്‍സി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.